കാര്‍ പാറമടയില്‍ വീണ് ദമ്പതികളും രണ്ടു മക്കളും മരിച്ചു
കാര്‍ പാറമടയില്‍ വീണ് ദമ്പതികളും രണ്ടു മക്കളും മരിച്ചു
Tuesday, August 4, 2015 12:17 AM IST
കോലഞ്ചേരി: തൃപ്പൂണിത്തുറയ്ക്കടുത്തു ശാസ്താംമുകളില്‍ ദുരൂഹസാഹചര്യത്തില്‍ കാര്‍ പാറമടയിലേക്കു മറിഞ്ഞുണ്ടായ അപകടത്തില്‍ ജല അഥോറിറ്റി അസിസ്റന്റ് എന്‍ജിനിയറും ഭാര്യയും രണ്ടു മക്കളും മരിച്ചു.

തൊടുപുഴയില്‍ സ്ഥിരതാമസക്കാരനായ ഇടുക്കി സേനാപതി കുമാരമംഗലം ആദിത്യ നിവാസില്‍ വിജു (42), ആദിത്യ കണ്‍സ്ട്രക്ഷന്‍ കമ്പനി മാനേജിംഗ് പാര്‍ട്ണറായ ഭാര്യ ഷീബ (36), മക്കളായ മീനാക്ഷി (ഏഴ്), സൂര്യ (കിച്ചു-നാല്) എന്നിവരാണു മരിച്ചത്. ഞായാറാഴ്ച രാത്രി എറണാകുളത്തു ഷോപ്പിംഗിനു പോയി തൊടുപുഴയ്ക്കു മടങ്ങുമ്പോഴാണ് ഇവര്‍ സഞ്ചരിച്ചിരുന്ന ടാറ്റ സഫാരികാര്‍ പാറമടയില്‍ വീണതെന്നു കരുതുന്നു. ഇന്നലെ രാവിലെ എട്ടോടെ കുട്ടികളെ സ്കൂളിലയയ്ക്കാനെത്തിയ പരിസരവാസികളാണു പാറമടയില്‍ യുവതിയുടെ മൃതദേഹവും കാറിന്റെ ടയറും കണ്െടത്തിയത്. തുടര്‍ന്നു നടത്തിയ പരിശോധനയിലാണു ദേശീയപാതയില്‍നിന്ന് 30 മീറ്റര്‍ മാറി പാലച്ചുവട് എന്‍എസ്എസ് കരയോഗം റോഡില്‍ പാറമടയുടെ മധ്യഭാഗത്തുള്ള സുരക്ഷാവേലി തകര്‍ന്ന നിലയില്‍ കണ്ടത്. ചോറ്റാനിക്കര പോലീസും ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്നു ഷീബയുടെ മൃതദേഹം കരയ്ക്കെത്തിച്ചു. ഫയര്‍ഫോഴ്സ് മുങ്ങല്‍വിദഗ്ധരുടെ സഹായത്തോടെ നടത്തിയ തെരച്ചിലില്‍ രാവിലെ 11.30ഓടെ വെള്ളത്തിനടിയില്‍ വാഹനവും സൂര്യയുടെ മൃതദേഹവും കണ്െടത്തി. 200 അടി താഴ്ചയുള്ളതാണ് ഈ പാറമട.

ഫയര്‍ഫോഴ്സ് ക്രെയിന്‍ ഉപയോഗിച്ചു വാഹനം ഉയര്‍ത്താനുള്ള ശ്രമം വിജയിച്ചില്ല. തുടര്‍ന്നു വലിയ ക്രെയിന്‍ എത്തിച്ചാണ് ഉച്ചയോടെ കാര്‍ ഉയര്‍ത്തി കാറിനുള്ളിലുണ്ടായിരുന്ന വിജുവിന്റെയും മകള്‍ മീനാക്ഷിയുടെയും മൃതദേഹം പുറത്തെടുത്തത്.


കട്ടപ്പനയില്‍ ജലവിതരണ വകുപ്പില്‍ അസിസ്റന്റ്എന്‍ജിനിയറാണ് വിജു. ഷീബ തൊടുപുഴയില്‍ ഇവരുടെ ഉടമസ്ഥതയിലുള്ള ആദിത്യ കണ്‍സ്ട്രക്ഷന്‍ കമ്പനി മാനേജിംഗ് പാര്‍ട്ണറും.

ദേശീയപാതയില്‍നിന്ന് 20 മീറ്ററോളം അകലെയാണു പാറമട. കാര്‍ സഞ്ചരിച്ചിരുന്ന വശത്തിന്റെ എതിര്‍ഭാഗത്തുമാണിത്. കാര്‍ അബദ്ധത്തിലോ അപകടത്തില്‍പ്പെട്ടോ ഇവിടേക്ക് എത്താനുള്ള സാഹചര്യമില്ലെന്നാണു പോലീസിന്റെ പ്രാഥമിക നിഗമനം. എറണാകുളത്തുനിന്നു ഷോപ്പിംഗിനു ശേഷം മടങ്ങുകയാണെന്നു രാത്രി പത്തരയോടെ ഇവര്‍ ബന്ധുക്കളെ ഫോണില്‍ അറിയിച്ചിരുന്നു. തൊടുപുഴയ്ക്കു പോകാനായി ദേശീയപാതയില്‍ നേര്‍വഴിയില്‍ പോകേണ്ട ഇവര്‍ എന്തിന് ഇടവഴിയിലേക്കു തിരിഞ്ഞുവെന്നതു ദുരൂഹമാണ്. വാഹനം ദേശീയപാതയില്‍നിന്നു നിയന്ത്രണം വിട്ട് ഈ വഴി വരാനുള്ള സാഹചര്യം നിലവിലില്ല. സുരക്ഷാവേലിയില്‍ ഇടിച്ചു മുന്നോട്ടുപോയതല്ലാതെ പാറമടയുടെ മറ്റു ഭാഗങ്ങളില്‍ ഇടിച്ചതായി കണ്െടത്താനായിട്ടില്ല. വെള്ളത്തില്‍നിന്നു കരയ്ക്കെടുത്ത കാര്‍ പൂര്‍ണമായും തകര്‍ന്ന നിലയിലാണെന്നതും ദുരൂഹത കൂട്ടുന്നു.

എറണാകുളം റൂറല്‍ എസ്പി യതീഷ് ചന്ദ്ര, ഡിവൈഎസ്പി ആന്റണി തോമസ്, സിഐമാരായ റെജി എം. കുന്നിപ്പറമ്പന്‍, ജിനദേവന്‍ എന്നിവര്‍ ഉള്‍പ്പെടെ ഉന്നത ഉദ്യോഗസ്ഥരും പിറവം, തൃപ്പൂണിത്തുറ ഫയര്‍ഫോഴ്സ് യൂണിറ്റും സ്ഥലത്തെ ത്തിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.