സാമ്പത്തിക നിയന്ത്രണം: പിഎസ്സി യോഗം ഇന്ന്
സാമ്പത്തിക നിയന്ത്രണം: പിഎസ്സി യോഗം ഇന്ന്
Monday, August 3, 2015 12:13 AM IST
തിരുവനന്തപുരം: പിഎസ്സിയുടെ ട്രഷറി വഴിയുള്ള പണമിടപാടുകള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തിയ ധനവകുപ്പിന്റെ നടപടിയെക്കുറിച്ച് ഇന്നുചേരുന്ന പിഎസ്സിയുടെ സമ്പൂര്‍ണയോഗം ച ര്‍ച്ച ചെയ്യും. പിഎസ്സിയുടെ ചട്ടപ്രകാരം അക്കൌണ്ടന്റ് ജനറലിനാണു കണക്കുകള്‍ പരിശോധിക്കാന്‍ അധികാരമുള്ളത്. അതിനാല്‍ പിഎസ്സിയിലെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചു ധനകാര്യപരിശോധനാ വിഭാഗത്തെക്കൊണ്ട് അന്വേഷിപ്പിക്കാനുളള സര്‍ക്കാര്‍ തീരുമാനം അംഗീകരിക്കേണ്ടതില്ലെന്നു കമ്മീഷന്‍ യോഗം നിലപാടെടുക്കുമെന്നാണു വിവരം.

സര്‍ക്കാരിന്റെപോലും അനുമതി ആവശ്യമില്ലാതെ കണ്‍സോളിഡേറ്റഡ് ഫണ്ടില്‍നിന്നു പിഎസ്സിക്കു പണമനുവദിക്കാന്‍ കഴിയും. അതിനാല്‍, അന്വേഷണത്തിന്റെ ഭാഗമായി ധനവകുപ്പിനു ഫയലുകള്‍ കൈമാറാന്‍ ഉദ്യോഗസ്ഥര്‍ക്കു ബാധ്യതയില്ലെന്നും പിഎസ്സി നിലപാടെടുത്തേക്കും.

പിഎസ്സിയുടെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് പഠിച്ച ഉപസമിതി റിപ്പോര്‍ട്ട് ഇന്നുചേരുന്ന കമ്മീഷന്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യാന്‍ നിശ്ചയിച്ചിരുന്നെങ്കിലും റിപ്പോര്‍ട്ട് ഇന്നു യോഗത്തില്‍ വയ്ക്കില്ല. ഡോ. ലോപ്പസ് മാത്യു അധ്യക്ഷനായ സമിതിയുടെ റിപ്പോര്‍ട്ട് നാളെ മാത്രമേ പിഎസ്സിക്കു ലഭിക്കുകയുള്ളൂ. ഇതിനു ശേഷമായിരിക്കും ഇതുസംബന്ധിച്ച് കമ്മീഷന്‍ നിലപാടു സ്വീകരിക്കുക. ഉപസമിതി റിപ്പോര്‍ട്ട് ലഭിച്ചശേഷം മാധ്യമങ്ങളോടു കാര്യങ്ങള്‍ വിശദീകരിക്കുമെന്നു പിഎസ്സി ചെയര്‍മാന്‍ ഡോ.കെ.എസ്. രാധാകൃഷ്ണന്‍ വ്യക്തമാക്കിയിട്ടുണ്ട്. കണക്കുകള്‍ ക്രോഡീകരിക്കേണ്ടതിനാല്‍ റിപ്പോര്‍ട്ടിന് അന്തിമരൂപമായിട്ടില്ല. ഇതു ലഭിച്ചശേഷം അനന്തരനടപടികളെക്കുറിച്ചു തീരുമാനമെടുക്കും.


ധനവകുപ്പിന്റെ നിയന്ത്രണം സംബന്ധിച്ച പ്രശ്നം പരിഹരിക്കാമെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പിഎസ്സിക്ക് ഉറപ്പുനല്‍കിയിട്ടുണ്ട്. എന്നാല്‍, ഇതിനുശേഷവും ബില്ലുകള്‍ മാറിനല്‍കാന്‍ ധനവകുപ്പ് കൂട്ടാക്കിയിട്ടില്ല. ഇതുമൂലം പ്രതിസന്ധി മൂര്‍ച്ഛിക്കുകയാണ്. 1958 മുതല്‍ പണം ചെലവഴിക്കുന്ന രീതിയില്‍ തന്നെയാണ് ഇപ്പോഴും പണം ചെലവഴിക്കുന്നതെന്ന് പിഎസ്സിയിലെ ഉന്നത ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു. സമീപ കാലത്തു പരീക്ഷകളുടെയും പരീക്ഷാര്‍ഥികളുടെയും എണ്ണം വര്‍ധിച്ചതാണു സാമ്പത്തിക പ്രതിസന്ധിക്കു കാരണം. 40 ലക്ഷം പേര്‍ പരീക്ഷ എഴുതിയിട്ടുണ്ട്. ഒരാള്‍ക്ക് അഞ്ചുരൂപ വീതം സര്‍വീസ് ചാര്‍ജ് കണക്കാക്കിയാല്‍തന്നെ രണ്ടുകോടി രൂപ വരുമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, പിഎസ്സിക്കു ലഭിക്കുന്ന ഫണ്ടിനേക്കാളും അധികം തുക ചെലവഴിച്ചതും ആസൂത്രണമില്ലാതെ പദ്ധതികള്‍ ആവിഷ്കരിച്ചതുമാണു പ്രശ്നങ്ങള്‍ക്കു കാരണമെന്നും വിലയിരുത്തലുണ്ട്. ഓണ്‍ലൈന്‍ പരീക്ഷയ്ക്കു ള്ള സംവിധാനങ്ങള്‍ ഒരുക്കിയതിലൂടെ പ്രതീക്ഷിച്ചതിന്റെ ഇരട്ടിത്തുകയാണു ചെലവായത്.

കൂടാതെ എല്‍ഡിസി, സെക്രട്ടേറിയറ്റ് അസിസ്റന്റ് പരീക്ഷകളെഴുതിയത് അഞ്ചുലക്ഷത്തിലേറെപ്പേരാണ്. ഓരോ ഉദ്യോഗാര്‍ഥി ക്കും വേണ്ടി പരീക്ഷാകേന്ദ്രങ്ങള്‍ക്കു നല്‍കുന്ന യൂട്ടിലിറ്റി തുക രണ്ടു രൂപയില്‍നിന്ന് അഞ്ചാക്കി ഉയര്‍ത്തിയതും അധികച്ചെലവുണ്ടാക്കിയതായി പിഎസ്സി വ്യക്തമാക്കുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.