അപകടത്തില്‍പ്പെട്ടയാളെ രക്ഷിക്കാന്‍ ശ്രമിച്ച മൂന്നുപേരടക്കം നാലുപേര്‍ ലോറിയിടിച്ചു മരിച്ചു
അപകടത്തില്‍പ്പെട്ടയാളെ രക്ഷിക്കാന്‍ ശ്രമിച്ച മൂന്നുപേരടക്കം നാലുപേര്‍ ലോറിയിടിച്ചു മരിച്ചു
Thursday, August 27, 2015 12:34 AM IST
പാലക്കാട്: ദേശീയപാതയില്‍ അപകടത്തില്‍പെട്ടയാളെ രക്ഷിക്കാന്‍ ശ്രമിച്ച മൂന്നുപേരും അപകടത്തില്‍പെട്ടയാളും ലോറിയിടിച്ചു മരിച്ചു. ഇന്നലെ പുലര്‍ച്ചെ 12.15 നാണ് അപകടം. എലപ്പുള്ളി എടുപ്പുകുളം താഴെപോക്കാംതോട് സ്വാമിനാഥന്റെ മകന്‍ പ്രഭാകരന്‍(44), മലപ്പുറം ജില്ലയിലെ മഞ്ചേരി തൃപ്പനച്ചി ആലിക്കാപറമ്പ് പരേതനായ ബാലകൃഷ്ണന്‍നായരുടെ മകന്‍ രാജേഷ് (37), കോട്ടക്കല്‍ കാവതിക്കളം അത്താണിക്കല്‍ കാടക്കോട്ടില്‍ വീട്ടില്‍ ഗംഗാധരന്റെ മകന്‍ രമേഷ് (37), കാടാമ്പുഴ പിലാത്തറ കാവുങ്ങല്‍ സത്യനാഥന്‍നായരുടെ മകന്‍ ശശിപ്രസാദ് (40) എന്നിവരാണു മരിച്ചത്. കഞ്ചിക്കോട് കൊയ്യാമരക്കാടിനു സമീപമാണ് അപകടം. നാലുപേരും സംഭവസ്ഥലത്തുതന്നെ മരിച്ചു.

കഞ്ചിക്കോട് ആര്യവൈദ്യ ഫാര്‍മസിയിലെ ജീവനക്കാരനായ പ്രഭാകരന്‍ ഡ്യൂട്ടി കഴിഞ്ഞു ബൈക്കില്‍ മടങ്ങുന്നതിനിടെ നായ കുറുകെ ചാടി ബൈക്ക് മറിഞ്ഞു. ഈ സമയം കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയുടെ കഞ്ചിക്കോട് ഫാക്ടറിയിലെ ജീവനക്കാരായ രാജേഷും രമേഷും ശിവപ്രസാദും സമീപത്തെ ഹോട്ടലില്‍ ചായ കുടിക്കുകയായിരുന്നു. ബൈക്ക് റോഡില്‍ മറിയുന്നതു കണ്ടയുടന്‍ ഇവര്‍ ഓടിയെത്തി പ്രഭാകരനെ പിടിച്ച് എഴുന്നേല്‍ക്കാന്‍ സഹായിച്ചു. ഈ സമയം അമിതവേഗത്തിലെത്തിയ ലോറി നാലുപേരെയും ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ലോറി ഇരുനൂറു മീറ്ററോളം മുന്നോട്ടുപോയാണു നിന്നതെന്നു ദൃക്സാക്ഷികള്‍ പറഞ്ഞു. പാലക്കാടുനിന്നു കഞ്ചിക്കോട് ഭാഗത്തേക്കു പോവുകയായിരുന്നു ലോറി.

സംഭവസ്ഥലത്തുനിന്നു രക്ഷപ്പെട്ട ലോറി ഡ്രൈവര്‍ കല്ലടിക്കോട് സ്വദേശി സനോജിനെ വാളയാര്‍ പോലീസ് കസ്റഡിയില്‍ എടുത്തു. മദ്യപിച്ചതായി വ്യക്തമായതിനെതുടര്‍ന്നു ജില്ലാ ആശുപത്രിയില്‍ ഇയാളുടെ രക്തം, മൂത്രം എന്നിവയുടെ സാമ്പിളെടുത്ത് വിദഗ്ധ പരിശോധനയ്ക്കയച്ചു.

