അധ്യാപക നിയമനം: മാനേജ്മെന്റ് അസോസിയേഷന്‍ പ്രതിഷേധിച്ചു
Sunday, August 2, 2015 12:24 AM IST
മൂവാറ്റുപുഴ: യൂണിവേഴ്സിറ്റി നിയമങ്ങള്‍ക്കു വിരുദ്ധമായി അധ്യാപക തസ്തിക വെട്ടിക്കുറയ്ക്കാനുള്ള ആസൂത്രിത സര്‍ക്കാര്‍ നീക്കത്തില്‍ സ്വകാര്യ കോളജ് മാനേജ്മെന്റ്സ് അസോസിയേഷന്‍ പ്രതിഷേധിച്ചു. ഈ നീക്കവുമായി സര്‍ക്കാര്‍ മുന്നോട്ടുപോയാല്‍ പ്രത്യക്ഷ സമരപരിപാടികള്‍ നടത്തുമെന്നും എറണാകുളം സെന്റ് തെരേസാസ് കോളജില്‍ ചേര്‍ന്ന യോഗത്തില്‍ അസോസിയേഷന്‍ മുന്നറിയിപ്പു നല്‍കി.

വര്‍ക്ക്ലോഡ് കണക്കാക്കുമ്പോള്‍ അധികം വരുന്ന മണിക്കൂറുകള്‍ക്കു തസ്തികകള്‍ അനുവദിക്കുകയില്ലെന്ന നിലപാട് ഉന്നത വിദ്യാഭ്യാസരംഗം താറുമാറാകാന്‍ കാരണമാകും. ഏക അധ്യാപകര്‍ മാത്രമുള്ള വിഷയങ്ങളില്‍ 16 മണിക്കൂറെങ്കിലും ഉണ്െടങ്കില്‍ മാത്രമേ അധ്യാപക തസ്തിക അനുവദിക്കുകയുള്ളൂവെന്ന സമീപനം ആ വിഷയങ്ങള്‍ പഠിക്കുന്ന വിദ്യാര്‍ഥികളുടെ പഠനം അവതാളത്തിലാക്കും. ബിരുദാനന്തര ബിരുദ ക്ളാസുകളിലും പ്രാക്ടിക്കല്‍ ക്ളാസുകളിലും ഏകപക്ഷീയമായി വര്‍ക്ക്ലോഡ് കൂട്ടാനുള്ള ശ്രമം വിദ്യാഭ്യാസ നിലവാരം ഇടിയുന്നതിനു കാരണമാകും. എയ്ഡഡ് കോഴ്സെന്ന പേരില്‍ കോളജുകളില്‍ കോഴ്സുകള്‍ അനുവദിച്ചിട്ടു മൂന്നു വര്‍ഷമായിട്ടും ഒരു അധ്യാപക നിയമനം പോലും നടത്താത്തതിലും 1998ല്‍ അനുവദിച്ച കോഴ്സുകള്‍ക്കുപോലും ആവശ്യമായ അധ്യാപക-അനധ്യാപക നിയമനങ്ങള്‍ നടത്താന്‍ തയാറാകാത്തതിലും യോഗം പ്രതിഷേധിച്ചു.

ഇതു വിദ്യാര്‍ഥികളോടും രക്ഷിതാക്കളോടും സര്‍ക്കാരിന്റെ തികഞ്ഞ അവഗണനയും വിദ്യാഭ്യാസ മേഖലയോടുള്ള അവഹേളനവുമാണ്. പ്രശ്നം സംബന്ധിച്ചു സര്‍ക്കാരുമായി മാനേജ്മെന്റ് അസോസിയേഷന്‍ നടത്തിയ ചര്‍ച്ചകളിലെല്ലാം നിഷേധാത്മകമായ സമീപനമാണു സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്.


ഈ സാഹചര്യത്തിലാണു മാനേജ്മെന്റ്സ് അസോസിയേഷന്‍ ശക്തമായ നിലപാടുമായി രംഗത്തുവന്നിട്ടുള്ളതും സമാനചിന്തഗതിയുള്ള വിദ്യാഭ്യാസ ഏജന്‍സികളുമായി സഹകരിച്ചു മുന്നോട്ടുപോകുന്നതിനു തീരുമാനിച്ചതും.

യോഗത്തില്‍ അസോസിയേഷന്‍ പ്രസിഡന്റ് പ്രഫ.ആര്‍. പ്രസന്നകുമാര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പ്രഫ.വിന്‍സെന്റ് നെടുങ്ങാട്ട്, ചങ്ങനാശേരി അതിരൂപത വികാരി ജനറാള്‍ മോണ്‍. ജയിംസ് പാലയ്ക്കല്‍, റവ.ഡോ.ജോസ് കുറിയേടത്ത്, എംഇഎസ് ചെയര്‍മാന്‍ പ്രഫ.കടവനാട് മുഹമ്മദ്, പ്രിന്‍സിപ്പല്‍സ് കൌണ്‍സില്‍ പ്രസിഡന്റ് ഡോ.എം. ഉസ്മാന്‍, സെക്രട്ടറി ഡോ. ടി.എം. ജോസഫ്, ഡോ. ജോളി ജേക്കബ്, ഡോ.എം.ഇ. കുര്യാക്കോസ്, പ്രഫ.ഏബ്രഹാം അറയ്ക്കല്‍, ഫാ.സോളമന്‍ ചാരങ്ങാട്ട്, റവ.ഡോ.ജോസഫ് പരിയാത്ത്, റവ.ഡോ.ബേബി സെബാസ്റ്യന്‍, ഫാ.മാര്‍ട്ടിന്‍, ഡോ.ജെന്‍സണ്‍, സിസ്റര്‍ റിറ്റി, മദര്‍ അഞ്ചലിക്ക, ഫാ.പോള്‍ വള്ളോപ്പിള്ളി, ഡോ.ഇ.പി. ഇമ്പച്ചിക്കോയ, ഒ.അബ്ദുള്‍ അലി, ഡോ.സി. സെയ്തലവി, ഫാ.പെലിക്സ് ചക്കാലയ്ക്കല്‍, ഫാ.ആന്റണി അറയ്ക്കല്‍, ഡോ.ഫ്രാന്‍സിസ് സിറിയക്, ഡോ.എ. ബിജു, ഡോ.അനിയന്‍കുഞ്ഞ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.