കണ്ണീര്‍ക്കായല്‍
കണ്ണീര്‍ക്കായല്‍
Thursday, August 27, 2015 12:34 AM IST
കൊച്ചി: ഫോര്‍ട്ട്കൊച്ചിയിലും വൈപ്പിനിലും ആശങ്കയുടെ മണിക്കൂറുകളായിരുന്നു ഇന്നലെ. ഫോര്‍ട്ട്കൊച്ചിയില്‍ യാത്രാബോട്ട് അപകടത്തില്‍ പെട്ടെന്ന വാര്‍ത്ത വന്നപ്പോള്‍ മുതല്‍ അപകടത്തിനിരയായവരുടെ വിവരം തേടി പലരും പരക്കംപാഞ്ഞു. ബോട്ടില്‍ സഞ്ചരിച്ച യാത്രക്കാരുടെ എണ്ണത്തിന്റെ കാര്യത്തില്‍ കൃത്യത ഇല്ലാത്തതാണ് ആശങ്ക കൂടാന്‍ കാരണം. വൈപ്പിനില്‍നിന്ന് 1.15ഓടെയാണ് അപകടത്തില്‍പ്പെട്ട എംബി ഭാരത് ബോട്ട് യാത്ര പുറപ്പെട്ടത്. 23 പേര്‍ക്കാണു വൈപ്പിനില്‍നിന്നു ടിക്കറ്റ് നല്‍കിയത്. ഇതു കൂടാതെ കുട്ടികളും അഞ്ചു ബോട്ട് ജീവനക്കാരും ഉണ്ടായിരുന്നു. മൂന്നു വയസില്‍ താഴെയുള്ള കുട്ടികള്‍ക്കു ടിക്കറ്റെടുക്കേണ്ടതില്ലാത്തതിനാല്‍ ബോട്ടില്‍ സഞ്ചരിച്ച കുട്ടികളുടെ എണ്ണം ലഭ്യമായിരുന്നില്ല. ടിക്കറ്റെടുക്കാതെ ആരെങ്കിലും കയറിയിരുന്നോ എന്ന കാര്യ വും വ്യക്തമായിരുന്നില്ല.

അപകടം നടന്നത് ആഴമേറിയ കപ്പല്‍ പാതയിലായതിനാല്‍ ആരെങ്കിലും ഒഴുക്കില്‍പെട്ടിട്ടുണ്ടാകാമെന്നും അഭ്യൂഹങ്ങള്‍ പരന്നു. അപകട വിവരമറിഞ്ഞയുടനെ വൈപ്പിനിലേക്കും ഫോര്‍ട്ട്കൊച്ചിയിലേക്കും ജനങ്ങള്‍ കുതിച്ചെത്തി.

ഇരു കരകളിലും ആകാംക്ഷയോടെ നിന്നിരുന്നവര്‍ ഉറ്റവരോ സുഹൃത്തുക്കളോ പരിചയക്കാ രോ ഉണ്േടായെന്ന ആകാംക്ഷയിലും ഭീതിയിലുമായിരുന്നു. ര ണ്ടു കരകളിലും ജനം തിങ്ങിക്കൂടിയതിനാല്‍ പ്രധാന പാതകളില്‍ റോഡ് ഗതാഗതം ഏറെ നേരം തടസപ്പെട്ടു. അപകടത്തിനു ശേഷം ഫോര്‍ട്ട്കൊച്ചി- വൈപ്പിന്‍, ഫോര്‍ട്ട് കൊച്ചി- എറണാകുളം റൂട്ടുകളിലെ ബോട്ടുകളും ജങ്കാറും സര്‍വീസുകളും നിര്‍ത്തിവച്ചു.

മഹത്വരാജനിലെ തൊഴിലാളികള്‍ രക്ഷിച്ചത് 15 പേരെ

കൊച്ചി: ഫോര്‍ട്ട്കൊച്ചി ബോട്ട് ദുരന്തത്തില്‍ ഏറ്റവും കൂടുതല്‍ പേരെ രക്ഷിച്ചതു മഹത്വരാജന്‍ എന്ന മത്സ്യബന്ധന ബോട്ടിലെ തൊഴിലാളികള്‍. സ്ത്രീകളും കുട്ടികളുമടക്കം 15 പേരെയാണു മഹത്വരാജനിലെ തൊഴിലാളികളായ വൈപ്പിന്‍ നായരമ്പലം സ്വദേശികളായ ലാലന്‍, ദീപു, അജി, പീറ്റര്‍ എന്നിവര്‍ ചേര്‍ന്നു രക്ഷിച്ചത്. ബോട്ടിന്റെ പ്രൊപ്പല്ലര്‍ കേടായതിനാല്‍ മത്സ്യബന്ധനം നിര്‍ത്തി ഫോര്‍ട്ടുകൊച്ചിയിലേക്കു മടങ്ങിയെത്തിയതായിരുന്നു ഇവര്‍.

