ദീപിക ഡയല്‍ ഇന്‍ സര്‍വീസ് ഷൈനിക്കും കുടുംബത്തിനും തുണയായി
ദീപിക ഡയല്‍ ഇന്‍ സര്‍വീസ് ഷൈനിക്കും കുടുംബത്തിനും തുണയായി
Tuesday, August 4, 2015 12:34 AM IST
നിയാസ് മുസ്തഫ

കോട്ടയം: ഭര്‍ത്താവിന്റെ ആകസ്മികമായ വേര്‍പാടിനെത്തുടര്‍ന്നു ജീവിതത്തിനു മുന്നില്‍ പകച്ചുപോയ പാലാ സ്വദേശിനി ഷൈനിക്കും കുടുംബത്തിനും ദീപിക ഡയല്‍ ഇന്‍ സര്‍വീസ് വഴി ലഭിച്ചതു പുതുജീവിതം. 10 വര്‍ഷമായി ലഭിക്കാതിരുന്ന ഫാമിലി പെന്‍ഷനും ഗ്രാറ്റുവിറ്റിയും കുടിശിക സഹിതം ഷൈനിക്കു ലഭിച്ചു. കൂടാതെ തുടര്‍ന്നുള്ള ഓരോ മാസവും ഫാമിലി പെന്‍ഷനും ട്രഷറിയില്‍നിന്നു ലഭിക്കും. ഇതിന് ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി ഷൈനിക്ക് താങ്ങായതു ദീപിക ഡയല്‍ ഇന്‍ സര്‍വീസ് ആണ്.

ദീപികയുടെ നേതൃത്വത്തില്‍ മാസത്തിലെ ഒന്ന്, മൂന്ന് ശനിയാഴ്ചകളില്‍ കെഎസ്ആര്‍ സംബന്ധമായ സംശയങ്ങള്‍ക്കു ഫോണിലൂടെ നേരിട്ടു മറുപടി നല്‍കുന്ന പരിപാടിയാണു ദീപിക ഡയല്‍ ഇന്‍ സര്‍വീസ്. ഷൈനിയുടെ ഭര്‍ത്താവ് സെബാസ്റ്യന്‍ നികുതി വകുപ്പില്‍ എല്‍ഡി ടൈപ്പിസ്റായിരുന്നു. 2005 ഡിസംബര്‍ 26ന് വാഹനാപകടത്തില്‍ സെബാസ്റ്യന്‍ മരിച്ചു. ഭര്‍ത്താവ് മരിക്കുമ്പോള്‍ ഷൈനി ആറു മാസം ഗര്‍ഭിണിയായിരുന്നു. മൂത്ത മകള്‍ക്കു പത്തുമാസം പ്രായവും. സെബാസ്റ്യന്റെ ആകസ്മികമായ വേര്‍പാടിനു മുന്നില്‍ ഷൈനി പകച്ചുപോയി.

മാനസികമായും സാമ്പത്തികമായും തളര്‍ന്ന ഷൈനി, ആശ്രിത നിയമനവും കുടുംബ പെന്‍ഷനും ലഭിക്കുമോയെന്ന് അറിയാന്‍ ഭര്‍ത്താവ് ജോലി ചെയ്തിരുന്ന ഓഫീസുമായി ബന്ധപ്പെട്ടു. പക്ഷേ, ഓഫീസില്‍നിന്നു ലഭിച്ച മറുപടി നിരാശാജനകമായിരുന്നു. സെബാസ്റ്യന്‍ മരിക്കുമ്പോള്‍ അദ്ദേഹത്തിന് ഒന്നര വര്‍ഷത്തെ സര്‍വീസേ ഉണ്ടായിരുന്നുള്ളൂ. ഇതോടൊപ്പം പ്രൊബേഷന്‍ കാലാവധി പൂര്‍ത്തിയാക്കിയിട്ടും ഇല്ല. അതിനാല്‍ ആശ്രിത നിയമനം അല്പം താമസിച്ചാലും ലഭിക്കുമെന്നും പക്ഷേ, ഫാമിലി പെന്‍ഷനോ മറ്റു സാമ്പത്തിക ആനുകൂല്യങ്ങളോ ലഭിക്കുകയില്ലായെന്നുമാണ് ഓഫീസില്‍നിന്ന് അറിയിച്ചത്.

