വിവാഹനിശ്ചയം കഴിഞ്ഞ യുവതിയെ തട്ടിക്കൊണ്ടുപോയി; മുന്‍സുഹൃത്തും സംഘവും പിടിയില്‍
വിവാഹനിശ്ചയം കഴിഞ്ഞ യുവതിയെ തട്ടിക്കൊണ്ടുപോയി; മുന്‍സുഹൃത്തും സംഘവും പിടിയില്‍
Tuesday, August 4, 2015 12:35 AM IST
നെടുമ്പാശേരി: ഈ മാസം 13ന് വിവാഹം നിശ്ചയിച്ചിരുന്ന യുവതിയെ തട്ടിക്കൊണ്ടുപോയ മുന്‍ സുഹൃത്തും നാലംഗ ക്വട്ടേഷന്‍ സംഘത്തില്‍പ്പെട്ട രണ്ടുപേരും പോലീസ് പിടിയില്‍. കൊച്ചിന്‍ ഇന്റര്‍ നാഷണല്‍ എയര്‍പോര്‍ട്ട്- വിഐപി റോഡില്‍ ഗോള്‍ഫ് കോഴ്സ് ക്ളബിന്റെ മുന്‍വശത്തുനിന്നു ഞായറാഴ്ച രാത്രിയാണു യുവതിയെ സംഘം തട്ടിക്കൊണ്ടുപോയത്. പുലര്‍ച്ചെ മൂന്നോടെ പോലീസ് യുവതിയെ രക്ഷിച്ചു.

മുന്‍ സുഹൃത്തായ ചാലക്കുടി വെള്ളാംചിറയില്‍ അജാണ്ടി വീട്ടില്‍ മാര്‍ട്ടിന്‍ (37), ഗുണ്ടാസംഘത്തില്‍പ്പെട്ട ഇരിങ്ങാലക്കുട കണ്ണമ്പുഴ വീട്ടില്‍ ഷോണ്‍ (27), അങ്കമാലി മൂക്കന്നൂര്‍ ഞാളിയന്‍ വീട്ടില്‍ അഖില്‍ (21) എന്നിവരെയാണു പിടികൂടിയത്. മറ്റു രണ്ടുപേരെക്കുറിച്ചു പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. ഇവര്‍ ക്വട്ടേഷന്‍ സംഘമാണെന്നു ഡിവൈഎസ്പി പി.പി. ഷംസ് പറഞ്ഞു.

പത്തനംതിട്ട മല്ലപ്പള്ളി സ്വദേശിനിയായ മുപ്പതുകാരിയെയാണു തട്ടിക്കൊണ്ടുപോയത്. ന്യൂസിലന്‍ഡില്‍ ജോലി ചെയ്യുന്ന ചെന്നൈ സ്വദേശിയായ യുവാവുമായി ഈ മാസം 13നു യുവതിയുടെ വിവാഹം നട ത്താന്‍ നിശ്ചയിച്ചിരുന്നു.

അമേരിക്കയിലെ ടെക്സസില്‍ 17 വര്‍ഷമായി ജോലി ചെയ്യുകയാണു യുവതിയുടെ മാതാപിതാക്കള്‍. യുവതി ഏഴു വര്‍ഷം ഷാര്‍ജയില്‍ നഴ്സായി ജോലി ചെയ്തിരുന്നു. അക്കാലത്താണ് ഇലക്ട്രീഷ്യനായ മാര്‍ട്ടിനെ പരിചയപ്പെട്ടതെന്നു പോലീസ് പറഞ്ഞു. നാലു മാസം മുമ്പ് ജോലി രാജിവച്ചു ടെക്സസിലേക്കു പോയി. 13നു കല്യാണം നടത്താനാണു നാട്ടിലേക്കു വന്നത്.

തട്ടിക്കൊണ്ടുപോയതും രക്ഷിച്ചതും സിനിമാസ്റൈലില്‍

നെടുമ്പാശേരി: എയര്‍പോര്‍ട്ട് റോഡില്‍ യുവതിയെ തട്ടിക്കൊണ്ടുപോയതും പോലീസ് പ്രതികളെ പിടികൂടിയതും തികച്ചും സിനിമാസ്റൈലില്‍. അമേരിക്കയിലെ ടെക്സസില്‍നിന്നു മൂത്ത സഹോദരിയോടൊപ്പമാണു യുവതി ഡല്‍ഹി വഴി എയര്‍ ഇന്ത്യയുടെ എഐ 048-ാം നമ്പര്‍ ഫ്ളൈറ്റില്‍ ഞായറാഴ്ച രാത്രി 9.30ന് കൊച്ചിയില്‍ വന്നിറങ്ങിയത്.

