പകര്‍ച്ചവ്യാധി നിയന്ത്രണം: 10 മുതല്‍ 15 വരെ ശുചീകരണം
Saturday, August 1, 2015 12:28 AM IST
തിരുവനന്തപുരം: ഊര്‍ജിത പകര്‍ച്ചവ്യാധി നിയന്ത്രണ പരിപാടിയുടെ ഭാഗമായി ഓഗസ്റ് 10 മുതല്‍ 15 വരെ വീടുകളും സ്ഥാപന ങ്ങളും പൊതുസ്ഥലങ്ങളും കേന്ദ്രീകരിച്ച് ശുചീകരണവും കൊതുകുകളുടെ ഉറവിടനശീകരണവും സംഘടിപ്പിക്കുമെന്ന് ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ അറിയിച്ചു.

പഞ്ചായത്തുകളുടെയും കോര്‍പറേഷനുകളുടെയും മുനിസിപ്പാലിറ്റികളുടെയും നേതൃത്വത്തില്‍ വാര്‍ഡുതല ശുചിത്വസമിതികളുടെ ആഭിമുഖ്യത്തിലാണ് ബൃഹത്തായ ഈ കര്‍മപദ്ധതി സംഘടിപ്പിക്കുകയെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍മാരുടെ സംസ്ഥാനതല യോഗത്തിനു ശേഷമാണ് അദ്ദേഹം ഇക്കാര്യമറിയിച്ചത്.

ജാഗ്രതാ പദ്ധതിയുടെ ഭാഗമായി ഓഗസ്റ് 2, 9, 16 തീയതികളില്‍ മൊബൈല്‍ മെഡിക്കല്‍ ടീമുകള്‍ ഇതരസംസ്ഥാനത്തൊഴിലാളി ക്യാമ്പുകള്‍ സന്ദര്‍ശിക്കും. സേഫ് കേരള പദ്ധതിയുടെ ഭാഗമായി 11നു വീടുകളിലും സ്ഥാപനങ്ങളിലും പൊതുസ്ഥലങ്ങളിലും പരിശോധ നടത്തും. ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഭക്ഷണശാലകള്‍ റെയ്ഡ് ചെയ്യും. ഓണത്തിനുമുമ്പായി ഭക്ഷ്യശുചിത്വത്തിന്റെയും പാനീയശുചിത്വത്തിന്റെയും പ്രാധാന്യത്തെക്കുറിച്ച് വിപുലമായ ബോധവത്കരണം സംഘടിപ്പിക്കും.


ഓഗസ്റ് മുതല്‍ ഒക്ടോബര്‍വരെയാണ് ഊര്‍ജിത പകര്‍ച്ചവ്യാധിനിയന്ത്രണ പരിപാടിയുടെ രണ്ടാം ഘട്ടം. ഏഴുമാസത്തെ ഒന്നാംഘട്ടം പ്രവര്‍ത്തനങ്ങളിലൂടെ പനിയുടെയും ഇതരപകര്‍ച്ചവ്യാധികളുടെയും വ്യാപനം തടയാന്‍ സാധിച്ചതായി യോഗം വിലയിരുത്തി. ജില്ലകളില്‍ പകര്‍ച്ചവ്യാധികളുടെ വാര്‍ഡുതല മാപ്പുകള്‍ തയാറാക്കിയാണ് രണ്ടാംഘട്ടം പ്രവര്‍ത്തനം. എല്ലാവര്‍ഷവും ഓഗസ്റിനുശേഷം എലിപ്പനിയും മലമ്പനിയും കൂടാറുണ്െടന്ന വസ്തുത കണക്കിലെടുത്ത് ഇവ നിയന്ത്രിക്കുന്നതിനുള്ള പ്രവര്‍ത്തനം ഊര്‍ജിതമാക്കാന്‍ മന്ത്രി നിര്‍ദേശിച്ചു.

ആരോഗ്യവകുപ്പ് സെക്രട്ടറി ഡോ. കെ. ഇളങ്കോവന്‍, ഡയറക്ട ര്‍ ഡോ. എസ്. ജയശങ്കര്‍, അഡീഷണല്‍ ഡയറക്ടര്‍മാര്‍, മറ്റ് സംസ്ഥാനതല ഉദ്യോഗസ്ഥര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.