അറബിയില്‍നിന്നു ധനസഹായം വാഗ്ദാനം ചെയ്തു തട്ടിപ്പ്: ഒരാള്‍ പിടിയില്‍
അറബിയില്‍നിന്നു ധനസഹായം വാഗ്ദാനം ചെയ്തു തട്ടിപ്പ്: ഒരാള്‍ പിടിയില്‍
Sunday, August 2, 2015 12:14 AM IST
കോഴിക്കോട്: വിവാഹത്തിനും വീടുവയ്ക്കാനുമുള്ള ധനസഹായം അറബിയില്‍നിന്നു സംഘടിപ്പിച്ചു നല്‍കാമെന്നു പറഞ്ഞു നിരവധി സ്ത്രീകളുടെ സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്നയാള്‍ പിടിയില്‍. കഴിഞ്ഞ 20 വര്‍ഷത്തിനിടെ നാനൂറോളം സ്ത്രീകളുടെ സ്വര്‍ണവും പണവുമാണ് മലപ്പുറം അരീക്കോട് സ്വദേശി നടുവത്തുംചാലില്‍ അസൈനാര്‍(56) കവര്‍ച്ച ചെയ്തത്. ഇയാളെ ടൌണ്‍ സിഐ ടി.കെ. അഷ്റഫും സിറ്റി ക്രൈം സ്ക്വാഡും ചേര്‍ന്നാണ് ഇന്നലെ അറസ്റ് ചെയ്തത്. തട്ടിപ്പിനിരയായ തിരൂര്‍ സ്വദേശിനിയായ ഒരു യുവതി സിറ്റി പോലിസ് കമ്മീഷണര്‍ പി.എ. വല്‍സന് ഇ-മെയിലിലൂടെ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സൌത്ത് അസിസ്റന്റ് കമ്മീഷണര്‍ എ.ജെ. ബാബുവിന്റെ നേതൃത്വത്തില്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് അസൈനാറിനെ റെയില്‍വേ സ്റേഷന്‍ പ്ളാറ്റ്ഫോമില്‍നിന്നു പിടികൂടിയത്.

അഭിഭാഷകനെന്ന വ്യാജേന പരിചയപ്പെട്ട പ്രതി സ്ത്രീയുടെ സ്വര്‍ണ ബ്രേയ്സ്ലെറ്റ് കണ്ണൂരില്‍ തീവണ്ടിയില്‍ വച്ചു വാങ്ങി കോഴിക്കോട് റെയില്‍വേ സ്റേഷനില്‍ ഇറങ്ങി മുങ്ങുകയായിരുന്നു. വെള്ളം വാങ്ങാനെന്ന വ്യാജേനെയാണ് ഇയാള്‍ പുറത്തിറങ്ങി രക്ഷപ്പെട്ടത്. അഭിഭാഷകനായും ഗള്‍ഫുകാരനായും മറ്റ് പല വേഷങ്ങളിലും കേരളത്തില്‍ അങ്ങോളമിങ്ങോളം സഞ്ചരിച്ചാണ് ഇയാള്‍ തട്ടിപ്പുനടത്തിയിട്ടുള്ളത്. 1995ല്‍ കസബ സ്റേഷനിലാണ് പ്രതി ആദ്യമായി പിടിയിലാവുന്നത്. കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം തുടങ്ങിയ ജില്ലകളിലെ വിവിധ പോലീസ് സ്റേഷനുകളില്‍ ഇയാള്‍ക്കെതിരേ നിരവധി കേസുകളുണ്ട്. മൂന്നര വര്‍ഷം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവിലായിരുന്ന അസൈനാര്‍ നാലു മാസം മുമ്പാണ് പുറത്തിറങ്ങിയത്. ആറുതവണ വിവാഹം കഴിച്ച ഇയാള്‍ ജയിലില്‍നിന്നിറങ്ങിയ ശേഷം കണ്ണൂര്‍ സ്വദേശിനിയായ മറ്റൊരു യുവതിയെയും വിവാഹം കഴിച്ചു. തുടര്‍ന്നു തട്ടിപ്പിന്റെ മറ്റു മേഖലകളിലേക്കു കടക്കുകയായിരുന്നു. ട്രെയിനിലും പള്ളികളിലും വച്ചാണ് ഇയാള്‍ സ്ത്രീകളെ പരിചയപ്പെട്ടിരുന്നത്. ദരിദ്രരായ കുടുംബങ്ങളിലെ പെണ്‍കുട്ടികള്‍ക്ക് അറബിയില്‍നിന്നു വിവാഹ ധനസഹായം വാങ്ങി നല്‍കാം, വീടു വയ്ക്കാന്‍ സഹായം നല്‍കാം എന്നൊക്കെ പറഞ്ഞായിരുന്നു തട്ടിപ്പ്. അറബിയെ കാണാന്‍ വരുമ്പോള്‍ ഫോട്ടോയും തിരിച്ചറിയല്‍ കാര്‍ഡും കൊണ്ടുവരാന്‍ പറയും. ഈ രേഖകള്‍ ഉപയോഗിച്ച് ഇയാള്‍ സിം കാര്‍ഡ് തരപ്പെടുത്തും. ഇതുപയോഗിച്ചു മറ്റു പലരെയും വിളിച്ചു തട്ടിപ്പ് നടത്തും. ആവശ്യം കഴിഞ്ഞാല്‍ സിംകാര്‍ഡ് ഉപേക്ഷിക്കും. ആരെങ്കിലും പരാതി നല്‍കിയാല്‍ തന്നെ രേഖകളുടെ ഉടമയിലേക്കാണു പോലീസ് എത്തുക.


