സിവില്‍ സര്‍വീസ് വിജയികള്‍ ധാര്‍മികമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണം: മാര്‍ പവ്വത്തില്‍
സിവില്‍ സര്‍വീസ് വിജയികള്‍ ധാര്‍മികമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണം: മാര്‍ പവ്വത്തില്‍
Saturday, August 1, 2015 12:32 AM IST
പാലാ: ധാര്‍മികമൂല്യങ്ങള്‍ മുറുകെപ്പിടിച്ചു സാമൂഹ്യനന്മയ്ക്കു വേണ്ടി നിലകൊള്ളുന്നവരായിരിക്കണം സിവില്‍ സര്‍വീസ് വിജയികളെന്ന് ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍.

പാലാ സിവില്‍ സര്‍വീസ് ഇന്‍സ്റിറ്റ്യൂട്ടില്‍ പരിശീലനം നടി സിവില്‍ സര്‍വീസ് പരീക്ഷയില്‍ വിജയിച്ചവരെ അനുമോദിക്കാന്‍ ചേര്‍ന്ന യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നയോഗം മാര്‍ ജോസഫ് പവ്വത്തിലും ധനമന്ത്രി കെ.എം. മാണിയും ചേര്‍ന്നു ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു. സിവില്‍ സര്‍വീസ് നേടിയവര്‍ ജനങ്ങളെ ഭരിക്കുന്ന അധികാരികള്‍ എന്ന നിലയിലല്ല, മറിച്ച് അവരുടെ ആവശ്യങ്ങളില്‍ സഹായിക്കുന്ന സേവകരെന്ന നിലയിലായിരിക്കണം പെരുമാറേണ്ടതെന്നു മന്ത്രി കെ.എം. മാണി പറഞ്ഞു.

പാലാ സിവില്‍ സര്‍വീസ് ഇന്‍സ്റിറ്റ്യൂട്ടില്‍ നിന്നു ഐഎഎസ് പരീക്ഷ വിജയിച്ചവര്‍ക്ക് മന്ത്രി സ്വര്‍ണമെഡലുകള്‍ സമ്മാനിച്ചു.

ചങ്ങനാശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം, മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍ എന്നിവര്‍ അനുഗ്രഹ പ്രഭാഷണം നടത്തി. ആന്റോ ആന്റണി എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മല ജിമ്മി, പാലാ മുനിസിപ്പല്‍ ചെയര്‍മാന്‍ കുര്യക്കോസ് പടവന്‍, ജ്യോതിസ് മോഹന്‍, പ്രിന്‍സിപ്പല്‍ ഡോ. ജോസഫ് വെട്ടിക്കന്‍, പ്രഫ. ജോര്‍ജ് ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.


ജോയി ഏബ്രഹാം എംപി ഇന്‍സ്റിറ്റ്യൂട്ടിന്റെ സ്ഥാപക നേതാക്കളായ ഫാ. ജോസ്.പി. കൊട്ടാരം, മോണ്‍. ഫിലിപ്പ് ഞരളക്കാട്ട്, ഫാ. മാത്യു മൂത്തേടം എന്നിവരെ പൊന്നാടയണിയിച്ചു.

ഡോ. രേണു രാജ്, ആഷാ അജിത്ത്, ജെറോമിക് ജോര്‍ജ്, സിമി മറിയം ജോര്‍ജ്, എം. രഘു, കെ.എം. സരയൂ, ഭാവികാ മംഗളാനന്ദന്‍, റേച്ചല്‍ കുര്യന്‍ മോടയില്‍, സജു വഹീദ്, വസീം മുസ്തഫ, കെ.പി. സന്ദീപ് എന്നിവരും മെഡലുകളും ഉപഹാരവും ഏറ്റുവാങ്ങി.

പാലാ ഇന്‍സ്റിറ്റ്യൂട്ടിലെ പഠനവും പരിശീലനവും മലയാളത്തിനും ഇന്റര്‍വ്യൂവിനും റിക്കാര്‍ഡ് മാര്‍ക്ക് കരസ്ഥമാക്കാനും അതുവഴി ആദ്യപരിശ്രമത്തില്‍ തന്നെ ഇന്ത്യയില്‍ രണ്ടാം സ്ഥാനക്കാരിയാകാന്‍ കഴിഞ്ഞെന്നും സ്വീകരണത്തിന് നന്ദിപറഞ്ഞ ഡോ. രേണു രാജ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.