കലാമിന്റെ വാക്കുകള്‍ അന്വര്‍ഥമാക്കി സര്‍ക്കാര്‍ ജീവനക്കാര്‍
കലാമിന്റെ വാക്കുകള്‍ അന്വര്‍ഥമാക്കി സര്‍ക്കാര്‍ ജീവനക്കാര്‍
Monday, August 3, 2015 12:12 AM IST
തിരുവനന്തപുരം: താന്‍ മരിച്ചാല്‍ ആദരവര്‍പ്പിക്കേണ്ടത് അവധി നല്‍കിക്കൊണ്ടല്ല, മറിച്ച് പ്രവൃത്തിയില്‍ മുഴുകിക്കൊണ്ടാണെന്ന അന്തരിച്ച മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിന്റെ വാക്കുകള്‍ അന്വര്‍ഥമാക്കി ഒരു വിഭാഗം സര്‍ക്കാര്‍ ജീവനക്കാര്‍. ഡോ. കലാമിനോടുള്ള ആദരസൂചകമായി സംസ്ഥാനത്ത് വിവിധയിടങ്ങളിലെ സര്‍ക്കാര്‍ ഓഫീസുകള്‍ ഇന്നലെ തുറന്നു പ്രവര്‍ത്തിച്ചു.

സംസ്ഥാനത്തെ വിവിധ ഗ്രാമപഞ്ചായത്തുകള്‍, കോര്‍പറേഷന്‍, കോടതി, വിവിധ വകുപ്പുകളുടെ ഓഫീസുകള്‍ തുടങ്ങി നിരവധി സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഇന്നലെ തുറന്നു പ്രവര്‍ത്തിച്ചു. ജീവനക്കാര്‍ സ്വയംസന്നദ്ധരായാണ് ഇന്നലെ ഓഫീസുകളിലെത്തിയത്.

തിരുവനന്തപുരം ജില്ലയില്‍ ആരോഗ്യവകുപ്പ് ഓഫീസ്, കുടുംബശ്രീ ഓഫീസ്, ചലച്ചിത്ര അക്കാദമി ഓഫീസ് തുടങ്ങിയ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഇന്നലെ തുറന്നു പ്രവര്‍ത്തിച്ചു. പേരൂര്‍ക്കട അമ്പലമുക്ക് ഗവണ്‍മെന്റ് സ്കൂളും ഇന്നലെ തുറന്നു പ്രവര്‍ത്തിച്ചു. മലേറിയ പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കുന്ന വിഴിഞ്ഞത്ത് ഇന്നലെ മെഡിക്കല്‍ ഓഫീസര്‍മാര്‍ കര്‍മനിരതരായിരുന്നു.

എന്നാല്‍, തിരുവനന്തപുരം കളക്ടറേറ്റും കോര്‍പറേഷന്‍ ഓഫീസുകളും ഇന്നലെ തുറന്നു പ്രവര്‍ത്തിച്ചില്ല. അടുത്ത രണ്ടാം ശനിയാഴ്ച പ്രവൃത്തിദിവസമാക്കാന്‍ തീരുമാനിച്ചിട്ടുണ്െടന്ന് കോര്‍പറേഷന്‍ ഓഫീസ് വൃത്തങ്ങള്‍ അറിയിച്ചു. തിരുവനന്തപുരം കളക്ടറേറ്റിലെ മുഴുവന്‍ ഓഫീസുകളും ജില്ലയിലെ താലൂക്ക് വില്ലേജ് ഓഫീസുകളും സ്പെഷല്‍ ഓഫീസുകളും അടുത്ത രണ്ടാം ശനിയാഴ്ച തുറന്നു പ്രവര്‍ത്തിക്കും.