വിമാനത്താവളത്തില്‍ മാതാപിതാക്കള്‍ ഇന്നോവ കാറുമായി കൂട്ടിക്കൊണ്ടുപോകാന്‍ എത്തിയിരുന്നു. രാത്രി 10.30ന് ഇവര്‍ വിമാനത്താവളം റോഡില്‍ ഗോള്‍ഫ് കോഴ്സ് ക്ളബിന്റെ മുന്‍വശം എത്തിയപ്പോള്‍ ഒരു സംഘം ചെറുപ്പക്കാര്‍ വണ്ടി തടഞ്ഞു.


കാറിന്റെ വാതില്‍ തുറന്നു യുവതിയെ വലിച്ചിഴച്ചു പുറത്തുകടത്തി ഇവരുടെ ക്വാളിസിലേക്ക് ബലമായി കയറ്റി. സംഘത്തില്‍ അഞ്ചുപേര്‍ ഉണ്ടായിരുന്നു. നെടുമ്പാശേരി അത്താണിയിലെത്തിയപ്പോള്‍ ക്വാളിസ് അവിടെ ഉപേക്ഷിച്ചു യുവതിയെ കാത്തുകിടന്ന മറ്റൊരു ഇന്നോവ കാറിലേക്കു കയറ്റി. കാര്‍ ചാലക്കുടിയില്‍ എത്തിയപ്പോള്‍ ഗുണ്ടാസംഘത്തിലെ നാലുപേരും അവിടെ ഇറങ്ങി. യുവതിയെ മാര്‍ട്ടിന്‍ കെഎ 02-എഇ 2627-ാം നമ്പര്‍ കര്‍ണാടക രജിസ്ട്രേഷനുള്ള ടാക്സി കാറില്‍ കയറ്റി പാലക്കാട് വഴി തമിഴ്നാട്ടിലേക്കു യാത്ര തുടങ്ങി. യുവതിയെ ബലമായി കൊണ്ടുപോവുകയാണെന്നു മനസിലാക്കിയ ടാക്സി ഡ്രൈവര്‍ ഷിന്‍സ് വണ്ടി ഓടിക്കാന്‍ വിമുഖത കാണിച്ചു. ഇതുമൂലം കാര്‍ സാവധാനത്തിലാണു പോയത്.

ഇതിനിടെ, എയര്‍പോര്‍ട്ട് റോഡില്‍നിന്നു യുവതിയെ തട്ടിക്കൊണ്ടുപോയ വിവരം തത്സമയം തന്നെ മറ്റു വണ്ടിക്കാര്‍ നെടുമ്പാശേരി പോലീസ് സ്റേഷനില്‍ അറിയിച്ചിരുന്നു. സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എം.കെ. മുരളി, പ്രിന്‍സിപ്പല്‍ എസ്ഐ ടി.എ. മുഹമ്മദ് ബഷീര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അരിച്ചുപെറുക്കി അന്വേഷണം തുടങ്ങി.

പുലര്‍ച്ചെ മൂന്നോടെ പാലക്കാടുവച്ചു യുവതിയെ കയറ്റിക്കൊണ്ടുപോയ കാറും അതിലുണ്ടായിരുന്ന മാര്‍ട്ടിനെയും യുവതിയെയും കണ്െടത്തി. ഇതിനകം ചാലക്കുടി ഭാഗത്തുനിന്നു ഗുണ്ടാസംഘത്തിലെ അഖില്‍, ഷോണ്‍ എന്നിവരെയും പിടികൂടിയിരുന്നു. എല്ലാവരെയും നെടുമ്പാശേരി സ്റേഷനിലെത്തിച്ചു.

തനിക്കു മാര്‍ട്ടിനുമായി അടുപ്പമില്ലെന്നു യുവതി പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ മാതാപിതാക്കള്‍ക്കൊപ്പം പോകാന്‍ പോലീസ് അനുവദിച്ചു. യുവതിയുടെ പ്രതിശ്രുതവരനും പോലീസ് സ്റേഷനിലെത്തിയിരുന്നു. മുന്‍ നിശ്ചയപ്രകാരം ഈ മാസം 13ന് തങ്ങളുടെ വിവാഹം ചെന്നൈയില്‍ നടക്കുമെന്ന് അദ്ദേഹം പോലീസിനു ഉറപ്പുകൊടുത്തു.

അറസ്റിലായ മൂവരെയും അങ്കമാലി ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു. നെടുമ്പാശേരി പോലീസിന്റെ അവസരോചിതമായ ഇടപെടലിനെ യുവതിയുടെ മാതാപിതാക്കള്‍ പ്രശംസിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.