ആര്‍. ബാലകൃഷ്ണപിള്ളയ്ക്കെതിരേ വി.എസ്. അച്യുതാനന്ദന്‍
ആര്‍. ബാലകൃഷ്ണപിള്ളയ്ക്കെതിരേ വി.എസ്. അച്യുതാനന്ദന്‍
Monday, August 3, 2015 12:11 AM IST
സ്വന്തം ലേഖകന്‍

തിരുവനന്തപുരം: യുഡിഎഫ് വിട്ട് ഇടതുമുന്നണിയുമായി അടുപ്പം പുലര്‍ത്തിവരുന്ന കേരള കോണ്‍ഗ്രസ്- ബി ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ളയെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ രംഗത്ത്.

ബാലകൃഷ്ണപിള്ളയുടെ ഉടമസ്ഥതയിലുള്ള വാളകം ആര്‍വി വിഎച്ച്എസ്എസിലെ ഹെഡ്മിസ്ട്രസ് കെ.ആര്‍. ഗീതയെയും, ഭര്‍ത്താവും വാളകത്ത് ആക്രമണത്തിനിരയായ അധ്യാപകനുമായ ആര്‍. കൃഷ്ണകുമാറിനെയും ദ്രോഹിക്കുന്ന പിള്ളയുടെ നടപടി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇടപെട്ടു പരിഹരിക്കണമെന്നു വി.എസ് കത്തില്‍ ആവശ്യപ്പെട്ടു.

കേരള കോണ്‍ഗ്രസ്- ബി നേതാവെന്ന നിലയിലും മുന്‍മന്ത്രിയെന്ന നിലയിലുമുള്ള സ്വാധീനം ഉപയോഗിച്ചാണു ബാലകൃഷ്ണപിള്ള പാവപ്പെട്ട അധ്യാപക ദമ്പതികളെയും കുടുംബത്തെയും നശിപ്പിക്കാന്‍ ശ്രമിക്കുന്നത്. ഗീതയെ അകാരണമായി ബാലകൃഷ്ണപിള്ള സസ്പെന്‍ഡ് ചെയ്തു. ഇവരെ 14 ദിവസത്തിനകം തിരിച്ചെടുക്കണമെന്നു ഹൈക്കോടതി ഉത്തരവിട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും ഇതു നടപ്പാക്കാനോ ഇതുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഉത്തരവ് അനുസരിക്കാനോ പിള്ള തയാറാകുന്നില്ല.

ഇപ്പോള്‍ കൃഷ്ണകുമാറിന്റെ ബിരുദം വ്യാജമാണെന്നു കാട്ടി മെമ്മോ നല്‍കിയിരിക്കുകയാണ്. ബാലകൃഷ്ണപിള്ള തന്നെയാണ് 1992ല്‍ കൃഷ്ണകുമാറിനെ അധ്യാപകനായി നിയമിച്ചത്. 2011ല്‍ കൃഷ്ണകുമാറിന്റെ വിദ്യാഭ്യാസ യോഗ്യതയ്ക്കെതിരേ വിജിലന്‍സില്‍ പരാതി നല്‍കി. വിജിലന്‍സ് ഇത് അന്വേഷിച്ചു കഴമ്പില്ലെന്നു പറഞ്ഞു തള്ളിയിരുന്നു. മനുഷ്യത്വരഹിതമായ നിലപാടിനെതിരേ മുഖ്യമന്ത്രി ഇടപെടണമെന്നാണു വി.എസ് കത്തില്‍ ആവശ്യപ്പെട്ടിട്ടുള്ളത്.


യുഡിഎഫ് വിട്ട കേരള കോണ്‍ ഗ്രസ്-ബി എല്‍ഡിഎഫുമായി അടുത്തു നില്‍ക്കുന്ന സമീപ നമാണ് ഇപ്പോള്‍ സ്വീകരിച്ചുവരുന്നത്. ഏതാനും നാള്‍ മുമ്പു സര്‍ക്കാരിന്റെ അഴിമതിക്കെതിരേ എല്‍ഡിഎഫ് നടത്തിയ സെക്രട്ടേറിയറ്റ് ധര്‍ണയില്‍ വി.എസ്. അച്യുതാനന്ദനൊപ്പം ആര്‍. ബാലകൃഷ്ണപിള്ളയും മകന്‍ കെ.ബി. ഗണേഷ്കുമാര്‍ എംഎല്‍എയും പങ്കെടുത്തിരുന്നു.

അഴിമതിക്കാര്‍ക്കൊപ്പം ചേര്‍ന്നു വി.എസ് അഴിമതിവിരുദ്ധ സമരം നടത്തുന്നുവെന്ന ആരോപണം ഇതോടെ വ്യാപകമായിരുന്നു. അരുവിക്കര ഉപതെരഞ്ഞെടുപ്പിലും പിള്ള നേതൃത്വം നല്‍കുന്ന കേരള കോണ്‍ഗ്രസ്- ബി ഇടതുമുന്നണി സ്ഥാനാര്‍ഥിക്കു വേണ്ടി സജീവമായി പ്രചാരണ രംഗത്തുണ്ടായിരുന്നു. അരുവിക്കരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കടുത്ത പരാജയം നേരിട്ടിരുന്നു.

ഇടമലയാര്‍ അഴിമതിക്കേസില്‍ പിള്ളയ്ക്കു ശിക്ഷ വാങ്ങിക്കൊടുക്കാനായി കേസുമായി മുന്നോട്ടുപോയതു വി.എസ്. അച്യുതാനന്ദനായിരുന്നു. സിപിഎം ഔദ്യോഗിക വിഭാഗത്തിന്റെ ഒത്താശയോടെ എല്‍ഡിഎഫിന്റെ ഭാഗമാകുമെന്നു കേരള കോണ്‍ഗ്രസ്- ബി കരുതിയിരിക്കുന്ന അവസരത്തിലാണു പിള്ളയ്ക്കെതിരേ കടുത്ത വിമര്‍ശനവുമായി വി.എസ്. അച്യുതാനന്ദന്‍ വീണ്ടും രംഗത്തെത്തിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.