രാത്രികാല വാഹനാപകടങ്ങള്‍: മുന്‍കരുതല്‍ വേണമെന്നു ഡിജിപി
രാത്രികാല വാഹനാപകടങ്ങള്‍:  മുന്‍കരുതല്‍ വേണമെന്നു ഡിജിപി
Saturday, August 1, 2015 12:36 AM IST
തിരുവനന്തപുരം: രാത്രികാലങ്ങളിലെ വാഹനാപകടങ്ങള്‍ കുറയ്ക്കുന്നതിനു ഡ്രൈവര്‍മാര്‍ക്ക് പ്രത്യേകം ബോധവത്കരണം നട ത്താന്‍ സംസ്ഥാന പോലീസ് മേധാവി ടി.പി. സെന്‍കുമാര്‍ ജില്ലാ പോലീസ് മേധാവിമാര്‍ക്കും ട്രാഫിക് പോലീസിനും നിര്‍ദേശം നല്കി. കുടുംബാംഗങ്ങള്‍ ഒന്നിച്ചു മരണപ്പെടുകയോ അപകടത്തിലാവുകയോ ചെയ്യുന്ന മിക്ക വാഹനാപകടങ്ങളും രാത്രിയാണ് ഉണ്ടാകുന്നത്. ഇതിന്റെ പ്രധാന കാരണം വെളിച്ചക്കുറവും ഉറക്ക ക്ഷീണവുമാണ്.

എയര്‍പോര്‍ട്ടുകളില്‍ ബന്ധുക്കളെയോ സുഹൃത്തുക്കളെയോ യാത്രയയയ്ക്കാനായി വന്നു തിരികെപ്പോകുന്ന ധാരാളം വാഹനങ്ങള്‍ ഇത്തരത്തില്‍ അപകടങ്ങളില്‍പ്പെടുന്നുണ്ട്. രാത്രി വാഹനമോടിച്ച് ശീലമില്ലാത്ത ഡ്രൈവര്‍മാര്‍ ഓടിക്കുന്ന വാഹനങ്ങളാണ് കൂടുതലും അപകടങ്ങളില്‍പ്പെടുന്നത്. ഇത്തരം അപകടങ്ങള്‍ കുറയ്ക്കാന്‍ യാത്രക്കാരും സഹകരിക്കണം. രാത്രി വാഹനം ഓടിക്കുമ്പോള്‍ ഉറക്കം വന്നാല്‍ വാഹനം നിറുത്തിയിട്ട് അല്പ സമയം ഉറങ്ങിയതിനുശേഷം മാത്രമേ യാത്ര തുടരാവൂ. ഡ്രൈവര്‍ ഉറക്കക്ഷീണത്തിലല്ല എന്നും ഉറങ്ങിപ്പോകുന്നില്ല എന്നും യാത്രക്കാര്‍ കൂടി ഉറപ്പാക്കണം. രാത്രിവേറൊരു വാഹനത്തെ പിന്‍തുട രുമ്പോള്‍ ഹെഡ്ലൈറ്റുകള്‍ ഡിപ്പ് ചെയ്ത് വാഹനമോടിക്കണം. എതിരേ വാഹനങ്ങള്‍ വരുമ്പോള്‍ ഹെഡ്ലൈറ്റുകള്‍ ഡിം ചെയ്ത് കൊടുക്കണം.


മദ്യപിച്ചു വാഹനമോടിക്കരുത്. റോഡ് നിയമങ്ങള്‍ കര്‍ശനമായി പാലിക്കണം. അതിവേഗം ഒഴിവാ ക്കണം.
യാത്ര അയയ്ക്കാന്‍ വന്നവര്‍ തിരികെപ്പോകുമ്പോള്‍ വാഹനാപകടങ്ങളില്‍പെടാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തണം. തുടക്കത്തില്‍ എയര്‍പോര്‍ട്ടുകളില്‍ എയ്ഡ്പോസ്റ് മുഖാന്തിരം ഇത്തരം നടപടികള്‍ സ്വീകരിക്കണമെന്നും ഗതാഗത വകുപ്പിന്റെയും മറ്റു സര്‍ക്കാരിതര സംഘടനകളുടെയും സഹായം തേടാവുന്നതാണെന്നും സംസ്ഥാന പോലീസ് മേധാവി നിര്‍ദേശിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.