പ്രഭാകരന്റെ ഭാര്യ: രജനികുമാരി. മകന്‍: പ്രഭാഷ്. ശശിപ്രസാദിന്റെ ഭാര്യ: രമ്യ. മക്കള്‍: അര്‍ജുന്‍, അനിരുദ്ധ്. രാജേഷിന്റെ ഭാര്യ: അശ്വതി. മകന്‍: ദേവസൂര്യ. രമേഷിന്റെ ഭാര്യ: ബിന്ദു. മക്കള്‍: മിഥുന, റോഷിത്.


ലോക ശ്വാനദിനത്തില്‍ വില്ലനായി തെരുവുനായ

പാലക്കാട്: ഓഗസ്റ് 26 ലോക ശ്വാനദിനമെന്നത് അധികമാര്‍ക്കും അറിവുള്ള കാര്യമല്ല. എങ്കില്‍ ഇനി പാലക്കാട്ടുകാര്‍ അതു മറക്കാനിടയില്ല. ലോക ശ്വാനദിനത്തില്‍ ലോകത്തിലെ എല്ലാ ശ്വാനന്മാരും ഹീറോ പരിവേഷത്തില്‍ നില്ക്കുമ്പോള്‍ ഇന്നലെ വില്ലനാകാനുള്ള നിയോഗമായിരുന്നു അപകടത്തിനിടയാക്കിയ തെരുവുനായയ്ക്ക്. തെരുവുകളിലെ അലഞ്ഞുതിരിയുന്ന നായകളെ കണ്െട ത്താനും അപകടകാരികളെ കൊന്നൊടുക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

ജില്ലാ ഭരണകൂടങ്ങള്‍ ഈ ഉത്തരവു കൈപ്പറ്റി ജില്ലാ വികസനസമിതികള്‍ വഴി എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളെ അറിയിച്ചിട്ടുള്ളതുമാണ്. പക്ഷേ, നാമമാത്രമായ തുടര്‍പ്രവൃത്തികള്‍ മാത്രമാണു പലേടത്തും നടന്നിട്ടുള്ളത്.

പാലക്കാട് ജില്ലയുടെ പലഭാഗത്തുനിന്നു ദിനംപ്രതി തെരുവുനായ്ക്കളുടെ വിളയാട്ടത്തെക്കുറിച്ചും അതുണ്ടാക്കുന്ന അപകടങ്ങളെക്കുറിച്ചും വാര്‍ത്തകള്‍ പതിവായിട്ടുണ്ട്. ഇറച്ചിമാലിന്യ നിക്ഷേപമാണു പലേടത്തും തെരുവുനായകള്‍ പ്രധാന നിരത്തുകളിലേക്ക് ഇറങ്ങുന്നതിനു കാരണമായി ചൂണ്ടിക്കാട്ടുന്നത്. അപകടത്തില്‍പെടുന്നതില്‍ ഇരുചക്ര വാഹനക്കാരാണ് ഏറെയും. എല്ലാ ആശുപത്രിയിലും ചുരുങ്ങിയതു മൂന്നു കേസുകളെങ്കിലും ഇത്തരത്തില്‍ എത്താറുണ്ട്. ജില്ലാ ആശുപത്രികളിലെ കാര്യം പറയുകയും വേണ്ട.

തദ്ദേശസ്ഥാപനങ്ങള്‍ നേരിട്ടിറങ്ങിയാല്‍ മാത്രമേ തെരുവുനായ പ്രശ്നം പരിഹരിക്കാനാകൂ. കൊയ്യാമരക്കാട്ടില്‍ ഇന്നലെയുണ്ടായ അപകടത്തിന്റെ തുടക്കം തീര്‍ച്ചയായും നായയുടെ ബൈക്കിനു കുറുകെച്ചാടല്‍ തന്നെയായിരുന്നു.

എന്തുതന്നെയായാലും ഇന്നലെ മൃഗസംരക്ഷണ വകുപ്പിന്റെ സംസ്ഥാനത്തെ എല്ലാ കേന്ദ്രങ്ങളിലും ശ്വാനദിനം ആഘോഷിച്ചിരുന്നു. നായകള്‍ക്കു സൌജന്യ ആരോഗ്യപരിരക്ഷയും പേവിഷബാധ പ്രതിരോധ കുത്തിവയ്പും വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റും നല്കിയായിരുന്നു പലയിടത്തും ശ്വാനദിനാചരണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.