പിന്നീട് ആശ്രിത നിയമനം ലഭിക്കുന്നതു വരെ ഷൈനിയും പറക്കമുറ്റാത്ത രണ്ടു കുഞ്ഞുങ്ങളും വളരെ ദുരിതത്തിലാണു ജീവിച്ചത്. ബന്ധുക്കളുടെ സഹായങ്ങളായിരുന്നു ഏക ആശ്രയം. ഭര്‍ത്താവ് മരിച്ചു രണ്ടു വര്‍ഷം കഴിഞ്ഞപ്പോഴാണു ഷൈനിക്ക് ആശ്രിത നിയമനം വഴി ജോലി ലഭിച്ചത്. പിന്നീട് 2014 നവംബറില്‍ ദീപിക ഡയല്‍ ഇന്‍ സര്‍വീസിനെ സംബന്ധിച്ചു സുഹൃത്തുക്കളില്‍ ചിലര്‍ ഷൈനിയോടു പറഞ്ഞു. ഫാമിലി പെന്‍ഷനും ഗ്രാറ്റുവിറ്റിയും സംബന്ധിച്ച കാര്യങ്ങള്‍ കൃത്യമായി അറിയാന്‍ ഷൈനി ഡയല്‍ ഇന്‍ സര്‍വീസിലേക്കു വിളിച്ചു.


ഒരു ദിവസമെങ്കിലും സര്‍വീസുള്ള സര്‍ക്കാര്‍ ജീവനക്കാരനു സര്‍വീസിലിരിക്കേ മരിച്ചാല്‍ ആശ്രിതര്‍ക്കു ഫാമിലി പെന്‍ഷനും ഗ്രാറ്റുവിറ്റിയും ലഭിക്കുമെന്ന (ഗടഞ ഢീഹ ക ക ജമൃ കകക ഞൌഹല 90) മറുപടിയാണ് ഡയല്‍ ഇന്‍ സര്‍വീസ് കൈകാര്യം ചെയ്യുന്ന സര്‍വീസ് കണ്‍സള്‍ട്ടന്റ് സിബിച്ചന്‍ കുരുവിള നല്‍കിയത്. പ്രൊബേഷന്‍ പൂര്‍ത്തിയാകാത്തതും ഫാമിലി പെന്‍ഷനുമായി യാതൊരു ബന്ധവുമില്ല.

ഫാമിലി പെന്‍ഷന്‍ ലഭിക്കാന്‍ ചെയ്യേണ്ട നടപടി ക്രമങ്ങളെക്കുറിച്ചും ഡയല്‍ ഇന്‍ സര്‍വീസ് വ്യക്തമായ മാര്‍ഗനിര്‍ദേശം നല്‍കി. തുടര്‍ന്നു ഷൈനി നടത്തിയ പരിശ്രമത്തിലൂടെ 2005 മേയ് 27 മുതലുള്ള ഫാമിലി പെന്‍ഷനും ഗ്രാറ്റുവിറ്റിയും അനുവദിച്ചുകൊണ്ട് 2015 മേയ് 14നു സര്‍ക്കാരില്‍നിന്ന് ഷൈനിക്ക് ഉത്തരവ് ലഭിച്ചു. തുടര്‍ന്നു ഫാമിലി പെന്‍ഷനും ഗ്രാറ്റുവിറ്റിയും അനുവദിച്ചുകൊണ്ടുള്ള രേഖകള്‍ ട്രഷറിയില്‍ നല്‍കി.

2005 മുതല്‍ 2015 വരെയുള്ള പത്തു വര്‍ഷ കുടിശികത്തുക ഷൈനിക്കു ലഭിച്ചു. സ്വന്തമായി വീടു പണിയാനുള്ള തയാറെടുപ്പിലാണ് ഷൈനി ഇപ്പോള്‍. മുന്നോട്ടുള്ള ഓരോ മാസവും പതിനായിരം രൂപയ്ക്ക് അടുത്ത തുക ഫാമിലി പെന്‍ഷനായും ലഭിക്കും. ജീവിതകാലം മുഴുവന്‍ ഷൈനിക്കും അതിനു ശേഷം മക്കള്‍ക്കും ഓരോ മാസവും ഫാമിലി പെന്‍ഷനുള്ള അര്‍ഹതയാണ് ഇതോടെ ലഭിച്ചത്. അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെടുമ്പോള്‍ വഴിമുട്ടുന്ന അനേകം ജീവിതകഥകള്‍ നമുക്കു ചുറ്റുമുണ്ട്.

കെഎസ്ആര്‍ തെറ്റായി വ്യാഖാനിച്ചതുകൊണ്ടാണു ഷൈനിക്കു ഫാമിലിപെന്‍ഷന്‍ ലഭിക്കാന്‍ അര്‍ഹതയില്ലെന്ന് ഓഫീസില്‍നിന്ന് ആദ്യം അറിയിച്ചത്. ഈ വിഷയത്തില്‍ കൃത്യമായ മാര്‍ഗനിര്‍ദേശം നല്‍കിയ ഡയല്‍ ഇന്‍ സര്‍വീസിനോട് താനും കുടുംബവും കടപ്പെട്ടിരിക്കുന്നുവെന്നു ഷൈനി പറഞ്ഞു. ഒട്ടേറെപ്പേര്‍ക്കു മാര്‍ഗനിര്‍ദേശം നല്‍കി ദീപിക ഡയല്‍ ഇന്‍ സര്‍വീസ് മൂന്നാം വര്‍ഷത്തിലേക്കു കടന്നിരിക്കുകയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.