ഡീസല്‍ അടിച്ചതിനുശേഷം അപകടമുണ്ടാക്കിയ വള്ളം നേരെ പാ ഞ്ഞു ചെന്നു യാത്രാ ബോട്ടിലിടിക്കുന്നതും ഇവര്‍ കണ്ടു. ബോട്ട് മുങ്ങുന്നതു കണ്ട ഉടനെ നാലു പേരും വെള്ളത്തില്‍ ചാടി. വള്ളത്തിലുണ്ടായിരുന്ന ചെറുവഞ്ചി അപകടം നടന്ന സ്ഥലത്തേക്കു കൊണ്ടുവരികയും ചെയ്തു.

പിന്നീടു മുങ്ങിത്താഴാന്‍ തുടങ്ങിയ ഓരോരുത്തരെയായി ഇവര്‍ രക്ഷിച്ചു. ചിലരെ ചെറുവഞ്ചിയിലേക്കും മറ്റു ചിലരെ കരയിലേക്കും കൊണ്ടുവന്നു. കരയില്‍ ഓടിക്കൂടിയവര്‍ രക്ഷപ്പെട്ടവരെ എത്രയും പെട്ടെന്ന് ആശുപത്രിയിലെത്തിക്കാനും ക്രമീകരണം ചെ യ്തു.

സുഹൃത്ത് വിളിച്ചു; രാജേഷ് രക്ഷപ്പെട്ടു

കൊച്ചി: ഇന്നലെ ഫോര്‍ട്ട്കൊച്ചിയിലുണ്ടായ ബോട്ട് ദുരന്തത്തില്‍നിന്നു രാജേഷിനെ രക്ഷിച്ചതു സുഹൃത്ത്. വൈപ്പിന്‍ ഞാറക്കല്‍ സ്വദേശിയായ രാജേഷ് ഇന്നലെ അപകടം നടന്ന ബോട്ടില്‍ കയറേണ്ടതായിരുന്നു.

എന്നാല്‍, സുഹൃത്ത് ജോണ്‍ വിളിച്ചു നിര്‍ത്തി സംസാരിച്ചതിനാല്‍ ബോട്ടില്‍ കയറാന്‍ കഴിഞ്ഞില്ല. പിന്നാലെയെത്തിയ ജങ്കാറിലാണു രാജേഷ് ഫോര്‍ട്ട്കൊച്ചിയിലെത്തിയത്. വലിയ നിലവിളി കേട്ടാണു പിന്നീടു ബോട്ടടുക്കുന്ന കടവിലേക്ക് ഓടിച്ചെന്നത്. കൈകളുയര്‍ത്തി നിലവിളിക്കുന്ന നിരവധി പേരെയാണ് അപ്പോള്‍ കണ്ടത്. പുരുഷന്മാരില്‍ ചിലര്‍ നീന്തി രക്ഷപ്പെടാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. സ്ത്രീകളും കുട്ടികളും വെള്ളത്തിനു മുകളില്‍ ഉയരുകയും താഴുകയും ഒഴുക്കില്‍ നീന്തിപ്പോകുകയും ചെയ്യുന്ന ഭീകരദൃശ്യം നേരില്‍ കണ്ടതിന്റെ ഞെട്ടലില്‍നിന്നു രാജേഷ് മുക്തനായിട്ടില്ല. നീന്തല്‍ അറിയാത്ത താനും ഒരു പക്ഷേ, ദുരന്തത്തിന് ഇരയാകുമായിരുന്നുവെന്നു രാജേഷ് ഭീതിയോടെ പറയുന്നു.

തൊട്ടടുത്തുണ്ടായിരുന്ന ഒരു മത്സ്യബന്ധന വള്ളത്തിലെ ജീവനക്കാരും രണ്ടു വിദേശികളുമാണു രക്ഷാപ്രവര്‍ത്തന ത്തിനു മുന്നിട്ടിറങ്ങിയതെന്നു രാജേഷ് പറയുന്നു. മുങ്ങിത്താഴുകയായിരുന്ന ഒരു കുഞ്ഞിനെ വിദേശിയാണു രക്ഷിച്ചത്.

കായലില്‍നിന്നു രക്ഷപ്പെടുത്തിയവരെ ഓട്ടോറിക്ഷക്കാര്‍ തങ്ങളുടെ ഓട്ടോറിക്ഷകളില്‍ കയറ്റി ആശുപത്രികളിലേക്കു കൊണ്ടു പോയി. ദുരന്തം നടന്ന് ഇരുപതു മിനിറ്റിനകം പോലീസുമെത്തി രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കി.

ബോട്ട് പഴക്കംചെന്നതെന്ന്; രോഷാകുലരായി നാട്ടുകാര്‍

കൊച്ചി: ഇന്നലെ വള്ളമിടിച്ചു മുങ്ങിയ എംബി ഭാരത് എന്ന യാത്രാബോട്ട് 35 മുതല്‍ 50 വര്‍ഷം വരെയെങ്കിലും പഴക്കമുള്ളതാണെന്ന് ആരോപണം. കൊച്ചി കോര്‍പറേഷന്‍ കരാര്‍ നല്‍കിയിരിക്കുന്നയാളാണു രണ്ടു ബോട്ടുകള്‍ ഫോര്‍ട്ട്കൊച്ചി- വൈപ്പിന്‍ റൂട്ടില്‍ ഓടിക്കുന്നത്. ഇതില്‍ ഒരു ബോട്ട് തകരാറിലായതിനെത്തുടര്‍ന്ന് സര്‍വീസ് നടത്തുന്നില്ല. കോര്‍പറേഷന്‍ വളരെ നാള്‍ മുമ്പുതന്നെ യാത്രാബോട്ടുകളും ജങ്കാറുകളും ഈ റൂട്ടില്‍ കരാര്‍ നല്‍കിയിരിക്കുകയാണ്.

