ഓസ്ട്രിയയില്‍നിന്നു ചിങ്ങവനത്തേക്ക് അയച്ച പണം ഹാക്കര്‍മാര്‍ ബ്രിട്ടീഷ് ബാങ്കിലാക്കി
Sunday, August 2, 2015 12:23 AM IST
കോട്ടയം: ചിങ്ങവനത്തുനിന്ന് ഓസ്ട്രിയയിലേക്കു കയറ്റുമതി ചെയ്ത റബര്‍ മാറ്റിന് ലഭിച്ച പണം ചിങ്ങവനത്തെ സ്ഥാപനം ഉടമയുടെ ഇ-മെയില്‍ ചോര്‍ത്തി ഹാക്കര്‍മാര്‍മാര്‍ തട്ടിയെടുത്തതായി പരാതി.

ചിങ്ങവനം കണ്‍സോളിഡേറ്റഡ് വുഡ് ഇന്‍ഡസ്ട്രീസ് ജൂണ്‍ 16ന് ഓസ്ട്രിയിലെ മസ്ത പ്രൊഡക്ഷന്‍സ് എന്ന കമ്പനിക്ക് അയച്ച റബര്‍ ചവിട്ടികളുടെ 14. 60 ലക്ഷം രൂപ സ്ഥാപനം ഉടമ തോമസ് ജോണിന്റെ ഇ- മെയിലിലും സ്ഥാപനത്തിന്റെ ലെറ്റര്‍ പാഡും ചോര്‍ത്തി അതില്‍ നിസാരമായ തിരുത്തലുകള്‍ വരുത്തിയാണു പണം ചോര്‍ത്തിയത്.

ഇ- മെയിലിലെ ചെറിയ മാറ്റം ഓസ്ട്രിയന്‍ കമ്പനിക്കും തോമസിനും മനസിലാകാതെ ഓസ്ട്രിയന്‍ കമ്പനി അയച്ച പണം ഹാക്കര്‍മാര്‍ ഇംഗ്ളണ്ടിലെ ബെയര്‍ലെയ്സ് ബാങ്കിലെ ഒരു അക്കൌണ്ടിലെത്തിച്ചതായി കണ്െടത്തി. തോമസും ഓസ്ട്രിയന്‍ സ്ഥാപനവും തമ്മില്‍ നടത്തിയ ഇ- മെയില്‍ രേഖകളെല്ലാം തസ്കരന്‍മാര്‍ കൈവശമാക്കുകയും ചെയ്തു.

ബാങ്ക് അക്കൌണ്ട് വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുന്നതിനാല്‍ പണം ആരുടെ പേരിലാണ് ഇംഗ്ളണ്ടില്‍ പണം എത്തിയതെന്ന് പരസ്യപ്പെടുത്താവില്ലെന്ന നിലപാടാണ് ബെയര്‍ലെയ്സ് ബാങ്കിന്റേതെന്ന് തോമസ് പറഞ്ഞു. ഇന്റര്‍പോളിന്റെ സഹായം തേടാനുള്ള ശ്രമത്തിലാണ് തോമസ്. കോട്ടയം ഡിവൈഎസ്പി വി അജിത്തിനു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.


മലയാളികള്‍ ഉള്‍പ്പെടെ ഇത്തരത്തില്‍ തട്ടിപ്പു നടത്തിരയാകുന്നവരുടെ പണം ബ്രിട്ടണിലെ ഇതേ ബാങ്കില്‍ പതിവായി എത്തുന്നതായി കണ്ടിട്ടുണ്െടന്നു പോലീസ് പറഞ്ഞു.

ഇ-മെയില്‍ വിലാസം ചോര്‍ത്തി ഇത്തരത്തില്‍ തട്ടിപ്പു നടത്തിവരുന്ന ആഗോള സംഘത്തിന്റെ കെണിയില്‍പ്പെടാതെ ജാഗ്രത പാലിക്കണമെന്നു പോലീസ് പറഞ്ഞു.

വിദേശത്തു ലോട്ടറി അടിച്ചു, അടുത്ത പരിചയക്കാരനോ സുഹൃത്തോ സഹായം തേടുന്നു തുടങ്ങി സമാന ഇ-മെയില്‍, മൊബൈല്‍ സന്ദേശങ്ങള്‍ ലഭിച്ചാല്‍ മറുപടി അയയ്ക്കുകയോ ഇ-മെയില്‍, ബാങ്ക് വിവരങ്ങള്‍ വെളിപ്പെടുത്തുകയോ ചെയ്യരുതെന്ന് പോലീസ് വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.