സംസ്ഥാന വനിതാ വികസന കോര്‍പറേഷന്റെ എല്ലാ ഓഫീസുകളും ഇന്നലെ തുറന്നു പ്രവര്‍ത്തിച്ചു. തിരുവനന്തപുരം കവടിയാറിലുള്ള ഹെഡ്ഓഫീസ്, തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് റീജണല്‍ ഓഫീസുകളും തുറന്നു പ്രവര്‍ത്തിച്ചു. എറണാകുളം ജില്ലാ കളക്ടറേറ്റില്‍ ജലസേചന വകുപ്പിന്റെയും കുടുംബശ്രീയുടെയും ഉള്‍പ്പെടെയുള്ള ഓഫീസുകള്‍ ഇന്നലെ തുറന്നു പ്രവര്‍ത്തിച്ചു. എറണാകുളം ഓണററി സ്പെഷല്‍ ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതി എന്നിവ ഇന്നലെ തുറന്നു പ്രവര്‍ത്തിച്ചു. കക്ഷികളുടെയും അഭിഭാഷകരുടെയും സൌകര്യം പരിഗണിച്ച് കേസുകള്‍ പരിഗണനക്കെടുക്കുന്നില്ലെങ്കിലും കെട്ടിക്കിടക്കുന്ന ജോലികള്‍ പൂര്‍ത്തിയാക്കുന്നതിനാണ് ഈ ദിവസം വിനിയോഗിച്ചതെന്ന് കോടതി ജീവനക്കാര്‍ അറിയിച്ചു. കാസര്‍ഗോഡ് ജില്ലയില്‍ 38 ഗ്രാമപഞ്ചായത്തുകളും ഇന്നലെ തുറന്നു പ്രവര്‍ത്തിച്ചു. സാമ്പത്തിക ഇടപാടുകള്‍ ഒഴികെയുള്ള എല്ലാ ജോലികളും ഇന്നലെ നടന്നു. പാലക്കാട് നഗരസഭയ്ക്കും ഇന്നലെ പ്രവൃത്തി ദിവസമായിരുന്നു.


ആലപ്പുഴയില്‍ കളക്ടറേറ്റ് ഉള്‍പ്പെടെ നിരവധി സര്‍ക്കാര്‍ ഓഫീസുകള്‍ ഇന്നലെ തുറന്നു പ്രവര്‍ത്തിച്ചു. കളക്ടറേറ്റില്‍ എണ്‍പതു ശതമാനത്തോളം ഹാജരുണ്ടായിരുന്നു. മലപ്പുറം കളക്ടറേറ്റും തുറന്നു പ്രവര്‍ത്തിച്ചു. കണ്ണൂരില്‍ നഗര സഭയും വിവിധ പഞ്ചായത്തുകളും ഇന്നലെ പ്രവര്‍ത്തനനിരതമായിരുന്നു. തൃശൂര്‍ പഴയന്നൂര്‍ എച്ച്എസ്എസും ഇന്നലെ അവധിയെടുത്തില്ല.

കോഴിക്കോട് സാക്ഷരതാ മിഷന്‍, വിവിധ കൃഷിഭവനുകള്‍, കെഎസ്ഇബി ഓഫീസുകള്‍ തുടങ്ങിയ ഓഫീസുകള്‍ക്കും ഇന്നലെ പ്രവൃത്തിദിനമായിരുന്നു. ഇന്നലത്തെ വരുമാനത്തിന്റെ നിശ്ചിത ശതമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുമെന്ന് കേരള കെമിസ്റ്സ് ആന്‍ഡ് ഡ്രഗിസ്റ്സ് അസോസിയേഷന്‍ അറിയിച്ചിരുന്നു. കൊല്ലത്ത് സാക്ഷരതാ മിഷന്‍, കുടുംബശ്രീ ഉള്‍പ്പെടെയുള്ള ഓഫീസുകള്‍ പ്രവര്‍ത്തിച്ചു. അധിക ദിനത്തില്‍ കിട്ടിയ സേവനം ജനങ്ങള്‍ക്കും ഉപകാരമായി. വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കായി ഇന്നലെ പലരും സര്‍ക്കാര്‍ ഓഫീസുകളുടെ സേവനം ഉപയോഗ പ്പെടുത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.