മോചനയാത്രയ്ക്ക് ഉജ്വല സ്വീകരണം
മോചനയാത്രയ്ക്ക് ഉജ്വല സ്വീകരണം
Monday, August 3, 2015 12:21 AM IST
ആലപ്പുഴ/ചങ്ങനാശേരി: കാര്‍ഷക അവഗണനയ്ക്കും തീവ്രവാദ ത്തിനും അഴിമതിക്കും എതിരേ കത്തോലിക്ക കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സംസ്ഥാന പ്രസിഡന്റ് വി.വി. അഗസ്റിന്‍ നയിക്കുന്ന തെക്കന്‍മേഖല മോചനയാത്രയ്ക്കു ആലപ്പുഴ, കോട്ടയം ജില്ലകളില്‍ ഉജ്വല വരവേല്‍പ്.

രാവിലെ ഒമ്പതോടെ ആലപ്പുഴ മാര്‍ സ്ളീവ പള്ളിയില്‍ ജാഥയുടെ ആലപ്പുഴയിലെ പര്യടനം വികാരി ഫാ.ജോസഫ് തൂമ്പുങ്കല്‍ ഉദ്ഘാടനംചെയ്തു. എകെസിസി ആലപ്പുഴ ഫൊറോന പ്രസിഡന്റ് ബേബി പാറക്കാടന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന വര്‍ക്കിംഗ് കമ്മറ്റിയംഗം ജോര്‍ജ് കോയിക്കല്‍, സംസ്ഥാന സെക്രട്ടറി സൈബി അക്കര, സംസ്ഥാന ട്രഷറര്‍ ജോസുകുട്ടി മാടപ്പള്ളി, സംസ്ഥാന സെക്രട്ടറി ജോസ് മുക്കം, അതിരൂപത പ്രസിഡന്റ് ക്യാപ്റ്റന്‍ ജോര്‍ജ് ജോസഫ് വാതപ്പള്ളി തുടങ്ങിയവര്‍ പങ്കെടുത്തു.

തുടര്‍ന്ന് തത്തംപള്ളി സെന്റ്മൈക്കിള്‍സ് പള്ളി, പുന്നമടസെന്റ് മേരീസ് പള്ളി, പൂന്തോപ്പ് സെന്റ് ഫ്രാന്‍സീസ് പള്ളി, മണ്ണഞ്ചേരി സെന്റ് മേരീസ് പള്ളി, മുഹമ്മ സെന്റ്ജോര്‍ജ് പള്ളി, പാദുവപുരം സെന്റ്ആന്റണീസ് പള്ളി, ആറാട്ടുവഴി സെന്റ് ജോസഫ് പള്ളി, പുത്തനങ്ങാടി സെന്റ് ജോര്‍ജ് പള്ളി എന്നിവിടങ്ങളില്‍ പര്യടനംനടത്തിയ മോചനയാത്ര ഒന്നോടെ കൈതവന സെന്റ് മേരി ഇമാക്കുലേറ്റ് പള്ളിയില്‍ സമാപിച്ചു. കുട്ടനാട്ടിലെ പുളിങ്കുന്ന്, ചമ്പക്കുളം, എടത്വ ഫൊറോന കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ രാമങ്കരിയിലാണു സ്വീകരണം നല്കിയത്. മലങ്കര സുറിയാനി ക്നാനായ ആര്‍ച്ച്ബിഷപ് കുരിയാക്കോസ് മാര്‍ സെവേറിയോസ് വലിയ മെത്രാപ്പോലീത്ത സ്വീകരണ സമ്മേളനം ഉദ്ഘാടനംചെയ്തു.

ചങ്ങനാശേരിയിലും ജാഥയ്ക്കു പ്രൌഢോജ്വല വരവേല്പ്. മെത്രാപ്പോലീത്തന്‍ പള്ളി അങ്കണത്തില്‍ എത്തിയ ജാഥയെ മെത്രാപ്പോലീത്തന്‍പള്ളി വികാരി ഫാ.കുര്യന്‍ പുത്തന്‍പുരയുടെ നേതൃത്വത്തില്‍ ഭാരവാഹികള്‍ ചേര്‍ന്നു സ്വീകരിച്ചു. ചങ്ങനാശേരി, തൃക്കൊടിത്താനം, കുറുമ്പനാടം, നെടുംകുന്നം, മണിമല ഫൊറോനകളുടെ നേതൃത്വത്തിലാണു സ്വീകരണം നല്‍കിയത്.

തുടര്‍ന്ന് മോചനയാത്രയെ സമ്മേളന നഗരിയായ മുനിസിപ്പല്‍ ജംഗ്ഷനിലേക്കു വാദ്യമേളങ്ങളുടെ അകമ്പടിയോടെ നൂറുകണക്കിനു പ്രവര്‍ത്തകര്‍ ചേര്‍ന്ന് സ്വീകരിച്ച് ആനയിച്ചു. മുനിസിപ്പല്‍ ജംഗ്ഷനില്‍ ചേര്‍ന്ന സമ്മേളനം അതിരൂപത വികാരി ജനറാള്‍ മോണ്‍.ജോസഫ് മുണ്ടകത്തില്‍ ഉദ്ഘാടനംചെയ്തു. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ കേരളത്തിലെ കര്‍ഷകരെ പീഡിപ്പിക്കുകയും അവഗണിക്കുകയും ചെയ്യുന്ന സമീപനമാണ് അനുവര്‍ത്തിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.


