അരിയുടെ വില കൂട്ടാന്‍ അനുവദിക്കില്ല: മന്ത്രി അനൂപ്
അരിയുടെ വില കൂട്ടാന്‍ അനുവദിക്കില്ല: മന്ത്രി അനൂപ്
Sunday, August 2, 2015 12:38 AM IST
കൊച്ചി: അരിവില കൂട്ടാന്‍ അനുവദിക്കില്ലെന്നു ഭക്ഷ്യ പൊതുവിതരണ മന്ത്രി അനൂപ് ജേക്കബ്. ഓണക്കാലത്തെ ആവശ്യത്തിനുള്ള സ്റോക്ക് ഇപ്പോള്‍തന്നെ സംസ്ഥാന സര്‍ക്കാരിന്റെ പക്കലുണ്ട്. ആന്ധ്രയില്‍നിന്നു ജയ അരിയാണ് കേരളം ഏറ്റവുമധികം വാങ്ങുന്നത്. ഈ അരിക്കു ക്ഷാമം വരാന്‍ അനുവദിക്കില്ല. കേരളത്തിലേക്കുള്ള അരി വരവ് ആന്ധ്രാ മില്ലുടമകള്‍ തടയുന്നതിന്റെ പേരില്‍ വില കൂട്ടാന്‍ അനുവദിക്കില്ലെന്നും മന്ത്രി പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.

ആന്ധ്രപ്രദേശിലെ അരിമില്ലുകളുടെ ബഹിഷ്കരണം സപ്ളൈകോ വില്പനശാലകളെ ബാധിക്കില്ല. അരിക്ഷാമം നേരിടുമെന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്. മില്ലുടമകള്‍ കേരളത്തിന് അരി നല്‍കാന്‍ തയാറല്ലെങ്കില്‍ ബദല്‍ മാര്‍ഗം നോക്കും. പൊതുവിപണിയില്‍നിന്ന് ഇ-ടെന്‍ഡര്‍ വഴിയും അരി സംഭരിക്കും. കേരളത്തിന് അരി നല്‍കാതിരിക്കാന്‍ ആന്ധ്രയിലെ മില്ലുടമകള്‍ക്കു സ്വാതന്ത്യ്രമുണ്ട്. മറ്റുള്ളവരില്‍നിന്നു വാങ്ങാന്‍ സര്‍ക്കാരിനും അവകാശമുണ്ട്. അതു തടയാന്‍ ശ്രമിച്ചാല്‍ അനുവദിക്കില്ല. അത്തരം നീക്കം ഉണ്ടായാല്‍ നിയമനടപടി സ്വീകരിക്കും.


ഒരു ഏജന്‍സി പണം കുടിശിക വരുത്തിയതിന്റെ പേരില്‍ മറ്റൊരു ഏജന്‍സിക്കു അരി നല്‍കാതിരിക്കുന്നതു ശരിയല്ല. കണ്‍സ്യൂമര്‍ ഫെഡിന്റെ പേരില്‍ സപ്ളൈകോയ്ക്കു അരി നല്‍കാതിരിക്കുന്നതു ന്യായീകരിക്കാന്‍ കഴിയില്ല. സപ്ളൈകോ ഒരു രൂപ പോലും കുടിശിക വരുത്തിയിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. ഓണക്കാലത്തേക്ക് ആവശ്യമായ കൂടുതല്‍ അരി എത്തിക്കാന്‍ നടപടി സ്വീകരിച്ചു കഴിഞ്ഞു. 37,000 ടണ്‍ അരി ഈ ഓണക്കാലത്തേക്കായി സംഭരിച്ചിട്ടുണ്ട്. ആന്ധ്രാപ്രദേശിലെ മില്ലുകളില്‍നിന്നു ജയ അരി ആവശ്യത്തിനു ലഭിക്കാത്ത പക്ഷം ആവശ്യമെങ്കില്‍ പകരം മട്ട അരി വിതരണം ചെയ്യും.

ഓണക്കാലത്ത് വില നിയന്ത്രണത്തിന് ഇടപെടാനായി സര്‍ക്കാര്‍ സപ്ളൈകോയ്ക്കു 64 കോടി രൂപ നല്‍കിയിട്ടുണ്ട്. പൊതുവിപണിയിലെ വില നിരീക്ഷിക്കാന്‍ സപ്ളോകോ വിജിലന്‍സ് സ്ക്വാഡിനെ രംഗത്തിറക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.