ദുരന്തത്തില്‍പെട്ട ബോട്ട് പല തവണ അപകടത്തിന്റെ വക്കിലെത്തിയിട്ടുണ്െടന്നാണു നാട്ടുകാരുടെ ആരോപണം. പല ത വണ എന്‍ജിന്‍ തകരാറായി നിയന്ത്രണം വിട്ട് തൊട്ടടുത്തുള്ള കപ്പല്‍ചാലിനു സമീപമെത്തിയിട്ടുണ്ട്. മറ്റു സ്വകാര്യ- ടൂറിസ്റ് യാത്രാബോട്ടുകളും നേവിയുടെ ബോട്ടുകളും മറ്റും സമീപത്തു കൂടി പോകുമ്പോള്‍ ഈ ബോട്ട് ആടിയുലയുകയും ബോട്ടിലേക്കു വെള്ളം കയറുകയും ചെയ്യാറുണ്ടായിരുന്നെന്നും നാട്ടുകാര്‍ പറയുന്നു.

ബോട്ടിന്റെ പഴക്കം ചൂണ്ടിക്കാട്ടി പല തവണ കോര്‍പറേഷനു പരാതി നല്‍കിയിട്ടുണ്െടങ്കിലും ഒരു നടപടിയും ഉണ്ടായിട്ടില്ല.

അതേസമയം, യാത്രാബോട്ടുകള്‍ കൃത്യസമയത്തു പരിശോധന നടത്തുകയും ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നേടുകയും ചെയ്തിട്ടുള്ളതാണെന്നു കോര്‍പറേഷന്‍ സ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.ജെ. സോഹന്‍ പറഞ്ഞു.

ബോട്ടിന്റെ പഴക്കമല്ല, അശ്രദ്ധമായി ബോട്ട് ഓടിച്ചതാണ് അപകട കാരണം.കരാറുകാരന്റെ ഭാഗത്തു വീഴ്ചയുണ്ടായിട്ടുണ്േടായെന്നു പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അമിതവേഗത്തെക്കുറിച്ച് നേരത്തേയും പരാതി

കൊച്ചി: യാത്രാബോട്ടുകളുടെ ചാലില്‍കൂടിയുള്ള മത്സ്യബന്ധന യാനങ്ങളുടെ അമിത വേഗത്തെക്കുറിച്ചു നേരത്തേ മുതല്‍ത്തന്നെ പരാതി ഉണ്ടായിരുന്നു.

ജലപാതയില്‍ യാത്രാബോട്ടുകള്‍ക്കു പ്രഥമ പരിഗണന നല്‍കണമെന്നു നിയമമിരിക്കെയാണു യാത്രാബോട്ടുകളുടെ സമീപത്തുകൂടി മത്സ്യബന്ധന യാനങ്ങള്‍ ചീറി പായുന്നത്. ഇതുണ്ടാക്കുന്ന ഓളങ്ങളില്‍പ്പെട്ടു യാത്രക്കാരെയും തിക്കിനിറച്ചുവരുന്ന യാത്രാബോട്ടുകള്‍ ആടിയുലയാറാണു പതിവ്. വന്‍ അപകടങ്ങളില്‍നിന്നു തലനാരിഴയ്ക്കാണു പലപ്പോഴും യാത്രക്കാര്‍ രക്ഷപ്പെടുന്നത്.

അടിയൊഴുക്കുള്ള അഴിമുഖത്തിനടുത്ത് എല്ലാ യാനങ്ങളും വേഗംകുറച്ചു പോകണമെന്ന നിര്‍ദേശമാണ് ലംഘിക്കപ്പെട്ടത്. ബോട്ട് കാലപ്പഴക്കം ചെന്നതാണെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. യാനങ്ങള്‍ക്കു ലൈസന്‍സ് നല്‍കുന്നതു കൊച്ചിന്‍ പോര്‍ട്ട് ആണ്.

സമഗ്രാന്വേഷണം നടത്തും: മുഖ്യമന്ത്രി

കൊച്ചി: ഫോര്‍ട്ട്കൊച്ചിയിലുണ്ടായ ബോട്ട് ദുരന്തം സംബന്ധിച്ചു സമഗ്ര അന്വേഷണം നടത്തുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മരിച്ചവരുടെ ആശ്രിതര്‍ക്കുള്ള ധനസഹായം ഉടന്‍ വിതരണം ചെയ്യും. പരിക്കേറ്റവരുടെ ചികിത്സ പൂര്‍ണമായും സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും പറഞ്ഞു. മരിച്ചവരുടെ മൃതദേഹങ്ങള്‍ സൂക്ഷിച്ച ജനറല്‍ ആശുപത്രിയിലെത്തിയ മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു.

