സിജോ പൈനാടത്ത്
കൊച്ചി: സഭാശുശ്രൂഷയിലും വിദ്യാഭ്യാസരംഗത്തും തിളങ്ങിയ വ്യക്തിത്വമാണ് റവ.ഡോ. ആന്റണി കരിയില്‍. പൌരോഹിത്യ ജീവിതവും പുതിയ ഇടയദൌത്യത്തിലേക്കുള്ള പ്രവേശവും അതുകൊണ്ടുതന്നെ അര്‍ഥപൂര്‍ണമാണ്. പ്രാര്‍ഥനയില്‍ ജീവിതം അര്‍പ്പിച്ച് അതില്‍നിന്നു കരുത്തു സ്വന്തമാക്കിയ വിശുദ്ധ ചാവറയച്ചനും വിശുദ്ധ എവുപ്രാസ്യമ്മയും എന്നും തനിക്കു വലിയ പ്രചോദനമാണെന്നു മാണ്ഡ്യ രൂപതയുടെ നിയുക്ത മെത്രാന് റവ.ഡോ.കരിയില്‍ ദീപികയോടു പറഞ്ഞു.
എല്ലാം നന്മയ്ക്കായി ക്രമീകരിക്കുന്ന ദൈവത്തിനു നന്ദിയര്‍പ്പിക്കുന്നു. പുതിയ ദൌത്യത്തില്‍ ഭാരതസഭയുടെ മുഴുവന്‍ സഹകരണവും പ്രാര്‍ഥനയും ആവശ്യമുണ്ട്. താന്‍ എന്തായിരിക്കുന്നുവോ അതു സിഎംഐ സഭ വഴിയാണ്. സഭയാണ് തന്നെ വളര്‍ത്തിയത്. മാണ്ഡ്യ രൂപതയുടെ വളര്‍ച്ചയില്‍ ബിഷപ് മാര്‍ ഞരളക്കാട്ടിന്റെ കഠിനാധ്വാനമുണ്ട്- നിയുക്തമെത്രാന് പറഞ്ഞു.
ബാംഗളൂരിലേക്കു കൂടി മാണ്ഡ്യ രൂപത വിപുലപ്പെടുന്നതു സഭയ്ക്കു മുഴുവന്‍ അഭിമാനകരമാണ്. അവിടുത്തെ അജപാലന ശുശ്രൂഷ കൂടുതല്‍ ശക്തമാക്കാന്‍ ഇതിലൂടെ സാധിക്കുമെന്നാണു പ്രതീക്ഷ. 1975 മുതല്‍ 1978 വരെയുള്ള ദൈവശാസ്ത്ര പഠനകാലയളവിലും 1979-1997ലെ ക്രൈസ്റ് കോളജിലെ അധ്യാപന കാലഘട്ടവും ചെലവഴിച്ച ബാംഗളൂരില്‍ എല്ലാവരുടെയും സഹകരണത്തോടെ പുതിയ നിയോഗം ഫലപ്രദമായി വിനിയോഗിക്കാനാവുമെന്നാണു പ്രതീക്ഷ. മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയും എറണാകുളം- അങ്കമാലി അതിരൂപതയിലെ മെത്രാന്മാരും വൈദികരും തനിക്കു വലിയ പ്രോത്സാഹനമാണു നല്‍കിയിട്ടുള്ളതെന്നും നിയുക്തമെത്രാന് പറഞ്ഞു.
പരേതരായ കരിയില്‍ ജോസഫിന്റെയും കൊച്ചുത്രേസ്യയുടെയും രണ്ടാമത്തെ മകനാണ്. ജോണ്‍, മേരിക്കുട്ടി, റോസക്കുട്ടി, തോമസ്, ആലീസ്, ജോസ് എന്നിവരാണു സഹോദരങ്ങള്‍.