ഇത്തവണ ജയിലില്‍നിന്ന് ഇറങ്ങിയ ശേഷം ഇയാള്‍ 20 മൊബൈല്‍ ഫോണും 30 സിംകാര്‍ഡും ഉപയോഗിച്ചതായി പോലീസ് പറഞ്ഞു. ഇരകളുടെ വിശ്വാസം ആര്‍ജിക്കാന്‍ നോമ്പുകാലത്ത് ഇയാള്‍ തീവണ്ടിയില്‍ നിസ്കരിക്കുകയും നോമ്പു തുറക്കുകയും ചെയ്യാറുണ്ട്. ഇയാള്‍ അറബിയില്‍ ഫോണിലൂടെ സംസാരിക്കുകയും ചെയ്യും. അറബിയില്‍ കത്തെഴുതി സ്ത്രീകളെക്കൊണ്ട് ഒപ്പിടുവിക്കുകയും ചെയ്യുമായിരുന്നു. പല ജില്ലകളിലെയും മുന്തിയ ഹോട്ടലുകളില്‍ അറബി താമസിക്കുന്നുണ്െടന്നു വിശ്വസിപ്പിച്ചു സ്ത്രീകളെ അറബിയുടെ അടുത്തേക്കു കൊണ്ടു പോകും. പോകുമ്പോള്‍ ഇവര്‍ ആഭരണമണിയുകയോ പണം കൊണ്ടു പോവുകയോ ചെയ്തിട്ടുണ്െടങ്കില്‍ ഇതു വാങ്ങിവയ്ക്കും.

സ്വര്‍ണവും പണവും കണ്ടാല്‍ അറബിയുടെ ഭാര്യക്കു ദേഷ്യം വരുമെന്നാണു പറയുക. സ്വര്‍ണവും പണവും കൈക്കലാക്കി കഴിഞ്ഞാല്‍ മുങ്ങുകയാണു പതിവ്. കണ്ണൂര്‍ റെയില്‍വേ സ്റേഷനില്‍നിന്നു പരിചയപ്പെട്ട മറ്റൊരു സ്ത്രീയെ അറബി ആശുപത്രിയിലുണ്െടന്നു പറഞ്ഞ് അവിടെ എത്തിച്ചാണു പറ്റിച്ചത്. അറബി റൂമിലുണ്െടന്നു പറഞ്ഞു രണ്ട് സ്വര്‍ണമോതിരമാണ് ഇയാള്‍ തട്ടിയെടുത്തത്. തിരുവനന്തപുരം സ്വദേശിനിയായ യുവതിയെ കാസര്‍ഗോഡ് മാലിക് ദിനാര്‍ പള്ളിയില്‍ അറബിയുണ്െടന്നു പറഞ്ഞാണു പറ്റിച്ചത്. സ്വര്‍ണമാലയും മോതിരവുമാണു തട്ടിയെടുത്തത്. കോഴിക്കോട് ഡയാലിസിസ് കഴിഞ്ഞു തീവണ്ടിയില്‍ മടങ്ങിയ പഴയങ്ങാടിയിലെ ഉമ്മയെയും മകളെയും ഡയാലിസിസിനു സഹായം നല്‍കാമെന്നു പറഞ്ഞും ഇയാള്‍ തട്ടിപ്പു നടത്തി. അറബി എസി കോച്ചില്‍ ഉണ്െടന്നാണ് ഇയാള്‍ പറഞ്ഞത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.