മൃതദേഹങ്ങള്‍ രാത്രി തന്നെ പോസ്റ്മോര്‍ട്ടം നടത്തി വിട്ടുകൊടുത്തു. ഏഴരയ്ക്കു മുഖ്യമന്ത്രി എത്തുമ്പോഴേക്കും പോസ്റ്മോര്‍ട്ടവും അനന്തര നടപടികളും പൂര്‍ത്തിയാക്കിയിരുന്നു. ബോട്ടിന്റെ കാലപ്പഴക്കമാണ് അപകടത്തിനു കാരണമെന്ന ആരോ പണം അന്വേഷിക്കുമെന്നും ഇതിനു ശേഷം ഉചിതമായ തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, വി.കെ. ഇബ്രാഹിംകുഞ്ഞ്, എംഎല്‍എമാരായ ഡൊമിനിക് പ്രസന്റേഷന്‍, ഹൈബി ഈഡന്‍, ബെന്നി ബഹനാന്‍, ലൂഡീ ലൂയീസ്, എസ്.ശര്‍മ, വി.എസ്. സുനില്‍കുമാര്‍ എന്നിവര്‍ ആശുപത്രികളിലെത്തി പരിക്കേറ്റവരെ സന്ദര്‍ ശിച്ചു.

പോര്‍ട്ട് ട്രസ്റ് അന്വേഷിക്കും

കൊച്ചി: ഫോര്‍ട്ട്കൊച്ചി ബോട്ടപകടം സര്‍ക്കാരും വിവിധ ഏജന്‍സികളും അന്വേഷിക്കും. അപകടത്തെക്കുറിച്ചു സമഗ്ര അന്വേഷണം നടത്തുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇന്നലെ വ്യക്തമാക്കിയിരുന്നു. കൊച്ചി പോര്‍ട്ട് ട്രസ്റും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഇതേക്കുറിച്ച് അന്വേഷിച്ചു റിപ്പോര്‍ട്ട് നല്‍കുന്നതിനു കൊച്ചിന്‍ പോര്‍ട്ട് ഡെപ്യൂട്ടി കണ്‍സര്‍വേറ്റര്‍ക്കാണു പോര്‍ട്ട് ട്രസ്റ്ചെയര്‍മാന്‍ പോള്‍ ആന്റണി നിര്‍ദേശം നല്‍കിയിരിക്കുന്നത്.

രക്ഷാപ്രവര്‍ത്തനത്തിനു വിദേശികളും

കൊച്ചി: ഫോര്‍ട്ട്കൊച്ചി ബോട്ട് ദുരന്തത്തില്‍ രക്ഷാദൌത്യത്തിന് ഇറങ്ങിയവരില്‍ രണ്ടു വിദേശികളും. ഒരു വനിതയും പുരുഷനുമാണു നിരവധി പേരെ മരണത്തില്‍നിന്നു രക്ഷിച്ചത്. ടൂറിസ്റുകളായ ഇവര്‍ ഓട്ടോറിക്ഷയില്‍ വന്നിറങ്ങിയപ്പോഴായിരുന്നു കടവില്‍ ബഹളം കേട്ടത്. ഉടനെ ഇവര്‍ കടവിലേക്ക് ഓടിയെന്നു ദൃക്സാക്ഷികള്‍ പറയുന്നു. ഉടന്‍തന്നെ കായലില്‍ ചാടി കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരെ രക്ഷപ്പെടുത്തി കരയ്ക്കെത്തിച്ചു.

നീന്തല്‍ നമ്മുടെ പാഠ്യവിഷയത്തില്‍ ഉള്‍പ്പെടുത്താത്തതിന്റെ പ്രശ്നമാണു ഫോര്‍ട്ട്കൊ ച്ചി ദുരന്തത്തിന് ഒരു കാരണമെന്നു കോര്‍പറേഷന്‍ സ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ. ജെ. സോഹന്‍ പറഞ്ഞു.

എറണാകുളത്തു സാധാരണക്കാര്‍ക്കു നീന്തല്‍ പഠിക്കാനുള്ള സൌകര്യം ഇപ്പോഴില്ല. നേരത്തേ സ്ഥിതി വ്യത്യസ്തമായിരുന്നു. വെള്ളത്താല്‍ ചുറ്റപ്പെട്ടു കിടക്കുന്ന ഈ പ്രദേശത്തെ എല്ലാവര്‍ക്കും നീന്തല്‍ വശമായിരുന്നു. പല വിദേശ രാജ്യങ്ങളിലും നീന്തല്‍ പാഠ്യവിഷയമാണ്. കോര്‍പറേഷന്‍ പരിധിയിലെ സ്കൂളുകളില്‍ നീന്തല്‍ പഠിപ്പിക്കാനുള്ള പദ്ധതിക്കു രൂപം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.