മെത്രാപ്പോലീത്തന്‍പള്ളി വികാരി ഫാ.കുര്യന്‍ പുത്തന്‍പുര സന്ദേശം നല്‍കി. അതിരൂപത പ്രസിഡന്റ് ജോര്‍ജ് ജോസഫ് വാതപ്പള്ളി അധ്യക്ഷത വഹിച്ചു. പ്രഫ.ജോസുകുട്ടി ഒഴുകയില്‍ വിഷയവതരണം നടത്തി. സംസ്ഥാന സെക്രട്ടറി സൈബി അക്കര, ഭാരവാഹികളായ ജോസ് മുക്കം, ബാബു വളപ്പുര, കെ.എസ്.ആന്റണി, പി.സി.കുഞ്ഞപ്പന്‍, ജോസുകുട്ടി കുട്ടംപേരൂര്‍, കെ.എസ്.ജോസഫ്, ജോര്‍ജുകുട്ടി മുക്കം, ഡൊമിനിക്ക് സാവിയോ, ടോമി ഇളംത്തോട്ടം, തോമസുകുട്ടി മണകുന്നേല്‍ എന്നിവര്‍ പ്രസംഗിച്ചു. ജാന്‍സന്‍ ജോസഫ്, സാലു തോമസ്, എബ്രഹാം ജോസ്, റോയി പുല്ലുകാട്ട്, അഡ്വ.ടോമി കണയംപ്ളാക്കല്‍, സിബി മുക്കാടന്‍, ജോസ് ആയിരമല, സെബാസ്റ്യന്‍ റ്റി.ജെ, ജിജി പേരകശേരി, ജോണ്‍സണ്‍ കൊച്ചീത്തറ, മറീന തരകന്‍, മേരിക്കുട്ടി ജയിംസ്, ജോയി തോമസ്, കെ.കെ.വര്‍ഗീസ്, സണ്ണി പാലയ്ക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഇന്നു രാവിലെ കോട്ടയത്തേക്കു പോകുന്ന മോചനയാത്ര വിവിധ ഫൊറോനകളുടെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി വൈകുന്നേരം അഞ്ചിനു കോട്ടയത്ത് എത്തിച്ചേരും. ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം സമ്മേളനം ഉദ്ഘാടനം ചെയ്യും. കോട്ടയം ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് അധ്യക്ഷത വഹിക്കും.

ഭരണരംഗത്തു നിശ്ചലാവസ്ഥയും നിസംഗതയും: മാര്‍ പവ്വത്തില്‍

ചങ്ങനാശേരി: ഭരണരംഗത്തു നിശ്ചലാവസ്ഥയും നിസംഗതയും പ്രകടമായിരിക്കുകയാണെന്നും പൊതുരംഗത്തെ യഥാര്‍ഥ പ്രശ്നങ്ങള്‍ മനസിലാക്കി പരിഹാരം കണ്െടത്താന്‍ അധികാരികള്‍ക്കു കഴിയണമെന്നും ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍.

കത്തോലിക്കാ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള മോചന യാത്രയ്ക്കു ചങ്ങനാശേരിയില്‍ നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ മാര്‍ പവ്വത്തില്‍ എഴുതി നല്‍കിയ സന്ദേശത്തിലാണ് ഇക്കാര്യം പറഞ്ഞത്.

ഭരണപ്രതിപക്ഷങ്ങള്‍ തമ്മിലുള്ള യുദ്ധവും ഭരണക്കാരുടെ ഇടയിലെ ചേരിതിരിവും ഉദ്യോഗസ്ഥ മേധാവിത്വവും പൊതുജീവിതത്തെ താറുമാറാക്കുകയാണെന്നും ആര്‍ച്ച്ബിഷപ് ചൂണ്ടിക്കാട്ടി.

അഴിമതി സാര്‍വത്രികമായി. വര്‍ഗീയതയും ഭീകരവാദവും വെല്ലുവിളി ഉയര്‍ത്തുകയാണ്. സംസ്ഥാനത്തെ ഭൂരിപക്ഷം വരുന്ന അസംഘടിതരായ കര്‍ഷകര്‍ അവഗണിക്കപ്പെടുകയും ഞെരുക്കപ്പെടുകയുമാണ്.

വിഴിഞ്ഞം പ്രദേശത്തെ മത്സ്യത്തൊഴിലാളികളുടെ നിലനില്‍പ്പും പ്രതിസന്ധിയിലാണ്. ഇതൊന്നും സര്‍ക്കാര്‍ ഗൌരവമായി കാണുന്നില്ല. ഇവയ്ക്കെല്ലാം എതിരേ ഉണരേണ്ട കാലഘട്ടമാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.