ഓപ്പറേഷന്‍ രുചിക്കു പൂര്‍ണ പിന്തുണ: ചെന്നിത്തല
ഓപ്പറേഷന്‍ രുചിക്കു പൂര്‍ണ പിന്തുണ: ചെന്നിത്തല
Tuesday, August 4, 2015 12:34 AM IST
തിരുവനന്തപുരം: ആരോഗ്യ വകുപ്പിന്റെ ഭക്ഷ്യസുരക്ഷാ വിഭാഗം ആരംഭിച്ച ഓപ്പറേഷന്‍ രുചി -സുരക്ഷിത ഭക്ഷണം നമ്മുടെ അവകാശം- പദ്ധതിക്ക് പൂര്‍ണപിന്തുണ നല്‍കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഭക്ഷണശാലകളില്‍ റെയ്ഡുകള്‍ ശക്തമാക്കണമെന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള പച്ചക്കറികള്‍ മാത്രമല്ല, കേരളത്തില്‍ ഉല്‍പ്പാദിപ്പിക്കുന്ന പച്ചക്കറികളും കര്‍ശന പരിശോധനയ്ക്കു വിധേയമാക്കണമെന്നും മന്ത്രി പറഞ്ഞു. വിഷലിപ്തമായ പച്ചക്കറികള്‍ക്കും മായവും മാലിന്യങ്ങളും രാസവസ്തുക്കളും കലര്‍ന്ന മറ്റ് ഭക്ഷണപദാര്‍ഥങ്ങള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തുന്നതിനായി നടപ്പിലാക്കുന്ന ഓപ്പറേഷന്‍ രുചി പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം വിമന്‍സ് കോളജ് ഓഡിറ്റോറിയത്തില്‍ നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

സര്‍ക്കാര്‍, ഓണക്കാല വിപണിയില്‍ ശക്തമായ ഇടപെടല്‍ നടത്തുമെന്ന് ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ അധ്യക്ഷ പ്രസംഗത്തില്‍ അറിയിച്ചു. ചെക്ക്പോസ്റുകളില്‍ ശക്തമായ പരിശോധനകള്‍ നടത്തും. പച്ചക്കറികളും മറ്റു ഭക്ഷ്യവസ്തുക്കളും കൊണ്ടുവരുന്ന വാഹനങ്ങളില്‍, ബന്ധപ്പെട്ട വ്യാപാരിയുടെ ഭക്ഷ്യസുരക്ഷാലൈസന്‍സോ രജിസ്ട്രേഷനോ ഉണ്ടായിരിക്കണം. ഭക്ഷണവും ഭക്ഷ്യവസ്തുക്കളും വില്‍ക്കുന്ന സ്ഥാപനങ്ങള്‍ക്കു ഭക്ഷ്യസുരക്ഷാ രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കും. കച്ചവടക്കാര്‍ക്കും പൊതുജനങ്ങള്‍ക്കുംവേണ്ടി വിപുലമായ ബോധവത്കരണപരിപാടികള്‍ സംഘടിപ്പിക്കുമെന്നും ശിവകുമാര്‍ പറഞ്ഞു. ഭക്ഷണം കഴിച്ചാല്‍ അതിലെ വിഷാംശത്തെ നിര്‍വീര്യമാക്കാന്‍ മരുന്നും കഴിക്കേണ്ട സാഹചര്യമാണുള്ളതെന്നു ചടങ്ങില്‍ മുഖ്യാതിഥിയായ സംവിധായകന്‍ രാജസേനന്‍ പറഞ്ഞു. ചടങ്ങില്‍ ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ ടി.വി. അനുപമ, ജോയിന്റ് കമ്മീഷണര്‍ കെ. അനില്‍കുമാര്‍, കൌണ്‍സിലര്‍ കെ. സുരേഷ്കുമാര്‍, പ്രിന്‍സിപ്പല്‍ ഡോ. ജെ. സുജാത, യൂണിയന്‍ ചെയര്‍പേഴ്സണ്‍ എം.എസ്. മാളവിക എന്നിവരും പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.