ആഘോഷാരവങ്ങളിലേക്ക് പെയ്തിറങ്ങിയ ദുരന്തവാര്‍ത്ത

കൊച്ചി: നഗരം ഉത്രാടപ്പാച്ചിലിന് ഒരുങ്ങി നില്‍ക്കവെയാണ് ഇന്നലെ ഉച്ചയ്ക്കു ശേഷം അശനിപാതം പോലെ ദുരന്ത വാര്‍ത്തയെത്തിയത്. ഈ സമയം നഗരത്തിലെ മിക്ക ഓഫീസുകളിലും മറ്റും ഓണാഘോഷം തിമിര്‍ക്കുകയായിരുന്നു. മത്സ്യബന്ധന ബോട്ട് യാത്രാബോട്ടിലിടിച്ചു എന്ന വാര്‍ത്ത പരന്നപ്പോള്‍ അപകടത്തിന് ഇത്ര വ്യാപ്തിയുണ്ടാകുമെന്ന് ആദ്യം ആരും കരുതിയില്ല.

വൈപ്പിന്‍-ഫോര്‍ട്ട്കൊച്ചി ഫെറി ബോട്ട് ഇത്തരം അപകടങ്ങളിലേക്കു ചെന്നെത്തുന്നതും അപകടം തലനാരിഴയ്ക്ക് വഴിമാറി പോകുന്നതും ഇവിടെ നിത്യസംഭവമാണ്. അത്തരത്തിലൊന്നാ ണെന്നു മാത്രമേ ആദ്യം കരുതിയുള്ളൂ. എന്നാല്‍, ഞൊടിയിടയില്‍ എല്ലാം മാറിമറിഞ്ഞു. തിരുവോണ തിരക്കിലേക്ക് വീണ നഗരം ഞെട്ടി.

നഗര ഹൃദയത്തോടു ചേര്‍ന്ന് ഇത്രവലിയ ദുരന്തം അടുത്ത നാളുകളിലൊന്നും ഉണ്ടായിട്ടില്ല. തങ്ങളുടെ ഉറ്റവരാരെങ്കിലും അപകടത്തില്‍ പെട്ടിട്ടുണ്േടായെന്നറിയാന്‍ ഫോര്‍ട്ട്കൊച്ചിയിലേക്കും വൈപ്പിനിലേക്കും ആളുകള്‍ പാഞ്ഞു. ഫോര്‍ട്ട്കൊച്ചിയില്‍ കമാലകടവിനു സമീപം വലിയ പുരുഷാരം തന്നെ രൂപപ്പെട്ടു.

രക്ഷാപ്രവര്‍ത്തനത്തില്‍ പതിവുപോലെ ഔദ്യോഗിക സന്നാഹങ്ങള്‍ എത്തുന്നതിന് മുമ്പേ നാട്ടുകാര്‍ സജീവമായി. എന്നാല്‍, ഫെറി കടന്ന് അപകട സ്ഥലത്തേക്കെത്താമെന്നു കരുതി വൈപ്പിനില്‍ എത്തിയവര്‍ വിഷമത്തിലായി. അപകടം ഉണ്ടായതോടെ ഫെറി സര്‍വീസ് നിര്‍ത്തിവച്ചതാണ് ആളുകളെ വട്ടംചുറ്റിച്ചത്. അപകടം നടന്നയുടനെ വൈപ്പിന്‍ ജെട്ടിയിലെ ടിക്കറ്റ് കൌണ്ടര്‍ പൂട്ടി ജീവനക്കാര്‍ മുങ്ങി.

അവിടെയെത്തിയവര്‍ നഗരത്തിലൂടെ ചുറ്റിയാണ് അപകട സ്ഥലത്തെത്തിയത്. ഇതും ആളുകളെ രോഷാകുലരാക്കി. അപകടത്തിനുശേഷം വൈപ്പിന്‍-ഫോര്‍ട്ടുകൊച്ചി ജങ്കാര്‍ സര്‍വീസും ഫെറി ബോട്ട് സര്‍വീസും നിര്‍ത്തിവച്ചു.

ജില്ലാ ഭരണകൂടവും അധികൃതരും വൈകുന്നേരം നടക്കുന്ന ഓണാഘോഷ പരിപാടികളുടെ ഉദ്ഘാടന ചടങ്ങിനുള്ള അവസാനവട്ട ഒരുക്കങ്ങളിലായിരുന്നു. അപകടവാര്‍ത്ത വന്നതോടെ ജില്ലാ ഭരണകൂടത്തിന്റെ ഇന്നലത്തെ ഓണാഘോഷ പരിപാടികള്‍ മാറ്റിവച്ചു.

