അന്ധര്‍ക്കും ബധിരര്‍ക്കുമായി കെസിബിസിയുടെ ആക്സസബിള്‍, സൈന്‍ ബൈബിളുകള്‍ ഒരുങ്ങി
അന്ധര്‍ക്കും ബധിരര്‍ക്കുമായി കെസിബിസിയുടെ  ആക്സസബിള്‍, സൈന്‍ ബൈബിളുകള്‍ ഒരുങ്ങി
Wednesday, August 5, 2015 12:41 AM IST
സിജോ പൈനാടത്ത്

കൊച്ചി: കാഴ്ചയുടെയും ശബ്ദങ്ങളുടെയും ലോകം അന്യമായവര്‍ക്ക് ഇനി വചനം അന്യമാവില്ല. അന്ധര്‍ക്കും ബധിരര്‍ക്കുമായി കേരള കാത്തലിക് ബൈബിള്‍ സൊസൈറ്റിയുടെ സുവര്‍ണ ജൂബിലി ഉപഹാരമായി പ്രത്യേക ആക്സസബിള്‍, സൈന്‍ ബൈബിളുകള്‍ തയാറായി.

അന്ധര്‍ക്ക് കംപ്യൂട്ടര്‍ ഉപയോഗം എളുപ്പത്തിലാക്കുന്ന ഡിജിറ്റല്‍ ആക്സസബിള്‍ ഇന്‍ഫര്‍മേഷന്‍ സിസ്റം (ഡെയ്സി) സോഫ്റ്റ്വെയറിന്റെ സഹായത്തോടെയാണ് ആക്സസബിള്‍ ബൈബിള്‍ രൂപകല്പന ചെയ്തിട്ടുള്ളത്. കാഴ്ചയില്ലാത്തവര്‍ക്ക് മറ്റുള്ളവരുടെ സഹായമില്ലാതെ ബൈബിളിലെ പുസ്തകങ്ങളും അധ്യായങ്ങളും വാക്യങ്ങളും തെരഞ്ഞെടുത്തു കേള്‍ക്കാനാവുന്ന വിധത്തിലാണ് ആക്സസബിള്‍ ബൈബിളിലെ സാങ്കേതിക സംവിധാനം.

ബൈബിള്‍ സൊസൈറ്റിയുടെ ഹൈടെക് കമ്മിറ്റിയെ നയിക്കുന്ന ആന്റണി സച്ചിനും ജോണ്‍സണ്‍ അഗസ്റ്റിനുമാണ് ആക്സസബിള്‍ ബൈബിളിന്റെ പ ണിപ്പുരയില്‍ ഉണ്ടായിരുന്നത്. വിശുദ്ധഗ്രന്ഥത്തിലെ പുതിയ നിയമമാണ് ആദ്യഘട്ടത്തില്‍ ആക്സസബിള്‍ ബൈ ബിള്‍ രൂപത്തിലാക്കിയിട്ടുള്ളത്.

കേള്‍വിശക്തിയില്ലാത്തവര്‍ക്ക് ബൈബിള്‍ വായന എളുപ്പമാക്കുന്ന സൈന്‍ ബൈബിളും സുവര്‍ണ ജൂബിലി വര്‍ഷത്തില്‍ ബൈബിള്‍ സൊസൈറ്റി പുറത്തിറക്കുന്നുണ്ട്.


മാണിക്കമംഗലം സെന്റ് ക്ളെയര്‍ ഓറല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അധ്യാപികയും എഫ്സിസി സന്യാസിനിസഭാംഗവുമായ സിസ്റര്‍ അഭയയാണ് സൈന്‍ ബൈബിള്‍ തയാറാക്കുന്നതില്‍ മുഖ്യപങ്കുവഹിച്ചത്. ദൃശ്യ, ശ്രവ്യ സങ്കേതങ്ങള്‍ മനോഹരമായി കോര്‍ത്തിണക്കുന്ന എഫാത്ത എന്ന പേരിലുള്ള സൈന്‍ ബൈബിള്‍ സിഡി രൂപത്തിലും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കാവുന്ന ക്ളിപ്പുകളായും പുറത്തിറങ്ങും.

ബധിരരും അന്ധരുമായവരോട് സഭയ്ക്കുള്ള ഐക്യദാര്‍ഢ്യവും ബൈബിള്‍, ആരാധനക്രമം, മതബോധനം എന്നീ മേഖലകളില്‍ ഇവരോടുള്ള പ്രത്യേക പരിഗണന പുലര്‍ത്താനുള്ള സഭയുടെ നിശ്ചയദാര്‍ഢ്യവും പ്രഖ്യാപിക്കുകയാണ് ആക്സസബിള്‍, സൈന്‍ ബൈബിളുകള്‍ പുറത്തിറക്കുന്നതിലൂടെ ലക്ഷ്യമിടുന്നതെന്നു ബൈബിള്‍ സൊസൈറ്റി ജനറല്‍ സെക്രട്ടറി റവ. ഡോ. ജോഷി മയ്യാറ്റില്‍ പറഞ്ഞു.

ഞായറാഴ്ച രാവിലെ പത്തിനു കെസിബിസി ആസ്ഥാനമായ പാലാരിവട്ടം പിഒസിയില്‍ നടക്കുന്ന ബൈബിള്‍ സൊസൈറ്റി കുടുംബസംഗമത്തിലാണ് ബൈബിളുകള്‍ പ്രകാശനം ചെയ്യുന്നത്. ബൈബിള്‍ സൊസൈറ്റി ചെയര്‍മാന്‍ ആര്‍ച്ച്ബിഷപ് ഡോ. എം. സൂസപാക്യം പ്രകാശനം നിര്‍വഹിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.