കോക്കമംഗലം വെള്ളിയാകുളം യുപിഎസ്, ചേര്‍ത്തല ഗവ.എച്ച്എസ് എന്നിവിടങ്ങളിലായിരുന്നു റവ.ഡോ. കരിയിലിന്റെ സ്കൂള്‍ വിദ്യാഭ്യാസം. മലയാളം അധ്യാപകനായ പിതാവ് ജോസഫ് പത്താം ക്ളാസില്‍ പഠിപ്പിച്ചിട്ടുണ്ട്. സിഎംഐ സഭയുടെ കളമശേരിയിലുള്ള മൈനര്‍ സെമിനാരിയില്‍ വൈദിക പഠനം ആരംഭിച്ചു. പൂന ജ്ഞാനദീപ വിദ്യാപീഠത്തില്‍നിന്നു ഫിലോസഫിയില്‍ ലൈസന്‍ഷ്യേറ്റ്, പൂന സര്‍വകലാശാലയില്‍നിന്നു സോഷ്യോളജിയില്‍ എംഎ, ബാംഗളൂര്‍ ധര്‍മാരാമില്‍നിന്നു ദൈവശാസ്ത്രത്തില്‍ ബിരുദം, ബാംഗളൂര്‍ യൂണിവേഴ്സിറ്റിയില്‍നിന്നു കന്നഡയില്‍ ഡിപ്ളോമ, പൂന യൂണിവേഴ്സിറ്റില്‍നിന്നു സോഷ്യോളജിയില്‍ ഡോക്ടറേറ്റ് എന്നിവ നേടി.
രാജഗിരി എന്‍ജിനിയറിംഗ് കോളജ്, കോളജ് ഓഫ് സോഷ്യല്‍ സയന്‍സസ്, ബിസിനസ് സ്കൂള്‍ എന്നിവയുടെ ഡയറക്ടര്‍, കേരള ടെക്നിക്കല്‍ യൂണിവേഴ്സിറ്റി ബോര്‍ഡ് മെംബര്‍, കേരള കാത്തലിക് എന്‍ജിനിയറിംഗ് കോളജ് മാനേജ്മെന്റ്സ് അസോസിയേഷന് സെക്രട്ടറി, ബാംഗളൂര്‍ ഫംഗ്ഷണല്‍ വൊക്കേഷണല്‍ ട്രെയ്നിംഗ് ആന്‍ഡ് റിസര്‍ച്ച് സൊസൈറ്റി പ്രസിഡന്റ്, സിഎംഐ സഭയുടെ കളമശേരി എസ്എച്ച് വികാര്‍ പ്രൊവിന്‍ഷ്യല്‍, പ്രൊവിന്‍ഷ്യാള്‍, സിഎംഐ പ്രിയോര്‍ ജനറാള്‍, സിആര്‍ഐ പ്രസിഡന്റ്, വോളണ്ടറി കോ-ഓര്‍ഡിനേറ്റിംഗ് ഏജന്‍സി ഫോര്‍ അഡോപ്ഷന്‍ ചെയര്മാന്, എംജി സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗം, കാലിക്കറ്റ് സര്‍വകലാശാലയിലും ബാംഗളൂര്‍ സര്‍വകലാശാലയിലും ബോര്‍ഡ് ഓഫ് സ്റഡീസ് മെംബര്‍, കൊച്ചിന് യൂണിവേഴ്സിറ്റി സെനറ്റ് മെംബര്‍, കളമശേരി രാജഗിരി, ബാംഗളൂര്‍ ക്രൈസ്റ് കോളജുകളുടെ പ്രിന്‍സിപ്പല്‍, ബാംഗളൂര്‍ യൂണിവേഴ്സിറ്റി അക്കാഡമിക് കൌണ്‍സില്‍ മെംബര്‍, ക്രൈസ്റ് കോളജ് സോഷ്യോളജി വകുപ്പുമേധാവി, ബാംഗളൂര്‍ കാത്തലിക് മലയാളി കമ്യൂണിറ്റി ചാപ്ളയിന്‍, തേവര എസ്എച്ച് കോളജ് സോഷ്യോളജി അധ്യാപകന് എന്നീ നിലകളില്‍ സേവനം ചെയ്തിട്ടുണ്ട്. ചര്‍ച്ച് ആന്‍ഡ് സൊസൈറ്റി ഇന്‍ കേരള എ സോഷ്യോളജിക്കല്‍ സ്റഡി ഉള്‍പ്പടെ മൂന്നു ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിദ്യാഭ്യാസ, നേതൃത്വ മേഖലകളില്‍ അടയാളപ്പെടുത്തിയ മികവിന്റെ കൈയൊപ്പുകള്‍, ഇടയനിയോഗത്തില് റവ.ഡോ.കരിയിലിനു മാര്‍ഗദീപമാകും.