അഞ്ചുപേരെ ജീവിതത്തിലേക്കടുപ്പിച്ചു റാല്‍ഫും ഫെബിനും

വൈപ്പിന്‍: മുങ്ങിത്താണുകൊണ്ടിരിക്കുന്ന ബോട്ടില്‍നിന്നു സ്ത്രീകളടക്കം അഞ്ചുപേരെ രക്ഷപ്പെടുത്തിയ കണ്ടക്കടവ് സ്വദേശികളായ റാല്‍ഫും ഫെബിനും ഈ ബോട്ടിലെതന്നെ യാത്രക്കാരായിരുന്നു. അയല്‍പക്കത്തുള്ള ചിലരുമായി ഫോര്‍ട്ട് വൈപ്പിനിലുള്ള എംപ്ളോയ്മെന്റ് എക്സ്ചേഞ്ചില്‍ പോയി കാര്‍ഡ് പുതുക്കി വരുകയായിരുന്നു ഇരുവരും. ഏറെ നേരം ബോട്ട് കാത്തുനിന്ന ഇവര്‍ക്ക് 1.15നുള്ള ബോട്ടാണു മറുകരയ്ക്കു പോകാനായി കിട്ടിയത്. ബോട്ട് ഫോര്‍ട്ട് കൊച്ചി കമാലക്കടവ് ജെട്ടിയില്‍ അടുക്കാറായപ്പോഴാണ് തൊട്ടടുത്തുനിന്നു പാഞ്ഞെത്തിയ ഇരുമ്പു നിര്‍മിത മത്സ്യബന്ധന ബോട്ട് വന്നിടിച്ചതെന്നു റാല്‍ഫ് പറയുന്നു. ഇടിയുടെ ആഘാതത്തില്‍ തടികൊണ്ടു നിര്‍മിച്ച യാത്രാ ബോട്ട് രണ്ടായി പിളര്‍ന്നു. വള്ളം വീണ്ടും ബോട്ടില്‍ വന്ന് ഇടിച്ചു. ഇതോടെ ബോട്ടിനുള്ളില്‍ അലര്‍ച്ചയും മുറവിളിയുമായി. നിമിഷംകൊണ്ടു ബോട്ട് മുങ്ങുകയും ചെയ്തു. പിന്‍ഭാഗത്തിരുന്ന പുരുഷന്‍മാര്‍ പലരും ബോട്ട് മുങ്ങുംമുമ്പ് വെള്ളത്തിലേക്ക് എടുത്തു ചാടി. റാല്‍ഫും ഫെബിനും പിന്നിലായിരുന്നു. ആദ്യം പകച്ചെങ്കിലും നീന്തലറിയാവുന്ന ഇവര്‍ അപകടം മണത്തറിഞ്ഞു കൂടെയുണ്ടായിരുന്ന സ്ത്രീകളെ രക്ഷപ്പെടുത്താന്‍ ബോയയും മറ്റും തപ്പി ഇവര്‍ക്ക് എത്തിച്ചുകൊടുത്തു. ചിലരെ നീന്തി കരയിലേക്ക് അടുപ്പിച്ചു.

നഗരസഭ കണ്ണുതുറക്കണം: പാസഞ്ചേഴ്സ് അസോ.

വൈപ്പിന്‍: കാലഹരണപ്പെട്ട ബോട്ടുകളും ജങ്കാറുകളുമായി വര്‍ഷങ്ങളായി വൈപ്പിന്‍- ഫോര്‍ട്ടുകൊച്ചി റൂട്ടില്‍ നടത്തുന്ന ഫെറി സര്‍വീസില്‍ ഇത്ത രം ഒരു ദുരന്തമുണ്ടാകുമെന്ന ഭീതിയിലായിരുന്നു ദ്വീപ്വാസികള്‍. ഇതിനെതിരേ നാളുകളായി ജനരോഷം ഉയര്‍ന്നിട്ടുള്ളതുമാണ്. കപ്പല്‍ ചാലായതിനാല്‍ കപ്പലുകളില്‍ ഇടിച്ചു ബോട്ടു തകരുമെന്ന ഭീതിയാണ് അവര്‍ക്കുണ്ടായിരുന്നത്. എന്നാല്‍, ഒടുവില്‍ വില്ലനായെത്തിയതു മത്സ്യബന്ധന ബോട്ട് ആയിരുന്നുവെന്നു മാത്രം.

ജനങ്ങളുടെ ജീവന്‍ പണയപ്പെടുത്തിക്കൊണ്ടുള്ള ഈ സര്‍വീസില്‍ കരാറുകാരനു കൊള്ളലാഭം മാത്രമാണ് ഏക ലക്ഷ്യമെന്നു വൈപ്പിന്‍- ഫോര്‍ട്ട് കൊച്ചി പാസഞ്ചേഴ്സ് അസോസിയേഷന്‍ ആരോപിക്കുന്നു. വര്‍ഷങ്ങളായി കരാര്‍ ലംഘിച്ചുകൊണ്ടാണു സര്‍വീസ് നടത്തിവരുന്നതെന്നും അവര്‍ പറയുന്നു. രണ്ട് ബോട്ടുകളും രണ്ടു ജങ്കാറുകളും സര്‍വീസ് നടത്തുമ്പോള്‍ കടവില്‍ സ്റെപ്പിനിയായി ഒരു ബോട്ടും ഒരു ജങ്കാറും വേണമെന്ന നിബന്ധന കാറ്റില്‍ പറത്തിയാണു കരാറുകാരന്‍ സര്‍വീസ് നടത്തിവന്നിരുന്നത്. ഏതെങ്കിലും ഒരു ബോട്ടോ ജങ്കാറോ തകരാറിലായാല്‍ പകരം ഓടിച്ചു ജനത്തിനു ബുദ്ധിമുട്ടുണ്ടാകാതിരിക്കാന്‍ വേണ്ടിയാണ് ഈ നി ബന്ധന വച്ചിട്ടുള്ളത്. വര്‍ഷങ്ങളായി ഈ നിബന്ധന തെറ്റിക്കുന്ന കരാറുകാരനെതിരെ പാസഞ്ചേഴ്സ് അസോസിയേഷനും മറ്റും കൊച്ചി നഗരസഭയ്ക്കു പരാതി നല്‍കുന്നുണ്െടങ്കിലും നഗരസഭ കരാര്‍ലംഘനത്തിനെതിരെ ഇന്നുവരെ ഒരു നടപടിയുമെ ടുത്തിട്ടില്ലെന്നു പാസഞ്ചേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് ഫ്രാന്‍സിസ് ചമ്മിണി ചൂണ്ടിക്കാട്ടി.

