ആഫ്രിക്കന്‍ ഒച്ചുകള്‍ സ്വസ്ഥത കെടുത്തുന്നു
ആഫ്രിക്കന്‍ ഒച്ചുകള്‍ സ്വസ്ഥത കെടുത്തുന്നു
Sunday, August 2, 2015 12:35 AM IST
ബെന്നി മുക്കുങ്കല്‍

നെടുങ്കണ്ടം: ഹൈറേഞ്ചുകാര്‍ ഒച്ചുകളെകൊണ്ടു മടുത്തു. പുരയിടത്തിലും വീട്ടുമുറ്റത്തും അടുക്കളയിലുമെല്ലാം വിഹരിക്കുകയാണ് കണ്ടാല്‍ അറപ്പുളവാക്കുന്ന ഒച്ചുകള്‍. ലോകത്തിലെ നൂറ് അതിനികൃഷ്ട ജീവികളില്‍ ഒന്നായ ആഫ്രിക്കന്‍ ഒച്ചുകളാണ് ഹൈറേഞ്ചില്‍ വ്യാപകമാകുന്നത്. കാര്‍ഷികവിളകള്‍ അടക്കമുള്ള വിവിധ സസ്യങ്ങളെ ആക്രമിക്കുന്നതോടൊപ്പം കുടിവെള്ള സ്രോതസുകള്‍ ഇവ മലിനമാക്കുകയും ചെയ്യുന്നു. വീടുകളിലെ തണുപ്പും ജലാംശവുമുള്ള സ്ഥലങ്ങളിലാണ് ഒച്ചുകള്‍ കൂടുതലായി കാണപ്പെടുന്നത്.

അക്കാറ്റിനാ ഫുലിക്കാ എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന ഒച്ചുകളുടെ ജന്മദേശം കിഴക്കന്‍ ആഫ്രിക്കയാണ്. 1970ല്‍ കേരളത്തില്‍ ആദ്യമായി പ്രത്യക്ഷപ്പെട്ട ഇവ 2005 മുതല്‍ എല്ലാ ജില്ലകളിലും വ്യാപകമാണ്. പുല്ലുവര്‍ഗം ഒഴികെ മറ്റെല്ലാ ചെടികളും ഇവയുടെ ആഹാരങ്ങളാണ്.

അഞ്ഞൂറിലേറെ സസ്യങ്ങള്‍, പായലുകള്‍, അഴുകിയ ജൈവാവശിഷ്ടങ്ങള്‍, പേപ്പര്‍, തടി, ചെറിയ കല്ലുകള്‍ തുടങ്ങി വിവിധ ജൈവ, അജൈവ വസ്തുക്കളെ ഇത് ആഹാരമാക്കുന്നു. അറുപതിനായിരത്തോളം പല്ലുകളുള്ള റാഡുല എന്ന അവയവമാണ് ആഹാരം കടിച്ചുമുറിച്ചുതിന്നാന്‍ ഇവയെ സഹായിക്കുന്നത്. സ്വാഭാവികമായുള്ള ആഹാരശൃംഖലകളില്‍ കടന്നുകയറ്റം നടത്തി പരിസ്ഥിതി സന്തുലനം തന്നെ താറുമാറാക്കും. ഇവയുടെ കാഷ്ഠത്തില്‍നിന്നും കണ്െടത്തിയിട്ടുള്ള ഫൈറ്റോഫ്തോറ എന്ന കുമിള്‍ കൊക്കോയുടെ കായ് അഴുകല്‍, മാഹാളി, കൊമ്പ് ചീയല്‍ എന്നിവയ്ക്കു കാരണമാകും.


ആഫ്രിക്കന്‍ ഒച്ചിന്റെ ശരീരത്തിലുള്ള നിമാവിരകള്‍ മനുഷ്യരില്‍ മെനഞ്ചൈറ്റിസ് ബാധ ഉണ്ടാക്കാന്‍ ശേഷിയുള്ളതാണ്. ഒച്ചിനെ നേരിട്ട് സ്പര്‍ശിക്കുമ്പോള്‍ ചൊറിച്ചിലും വൃണങ്ങളും ഉണ്ടാകാറുണ്ട്. ഇവ മനുഷ്യരിലും മൃഗങ്ങളിലും എന്തൊക്കെ രോഗങ്ങള്‍ ഉണ്ടാക്കുമെന്ന് ഇനിയും ശാസ്ത്രീയ പഠനങ്ങള്‍ നടത്തിയിട്ടില്ല. ഇവയുടെ കാഷ്ഠവും ശ്രവവുംകൊണ്ട് പരിസരം മലിനമാകുകയും ചത്ത ഒച്ചുകള്‍ ചീയുമ്പോള്‍ അസഹ്യമായ ദുര്‍ഗന്ധം ഉണ്ടാകുകയും ചെയ്യുന്നു. ഇവയെ നശിപ്പിക്കുന്നതിന് ആരോഗ്യവകുപ്പ് ഒരു നിര്‍ദേശവും നല്‍കിയിട്ടില്ല. വീട്ടമ്മമാര്‍ ഉപ്പ് കലക്കി ഒഴിച്ചാണ് ഇവയെ കൊല്ലുന്നത്. ഉപ്പ് ഒഴിക്കുമ്പോള്‍ ഇവ പൊട്ടി പരിസരമാകെ വ്യാപിക്കുകയും ചെയ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.