കോക്കമംഗലത്തു സന്തോഷത്തിരയിളക്കം
ചേര്‍ത്തല: കരിയിലച്ചന് മെത്രാനായതിന്റെ സന്തോഷത്തിലാണു ചേര്‍ത്തല കോക്കമംഗലത്തെ കരിയില്‍ കുടുംബവും നാട്ടുകാരും. റവ.ഡോ. ആന്റണി കരിയിലിന്റെ ഇളയ സഹോദരന് ജോസാണു തറവാട്ടില്‍ താമസിക്കുന്നത്.
ചേര്‍ത്തല ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ മലയാളം അധ്യാപകന് ശാസ്ത്രി സാറെന്നറിയപ്പെടുന്ന പരേതനായ പി. ജോസഫിന്റെയും ത്രേസ്യാമ്മയുടെയും ഏഴു മക്കളില്‍ രണ്ടാമത്തയാളാണു നിയുക്ത മെത്രാന്. കറുകുറ്റി എസ്സിഎംഎസ് കോളജ് വൈസ് പ്രിന്‍സിപ്പല്‍ ജോണ്‍, മേരിക്കുട്ടി, റോസക്കുട്ടി (റിട്ട.അധ്യാപിക), തോമസ്, ജോസ് എന്നിവരാണു സഹോദരങ്ങള്‍. സ്കൂള്‍ വിദ്യാഭ്യാസം പള്ളിപ്പുറം, വെളിയാകുളം സ്കൂളുകളിലായിരുന്നു.
കറുകുറ്റിയിലെ സെമിനാരായിലായിരുന്നു വൈദിക പഠനം. 2002-ല്‍ ചാലില്‍ തിരുഹൃദയ പള്ളിയില്‍ പൌരോഹിത്യരജത ജൂബിലി ആഘോഷിച്ചിരുന്നു.
മാണ്ഡ്യയ്ക്ക് ആഹ്ളാദം
കൊച്ചി: രൂപതയുടെ അതിര്‍ത്തി വിപുലമാകുന്നതിനൊപ്പം പുതിയ മെത്രാനും. കര്‍ണാടകയിലെ മാണ്ഡ്യ രൂപത തികഞ്ഞ ആഹ്ളാദത്തിലാണ്. മാനന്തവാടി രൂപതാധ്യക്ഷനായിരുന്ന മാര്‍ ജേക്കബ് തൂങ്കുഴിയുടെ ക്ഷണപ്രകാരം മിഷനറി സൊസൈറ്റി ഓഫ് സെന്റ് തോമസ് (എംഎസ്ടി) വൈദികരുടെ നേതൃത്വത്തില്‍ 1978ലാണ് മാണ്ഡ്യയില്‍ പ്രേഷിതപ്രവര്‍ത്തനം തുടങ്ങിയത്.
ഇപ്പോള്‍ ഇവരെക്കൂടാതെ രൂപത വൈദികരും മാനന്തവാടി രൂപതയില്‍നിന്നുള്ള സിഎംഐ, എംസിബിഎസ്, വിന്‍സെന്‍ഷ്യന്‍, നോര്‍ബര്‍ട്ടൈന്‍ എന്നീ സന്യാസസമൂഹങ്ങളിലെ നിരവധി വൈദികരും ഇവിടെ സേവനമനുഷ്ഠിക്കുന്നുണ്ട്. ഇരുപതു വൈദികവിദ്യാര്‍ഥികള്‍ വിവിധ സെമിനാരികളില്‍ പരിശീലനം നേടുന്നു.
ഏഴ് ഇടവകകളിലും 13 മിഷന് കേന്ദ്രങ്ങളിലുമായി വിവിധ സന്യാസിനീസമൂഹങ്ങളില്നിന്നുള്ള സന്യസ്തരും പ്രേഷിത ശുശ്രൂഷ നിര്‍വഹിച്ചുവരുന്നു.
സാമൂഹ്യസേവനരംഗത്തും ജീവകാരുണ്യ മേഖലയിലും വിദ്യാഭ്യാസ ആതുരശുശ്രൂഷാ രംഗത്തും രൂപത ചുരുങ്ങി കാലംകൊണ്ടു വലിയ നേട്ടങ്ങള്‍ കൈവ രിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.