കാളമുക്ക് ഹാര്‍ബറിലെ ആരവങ്ങളില്‍ ഇനി സുധീറില്ല

വൈപ്പിന്‍: കാളമുക്ക് ഗോശ്രീപുരം ഹാര്‍ബറിലെ ആരവങ്ങള്‍ക്കിടയില്‍ ഇനി സുധീറി(35) ന്റെ ശബ്ദം ഉയര്‍ന്നു കേള്‍ക്കില്ല. പതിവില്ലാതെ ഇന്നലെ ഉച്ചയ്ക്ക് തന്നെ ഹാര്‍ബറില്‍നിന്നു മട്ടാഞ്ചേരിയിലെ വീട്ടിലേക്കു പോയ സുധീറിനെ ഫോര്‍ട്ട്വൈപ്പിന്‍ ഫെറി ദുരന്തത്തില്‍ മരണം തട്ടിയെടുത്തു.

ഉച്ചയ്ക്കു ചിരിച്ചുകളിച്ചു സഹപ്രവര്‍ത്തകരോട് യാത്ര പറഞ്ഞു പോകുമ്പോള്‍ ഇത് അന്ത്യയാത്രയായിരിക്കുമെന്നു സഹപ്രവര്‍ത്തകരും കരുതിയിരുന്നില്ല. ഉച്ചകഴിഞ്ഞു മരണവാര്‍ത്ത കേട്ടപ്പോള്‍ അവര്‍ കടുത്ത ആഘാതത്തിലായി. ഹാര്‍ബറിലെ മത്സ്യവ്യാപാരിയായ ബഷീറിന്റെ തൊഴിലാളിയാണു സുധീര്‍. പത്തു വര്‍ഷത്തിലധികമായി ബഷീറിനൊപ്പം ജോലി ചെയ്യുന്നു. എല്ലാ ദിവസവും മട്ടാഞ്ചേരിയില്‍ നിന്നു പുലര്‍ച്ചെ വൈപ്പിന്‍ ഫെറി സര്‍വീസ് വഴി കാളമുക്കിലെത്തുന്ന സുധീര്‍ പലപ്പോഴും വൈകുന്നേരമെ തിരികെ പോവുകയുള്ളു. അന്യസംസ്ഥാനത്തുനിന്നുള്ള മത്സ്യവുമായി വരുന്ന വാഹനങ്ങള്‍ ഇല്ലാതിരുന്നതിനാല്‍ ഇന്നലെ ഉച്ചകഴിഞ്ഞു പണി ഇല്ലായിരുന്നു.

അതുകൊണ്ടാണ് ഉച്ചകഴിഞ്ഞ് വീട്ടിലേക്കു പോയത്. വള്ളം ഇടിച്ചു മുങ്ങിയ ബോട്ടില്‍ കുടുങ്ങിപ്പോയ സുധീറിന്റെ മൃതദേഹം രക്ഷാപ്രവര്‍ത്തകരാണു തപ്പിയെടുത്തത്. എറണാകുളം ജനറല്‍ ആശുപത്രിയിലെത്തിച്ച മൃതദേഹത്തില്‍ ഫോര്‍ട്ട് കൊച്ചി - വൈപ്പിന്‍ ഫിഷ് മര്‍ച്ചന്റ്സ് അസോസിയേഷന്‍ പ്രസിഡന്റ് മുല്ലക്കര സലീം, സെക്രട്ടറി കെ.പി രതീഷ് എന്നിവര്‍ അന്ത്യോപചാരമര്‍പ്പിച്ചു.

വിവിധ ആശുപത്രികളില്‍ കഴിയുന്നവര്‍ ഫോര്‍ട്ട്കൊച്ചി താലൂക്ക് ആശുപത്രിയില്‍

ഫോര്‍ട്ട്കൊച്ചി സ്വദേശി ഇക്ബാല്‍ (36), അമരാവതി സ്വദേശി റാണി (58), ചുള്ളിക്കല്‍ സ്വദേശി സാനു (40), പനയപ്പള്ളി സ്വദേശി സെലിന്‍ (35), യതു (30), സെബിന്‍ (32), റാല്‍ഫ്.

