മുഖപ്രസംഗം: ഉന്നതവിദ്യാഭ്യാസം വളരാന്‍ യുജിസി സഹായം അനിവാര്യം
Tuesday, August 4, 2015 11:53 PM IST
പൌരാണികകാലത്ത് അറിവിന്റെ വിശ്വവിഖ്യാത കേന്ദ്രങ്ങളായിരുന്ന നളന്ദ, തക്ഷശില വിദ്യാപീഠങ്ങളുടെ പേരില്‍ അഭിമാനം കൊള്ളുന്ന നാടാണു ഭാരതം. ഇന്നു ലോകത്തെ മികച്ച 200 സര്‍വകലാശാലകളുടെ പട്ടികയില്‍ ഒന്നുപോലും ഇന്ത്യയില്‍നിന്നില്ല എന്ന യാഥാര്‍ഥ്യം വലിയ നാണക്കേടായി നമ്മുടെ മുമ്പില്‍ നില്‍ക്കുന്നു. ഇന്ത്യന്‍ സര്‍വകലാശാലകളെ ലോകനിലവാരത്തിലെത്തിക്കാനുള്ള പദ്ധതികള്‍ ആവിഷ്കരിക്കുമെന്നു നമ്മുടെ ഭരണകര്‍ത്താക്കള്‍ ആവര്‍ത്തിച്ചു പ്രഖ്യാപിക്കുന്നതിനിടയിലാണു രാജ്യത്തെ ഉന്നത വിദ്യാഭ്യാസ മേഖലയെ നിയന്ത്രിക്കുന്ന യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന്‍ (യുജിസി) കടുത്ത സാമ്പത്തികഞെരുക്കം നേരിടുകയാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.

സ്വാഭാവികമായും ഇത് ഉന്നതവിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവരെയെല്ലാം ആശങ്കയിലാഴ്ത്തുന്നു. രാജ്യത്തെ സര്‍വകലാശാലകള്‍ക്കും കോളജുകള്‍ക്കും അടിസ്ഥാന സൌകര്യ വികസനത്തിനും ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കും ഫണ്ട് അനുവദിക്കുന്നതു യുജിസിയാണ്. യുജിസിയുടെ സാമ്പത്തികഞെരുക്കം ഗുണമേന്മ ഉയര്‍ത്തുന്നതിനു സര്‍വകലാശാലകളും കോളജുകളും ആവിഷ്കരിച്ചതും ആസൂത്രണദശയിലുള്ളതുമായ പല പദ്ധതികളുടെയും താളം തെറ്റിക്കും. ദീര്‍ഘകാലാടിസ്ഥാനത്തില്‍ രാജ്യത്തിന്റെ വികസനത്തെത്തന്നെയാണ് ഇതു ബാധിക്കുക.

ഈയിടെ സ്കോളര്‍ഷിപ്പുകളുടെയും ഫെലോഷിപ്പുകളുടെയും തുക ഉയര്‍ത്തിയതുമൂലം 1083 കോടി രൂപയുടെ അധികച്ചെലവ് യുജിസിക്ക് ഉണ്ടാവുമെന്നാണു റിപ്പോര്‍ട്ട്. ഈ തുക കേന്ദ്രസര്‍ക്കാര്‍ നല്‍കിയില്ലെങ്കില്‍ യുജിസി സര്‍വകലാശാലകള്‍ക്കും കോളജുകള്‍ക്കും നല്കുന്ന ധനസഹായത്തില്‍ കുറവു വരുത്തേണ്ടിവരും. വര്‍ധിപ്പിച്ച സ്കോളര്‍ഷിപ്പ് തുക നല്‍കാന്‍ അധികസഹായം അനുവദിക്കണമെന്നു യുജിസി കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. അനുകൂല തീരുമാനം ഉണ്ടാകുമെന്നു വകുപ്പു സെക്രട്ടറി സൂചിപ്പിച്ചിട്ടുണ്ടങ്കിലും തീരുമാനമായിട്ടില്ല. യുജിസിയുടെ ഒരു വിദഗ്ധ സമിതി എമരിറ്റസ് ഫെലോഷിപ്പ്, സീനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പ്, ജൂണിയര്‍ റിസര്‍ച്ച് ഫെലോഷിപ്പ് തുടങ്ങിയ 15 സ്കീമുകളുടെ ഫെലോഷിപ്പ് തുക 2014 സിസംബറില്‍ പ്രാബല്യത്തില്‍ വരത്തക്കവിധം 55 ശതമാനം കണ്ടു വര്‍ധിപ്പിച്ചിരുന്നു. അതേസമയം റിസര്‍ച്ച് പ്രോജക്ടുകള്‍, സ്പെഷല്‍ അസിസ്റന്‍സ് പ്രോഗ്രാമുകള്‍ എന്നിവയുടെ ഫെലോഷിപ്പ് തുകകളും ഉയര്‍ത്തണമെന്നു നിര്‍ദേശമുണ്ടായിരുന്നെങ്കിലും കടുത്ത സാമ്പത്തികക്ളേശം മൂലം യുജിസി അതു നടപ്പാക്കിയില്ല.

