എസ്എന്‍ഡിപി യോഗത്തിനെതിരേ പിണറായി
എസ്എന്‍ഡിപി യോഗത്തിനെതിരേ പിണറായി
Tuesday, August 4, 2015 12:33 AM IST
സ്വന്തം ലേഖകന്‍

തിരുവനന്തപുരം: എസ്എന്‍ഡിപി യോഗത്തിനെതിരേ വിമര്‍ശനവു മായി സിപിഎം പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍. 1957-ലെ ഇഎംഎസ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ വിമോചനസമരം നടത്തിയവര്‍ക്കൊപ്പമായിരുന്നു അന്നത്തെ എസ്എന്‍ഡിപി യോഗമെന്നും ഹിന്ദുതാല്‍പര്യം സംരക്ഷിക്കാന്‍ ആരുമായും കൂട്ടുകൂടുമെന്നു വെള്ളാപ്പള്ളി നടേശന്‍ പറയുമ്പോള്‍ ഏതു ഹിന്ദുവിന്റെ താല്‍പര്യമാണ് അദ്ദേഹത്തിനുള്ളതെന്നു വ്യക്തമാക്കണമെന്നും പിണറായി വിജയന്‍ പറഞ്ഞു.

പാര്‍ട്ടിപത്രത്തില്‍ ഇന്നലെ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ രൂക്ഷമായി വിമര്‍ശിച്ചു പിണറായി രംഗത്തെത്തിയത്.

പിന്നോക്ക താല്‍പര്യം സംരക്ഷിക്കുന്ന പാര്‍ട്ടിയാണു ബിജെപി എന്നു പറയുമ്പോള്‍ മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനെതിരേ ബിജെപി നടത്തിയ സമരങ്ങള്‍ മറക്കരുത്. ബിജെപിയുടെ പിന്നോക്ക സമുദായ താത്പര്യം 1992ല്‍ നമ്മള്‍ നേരിട്ടുകണ്ടതാണ്.

പിന്നോക്ക സമുദായക്കാര്‍ക്ക് കേന്ദ്ര സര്‍വീസിലും പൊതുമേഖലാ സ്ഥാപനങ്ങളിലും 27 ശതമാനം ജോലി സംവരണംചെയ്തുകൊണ്ട് ഇടതുപക്ഷ പിന്തുണയുണ്ടായിരുന്ന വി.പി. സിംഗ് സര്‍ക്കാരിനെതിരേ രാജ്യമാകെ പ്രക്ഷോഭം നടത്തിയ പാര്‍ട്ടിയാണു ബിജെപിയെന്ന കാര്യം മറക്കരുതെന്നും പിണറായി ലേഖനത്തില്‍ പറയുന്നു.

കമ്യൂണിസ്റുകാര്‍ അധികാരത്തിലിരുന്നപ്പോഴൊന്നും സമുദായത്തിന് ഒരു ഗുണവും കിട്ടിയിട്ടില്ല എന്നു പറയുന്നുണ്ടു വെള്ളാപ്പള്ളി നടേശന്‍.

ജാതി അടിസ്ഥാനത്തിലാണല്ലൊ അദ്ദേഹം ഇതു പറയുന്നത്. അതുകൊണ്ടുമാത്രം അതേ ഭാഷയില്‍ത്തന്നെ തിരിച്ചു ചോദിക്കട്ടെ. ഇഎംഎസ് മന്ത്രിസഭ കൊണ്ടുവന്ന കാര്‍ഷികബന്ധ നിയമം, ഭൂപരിഷ്കരണ നിയമം തുടങ്ങിയവയുടെ ഫലമായി സ്വന്തമായി ഭൂമിയും കുടികിടപ്പും കിട്ടിയവരില്‍ മഹാഭൂരിപക്ഷവും ഈഴവ സമുദായത്തില്‍പ്പെട്ടവരല്ലേ? കര്‍ഷകത്തൊഴിലാളികള്‍, ചെത്തുതൊഴിലാളികള്‍, ചെറുകിട കര്‍ഷകര്‍, കുടികിടപ്പുകാര്‍ ഒക്കെയായ ആ സമുദായത്തിലെ മഹാഭൂരിപക്ഷവും അതിന്റെ ഗുണഭോക്താക്കളായില്ലേ?


ബിജെപി സവര്‍ണ പാര്‍ട്ടിയല്ല എന്നും പറയുന്നുണ്ടു വെള്ളാപ്പള്ളി. അദ്ദേഹം കര്‍ണാടകയിലെ ഉഡുപ്പി ക്ഷേത്രത്തില്‍ ഒന്നു പോകട്ടെ. അവിടെ ഇപ്പോഴും അയിത്തം നിലനില്‍ക്കുന്നു. രണ്ട് ഊട്ടുപുരയുണ്ട് അവിടെ. ഒന്നു ബ്രാഹ്മണര്‍ക്ക്, മറ്റൊന്നു കീഴ്ജാതിക്കാര്‍ക്ക്. ഈ ജാതിവിവേചനവും അയിത്താചാരണവും അവിടെ അവസാനിപ്പിക്കാന്‍ ഏറെക്കാലമായി സിപിഎം ലാത്തിച്ചാര്‍ജടക്കം നേരിട്ടു സമരം ചെയ്യുന്നുണ്ട്.

പുതിയ ചങ്ങാതിമാരായ പ്രവീണ്‍ തൊഗാഡിയയ്ക്കും അശോക് സിംഗാളിനും ഒപ്പം വെള്ളാപ്പള്ളി ഒന്ന് അവിടെ പോകണം. അവര്‍ക്കൊപ്പം ഊണ് കഴിക്കാനിരുന്നാല്‍ രക്ഷപ്പെടുത്താന്‍ അവിടെ സമരം ചെയ്യുന്ന സിപിഎമ്മുകാരേ ഉണ്ടാകൂ.

സിപിഎമ്മിനോടാണ് എസ്എന്‍ഡിപി യോഗത്തിനു താത്പര്യം എന്നും വെള്ളാപ്പള്ളി പറയുന്നുണ്ട്. ഈഴവ സമൂഹത്തിനു സിപിഎമ്മിനോടു താല്‍പ്പര്യമുണ്ട് എന്നു പറഞ്ഞാലതു ശരി. എസ്എന്‍ഡിപി നേതൃത്വത്തിന് കമ്യൂണിസ്റുകാരോടു താത്പര്യമുണ്ട് എന്നു പറഞ്ഞാല്‍ അത് എത്രമാത്രം ശരിയാകും?

ഇടത്തരം കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും ചെത്തുതൊഴിലാളികളും കയര്‍ത്തൊഴിലാളികളും ഉള്‍പ്പെട്ട ആ സമുദായം യോഗനേതൃത്വം ഇത്തരം നിലപാടുകള്‍ എടുത്ത ഘട്ടത്തിലടക്കം കമ്യൂണിസ്റ് പാര്‍ട്ടിക്കൊപ്പം നിന്നിട്ടുണ്െടന്നും പിണറായി ലേഖനത്തില്‍ പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.