ചലച്ചിത്രപ്രതിഭകള്‍ക്ക് ചാവറ ഫെസ്റിന്റെ ആദരം
Friday, August 28, 2015 1:28 AM IST
കൊച്ചി: ചലച്ചിത്രമേഖലയില്‍ മികവുറ്റ സംഭാവനകള്‍ നല്‍കിയവര്‍ക്കു ചാവറ ഫെസ്റിന്റെ ആദരം. എറണാകുളം ചാവറ കള്‍ച്ചറല്‍ സെന്ററില്‍ നടക്കുന്ന ചാവറ ഫെസ്റിന്റെ നാലാം ദിവസത്തെ അവാര്‍ഡ് നൈറ്റിലാണു പ്രതിഭകളെ ആദരിച്ചത്.

ചലച്ചിത്ര സംസ്കൃതിക്കു നല്‍കിയ സമഗ്ര സംഭാവനകളുടെ പേരില്‍ ചാവറ കള്‍ച്ചറല്‍ സെന്റര്‍ നല്‍കി വരുന്ന ഗുരുവന്ദന പുരസ്കാരം, പ്രാമാണിക ചലച്ചിത്ര ചരിത്രകാരനും വിചാരകനും ഇന്ത്യന്‍ ഫിലിം ആര്‍ക്കൈവ്സിന്റെ സ്ഥാപകനുമായ പി.കെ. നായര്‍ക്കു സമര്‍പ്പിച്ചു. 25,000 രൂപയും ഫലകവുമടങ്ങുന്ന പുരസ്കാരം സംവിധായകന്‍ കെ.ജി. ജോര്‍ജാണു സമ്മാനിച്ചത്. സിനിമയുടെ ചരിത്ര സ്മൃതികള്‍ സംരക്ഷിക്കപ്പെടണമെന്നു പി.കെ. നായര്‍ പറഞ്ഞു. കെ.ജി. ജോര്‍ജ് അവാര്‍ഡ് നൈറ്റ് ഉദ്ഘാടനം ചെയ്തു. ഓം ശാന്തി ഓശാന സിനിമയുടെ സംവിധായകന്‍ ജൂഡ് ആന്റണിയെ യുവപ്രതിഭാ പുരസ്കാരം നല്‍കി ആദരിച്ചു. ചാവറ ഷോര്‍ട്ട് ഫിലിം 2015 മത്സരത്തില്‍ തീപ്പെട്ടി മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു. രമണിയേച്ചിയുടെ നാമത്തില്‍ എന്ന ഷോര്‍ട്ട് ഫിലിം ഒരുക്കിയ ലിജു ജോസഫാണു മികച്ച സംവിധായകന്‍. ചാവറ കള്‍ച്ചറല്‍ സെന്റര്‍ ചെയര്‍മാന്‍ ഫാ. സെബാസ്റ്യന്‍ തെക്കേടത്ത് അധ്യക്ഷത വഹിച്ചു. സിഎംഐ കോട്ടയം വികാര്‍ പ്രൊവിന്‍ഷ്യല്‍ ഫാ. മാത്യു ചീരാകുഴി, മുവാറ്റുപുഴ പ്രൊവിന്‍ഷ്യല്‍ ഫാ. തോമസ് മഞ്ഞക്കുന്നേല്‍, ടി.കലാധരന്‍, അഡ്വ.ഡി.ബി.ബിനു, ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. റോബി കണ്ണന്‍ചിറ, ജോളി പവേലില്‍ എന്നിവര്‍ പ്രസംഗിച്ചു. വിശുദ്ധ ചാവറയച്ചന്‍ എഴുതിയ ഇടയനാടകം ഫാ. ഫ്രാന്‍സിസ് വള്ളപ്പുരയുടെ നേതൃത്വത്തില്‍ അവതരിപ്പിച്ചു. ഫോര്‍ട്ട്കൊച്ചിയിലെ ബോട്ടപകടത്തിന്റെ പശ്ചാത്തലത്തില്‍ മറ്റു കലാപരിപാടികള്‍ മാറ്റിവച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.