ശാസ്ത്രസാങ്കേതിക വകുപ്പ് വിവിധ സ്കീമുകള്‍ പ്രകാരം നല്‍കുന്ന സ്കോളര്‍ഷിപ്പുകളുടെയും ഫെലോഷിപ്പുകളുടെയും തുക ഉയര്‍ത്തിയിരുന്നു. ഇതിനനുസൃതമായി യുജിസിയുടെ സ്കോളര്‍ഷിപ്പ്- ഫെലോഷിപ്പ് തുകകള്‍ ഉയര്‍ത്തണമെന്നു വിദ്യാര്‍ഥികള്‍ പ്രതീക്ഷിക്കുന്നതു സ്വാഭാവികം. അതിനാല്‍ അധികഫണ്ട് അനുവദിക്കണമെന്നാണ് യുജിസി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഉന്നതവിദ്യാഭ്യാസ മേഖലയുടെ പ്രാധാന്യത്തെപ്പറ്റി ബോധ്യമുള്ള ഏതൊരു സര്‍ക്കാരിനും ഇത്തരമൊരു ആവശ്യത്തിനു നേരേ മുഖംതിരിഞ്ഞു നില്‍ക്കാനാവില്ല.

രാജ്യത്തിന്റെ വളര്‍ച്ചയുടെ ലക്ഷണം ജിഡിപി കണക്കുകളിലെ ഉയര്‍ച്ചയോ ഓഹരിവിപണി സൂചികകളുടെ കയറ്റമോ മാത്രമല്ല. ഉന്നതവിദ്യാഭ്യാസ മേഖലയുടെ നിലവാരസൂചികയിലെ ഉയര്‍ച്ചയും അതില്‍ ഒരു പ്രധാന ഘടകമാണ്. യുജിസിക്ക് അധികസഹായം നല്‍കാന്‍ വേണ്ട തുക കേന്ദ്ര സര്‍ക്കാരിനു വലിയ പ്രയാസം കൂടാതെ കണ്െടത്താന്‍ കഴിയുമെന്നതാണു വാസ്തവം. രാജ്യാന്തര വിപണിയില്‍ ക്രൂഡോയില്‍ വിലയിലുണ്ടായ വന്‍ വിലക്കുറവ് കേന്ദ്രസര്‍ക്കാരിനു വലിയ അനുഗ്രഹമായി മാറിയിരിക്കുകയാണ്. ക്രൂഡോയില്‍ വിലക്കുറവിന് ആനുപാതികമായി രാജ്യത്തെ പെട്രോള്‍- ഡീസല്‍ വിലയില്‍ കുറവു വരുത്തുകയോ അതിന്റെ നേട്ടം ഉപയോക്താക്കള്‍ക്കു പങ്കുവച്ചു നല്‍കുകയോ ചെയ്തിട്ടില്ല. ഏകദേശം ഒരു ലക്ഷം കോടി രൂപയുടെ ലാഭമാണു ക്രൂഡോയില്‍ വിലക്കുറവു മൂലം കേന്ദ്രസര്‍ക്കാരിന് ഉണ്ടായിട്ടുള്ളതെന്നാണു കണക്ക്. ഇതിന്റെ ഒരു ശതമാനം യുജിസിക്കു നല്‍കിയാല്‍ത്തന്നെ ഉന്നത വിദ്യാഭ്യാസ മേഖല വലിയ പ്രതിസന്ധിയില്‍നിന്നു രക്ഷപ്പെടും.

രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും അധ്യാപനത്തിന്റെയും നിലവാരമുയര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ യാതൊരു പിശുക്കും കൂടാതെ പണം ചെലവഴിക്കുകയും യുജിസി പദ്ധതികള്‍ ആവിഷ്കരിക്കുകയും ചെയ്യുന്നു എന്ന ധാരണയാണു പൊതുവേ ഉണ്ടായിരുന്നത്. അതു മാറുന്നുവെന്നാണ് ഇപ്പോഴത്തെ സൂചന. കേരളത്തിലെ പല സര്‍വകലാശാലകളും കോളജുകളും യുജിസി സഹായം ഉപയോഗിച്ചാണു വിദ്യാഭ്യാസ ഗുണനിലവാരം വര്‍ധിപ്പിക്കുന്ന പദ്ധതികള്‍ നടപ്പാക്കിവന്നത് എന്നതൊരു വസ്തുതയാണ്. ആ ധനസഹായം നിലയ്ക്കുകയോ കുറയുകയോ ചെയ്താല്‍ നമ്മുടെ ഉന്നതവിദ്യാഭ്യാസ മേഖല കൂടുതല്‍ പരിതാപകരമായ സ്ഥിതിയിലേക്കു നിപതിക്കും. സ്വയംഭരണത്തിലൂടെ മികവിന്റെ കേന്ദ്രങ്ങളാകാന്‍ യത്നിക്കുന്ന പല ഉന്നത വിദ്യാപീഠങ്ങളുടെയും സ്വപ്നങ്ങള്‍ തകര്‍ന്നടിയും.

യുജിസിയുടെ ഫണ്ടും പദ്ധതികളും പ്രയോജനപ്പെടുത്തി ഉന്നത വിദ്യാഭ്യാസ രംഗത്തു മികവിലേക്കു മുന്നേറാന്‍ മറ്റു പല സംസ്ഥാനങ്ങളും ആത്മാര്‍ഥമായി ശ്രമിക്കുമ്പോള്‍ കേരളത്തില്‍ യുജിസി പദ്ധതി നടപ്പാക്കുന്നതുപോലും ഫലത്തില്‍ അധ്യാപകരുടെ ശമ്പള പരിഷ്കരണത്തിലൊതുങ്ങുന്ന എന്ന ആക്ഷേപം വ്യാപകമായുണ്ട്. യുജിസി പദ്ധതി നിഷ്കര്‍ഷിക്കുന്ന ഗവേഷണ പ്രവര്‍ത്തനങ്ങള്‍ നടത്താനോ അധ്യാപന മികവ് വര്‍ധിപ്പിക്കാനോ പല അധ്യാപകര്‍ക്കും താത്പര്യമില്ല എന്നും അഭിപ്രായമുണ്ട്. പിഎച്ച്ഡി പോലും കരിഞ്ചന്തയില്‍ സുലഭമായി വാങ്ങാന്‍ കിട്ടുന്ന നാട്ടില്‍ എന്തിനു വെറുതേ ബുദ്ധിമുട്ടണം എന്നു കരുതുന്നവരുണ്ടാകാം. പുതിയ പാഠ്യപദ്ധതിയുടെയും അധ്യയനരീതിയുടെയും ഫലമായി, അക്ഷരം കൂട്ടിവായിക്കാനോ കണക്കു കൂട്ടാനോ അറിയാത്ത ഒരു തലമുറയാണ് ഓള്‍ പ്രമോഷന്റെ ബലത്തില്‍ സ്കൂളുകളില്‍നിന്നു കോളജുകളിലേക്കു വരുന്നത്. അവരെ ലോകനിലവാരത്തിലേക്കു വളര്‍ത്തിയെടുക്കുക എന്നത് ഏറെ അധ്വാനവും അതിലേറെ അര്‍പ്പണബോധവും വേണ്ട ഒരു ഭഗീരഥ പ്രയത്നം തന്നെയാണ്. ഈ സാഹചര്യത്തില്‍, സര്‍വകലാശാലകള്‍ക്കും കോളജുകള്‍ക്കും യുജിസിയുടെ സഹായം ശോഷിക്കുകകൂടി ചെയ്താല്‍ ഇവിടത്തെ ഉന്നതവിദ്യാഭ്യാസമേഖലയുടെ മരണമണിയാകും മുഴങ്ങുക. ആ അവസ്ഥ തടഞ്ഞേ മതിയാവൂ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.