പനയപ്പിള്ളി ഗൌതം ആശുപത്രിയില്‍

ഞാറയ്ക്കല്‍ സ്വദേശികളായ ശശികല (35), കീര്‍ത്തി (20), അമരാവതി സ്വദേശി അമ്മണി (38).

എറണാകുളം മെഡിക്കല്‍ ട്രസ്റ് ആശുപത്രിയില്‍

കണ്ടക്കടവ് കാട്ടുപറമ്പില്‍ സേവ്യറിന്റെ ഭാര്യ മേരി ജൂലിയറ്റ് (24), ഫോര്‍ട്ട്കൊച്ചി കുന്നുംപുറം ബിവി (40), കുമ്പളങ്ങി ഇടപ്പറമ്പില്‍ സമീറ (28), അഴീക്കോട് പറൂപ്പന ഷക്കീല (38), ഷക്കീലയുടെ മകള്‍ സഫന (13), മതിലകം ചുള്ളിക്കല്‍ ഷെമീറിന്റെ മകള്‍ പൊന്നു എന്നി വിളിക്കുന്ന ഷാഹിമ (മൂന്ന്), വടുതല ആനങ്ങാട് നിസാറിന്റെ മകന്‍ റയാന്‍ (നാല്).

എറണാകുളം ജനറല്‍ ആശുപത്രിയില്‍

പുതുവൈപ്പ് മോളി ജോസഫ്.

ബോട്ടപകടത്തില്‍ മരിച്ചവരുടെ സംസ്കാരം

കൊച്ചി: ബോട്ട് അപകടത്തില്‍ മരിച്ച അമരാവതി പുളിക്കല്‍ ജോസഫിന്റെയും സഹോദരന്‍ ഡേവിഡിന്റെ ഭാര്യ വോള്‍ഗാ ഡേവിഡിന്റെയും സംസ്കാരം ഇന്നു രാവിലെ 11ന് അമരാവതി സെന്റ് പോള്‍സ് ആന്‍ഡ് സെന്റ് പീറ്റേഴ്സ് ദേവാലയത്തില്‍ നടക്കും.

ചെല്ലാനം കണ്ടക്കടവ് പുത്തന്‍തോടിനു സമീപം കുഞ്ഞുമോന്റെ ഭാര്യ സിന്ധുവിന്റെ സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിനു വീട്ടുവളപ്പില്‍ നടക്കും. മട്ടാഞ്ചേരി മഹാജനവാടിപ്പറമ്പില്‍ സുധീറിന്റെ കബറടക്കം പടിഞ്ഞാറേക്കോട് മുഹയദ്ദീന്‍ പള്ളി കബര്‍സ്ഥാനില്‍ നടത്തി.

വൈപ്പിന്‍ കാളമുക്ക് സ്വദേശി അയ്യപ്പന്റെ സംസ്കാരം തൃപ്പൂണിത്തുറ പൊതുശ്മശാനത്തില്‍ ഇന്നും രാവിലെ 10ന് നടക്കും.

ഫോര്‍ട്ട് കൊച്ചി ബോട്ട് അപകടം: ബോട്ട്ദുരന്തം വേദനാജനകം- ഡോ.കല്ലറയ്ക്കല്‍

കൊച്ചി: ഫോര്‍ട്ട്കൊച്ചിയിലെ ബോട്ടുദുരന്തം വേദനാജനകമാണെന്നു വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ.ഫ്രാന്‍സിസ് കല്ലറയ്ക്കല്‍. ജീവന്‍ നഷ്ടപ്പെട്ടവരുടെ ബന്ധുക്കളുടെ ദുഃഖത്തില്‍ താനും പങ്കുചേരുന്നു.

അശ്രദ്ധകൊണ്േടാ മുന്‍കരുതല്‍ എടുക്കാത്തതുകൊണ്േടാ അപകടത്തിന്റെ ആഘാതം വര്‍ധിച്ചിട്ടുണ്െടങ്കില്‍ അതു തിരുത്താന്‍ അധികാരപ്പെട്ടവര്‍ ശ്രദ്ധിക്കണം. വേണ്ടത്ര സജ്ജീകരണവും സുരക്ഷിതത്വവും ഉറപ്പാക്കാതെയുള്ള യാത്രകള്‍ നിരോധിക്കുകയും വേണം. ഗവണ്‍മെന്റ് കൂടുതല്‍ ശ്രദ്ധ ചെലുത്തി സാധാരണക്കാരന്റെ യാത്രകള്‍ സുഗമമാക്കാന്‍ അടിയന്തര നടപടി കൈക്കൊള്ളണം.

ജീവനു വിലയില്ലാത്ത വികസനംകൊണ്ട് ഒന്നും നേടാനാവില്ല. പാവങ്ങളുടെ ദീനരോദനം കേള്‍ക്കാതെ പോകരുതെന്നും അപകടത്തില്‍ ശക്തമായി അപലപിക്കുന്നുവെന്നും ആര്‍ച്ച്ബിഷപ് അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.