വിലസ്ഥിരതാപദ്ധതിയുടെ സങ്കീര്‍ണത കര്‍ഷകപങ്കാളിത്തം കുറച്ചു
Thursday, July 30, 2015 1:16 AM IST
റെജി ജോസഫ്

കോട്ടയം: രജിസ്ട്രേഷന്‍ നടപടിയിലുണ്ടായിട്ടുള്ള സങ്കീര്‍ണതയാണ് റബര്‍ വിലസ്ഥിരതാപദ്ധതിയില്‍നിന്നു കര്‍ഷകരെ പിന്‍തിരിപ്പിക്കുന്നതെന്ന് റബര്‍ ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ പി.സി. സിറിയക്. പത്തര ലക്ഷം ചെറുകിട-ഇടത്തരം കര്‍ഷകരുണ്ടായിരിക്കെ, കൊട്ടിഘോഷിക്കപ്പെട്ട പദ്ധതിക്ക് ഏറെ മാധ്യമ പ്രചാരണം ലഭിച്ചിട്ടും 36,000 പേര്‍ മാത്രമേ പങ്കാളികളായിട്ടുള്ളൂ എന്നത് നടപടിയുടെ പരാജയമായി കാണണം. ആകെ റബര്‍ കര്‍ഷകരുടെ മൂന്നര ശതമാനം പേര്‍മാത്രമാണു വിലത്തകര്‍ച്ചയുടെ നടുവിലും സര്‍ക്കാരിന്റെ സാമ്പത്തിക ആശ്വാസം പറ്റാന്‍ മുന്നോട്ടുവന്നിട്ടുള്ളത്. പദ്ധതിയെക്കുറിച്ച് അജ്ഞതകൊണ്േടാ സഹായം ആവശ്യമില്ലാത്തതുകൊണ്േടാ അല്ല, പദ്ധതി സുതാര്യമല്ലാത്തതുകൊണ്ടാണ്.

സര്‍ക്കാര്‍ വെയര്‍ഹൌസുകള്‍ കിലോയ്ക്ക് 150 രൂപ നേരിട്ടു നല്‍കി ഷീറ്റ് വാങ്ങിയാല്‍ കര്‍ഷകര്‍ക്കു പ്രയോജനപ്പെടും, കര്‍ഷകര്‍ ഓടിയെത്തുകയും ചെയ്യും. വെയര്‍ ഹൌസിംഗ് കോര്‍പറേഷന്‍ ആവശ്യമെങ്കില്‍ കൂടുതല്‍ കേന്ദ്രങ്ങളില്‍ കെട്ടിടം വാടകയ്ക്കെടുത്ത് ഷീറ്റ് വാങ്ങണം. റബറിന് ഗ്രേഡ് നിശ്ചയിക്കാന്‍ റബര്‍ ബോര്‍ഡ് ഓരോ കേന്ദ്രത്തിലും ഉദ്യോഗസ്ഥനെയും നിയമിക്കണം. തോട്ടം രജിസ്ട്രേഷന്‍, കരം അടച്ച രസീത്, ബില്‍ തുടങ്ങിയവയുമായി കര്‍ഷകരെ ആര്‍പിഎസുകളിലേക്കു വിടേണ്ട കാര്യമുണ്ടായിരുന്നില്ല.

2001ല്‍ വില ഇടിഞ്ഞപ്പോള്‍ സര്‍ക്കാര്‍ സ്റേറ്റ് ട്രേഡിംഗ് കോര്‍പറേഷനിലൂടെ സംഭരണം വിജയകരമായി നടത്തിയിട്ടുണ്ട്. ഇക്കാര്യങ്ങള്‍ റബര്‍ കര്‍ഷകരുടെ പ്രതിനിധിയെന്ന നിലയില്‍ സര്‍ക്കാര്‍ തല ചര്‍ച്ചകളില്‍ പറഞ്ഞിരുന്നെ ങ്കിലും നിര്‍ദേശം അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയാറായില്ലെന്ന് സിറിയക് വ്യക്തമാക്കി.

ആധാറും റേഷന്‍ കാര്‍ഡും കിട്ടാന്‍ ക്യൂനിന്നും നടന്നും മടുത്ത കര്‍ഷകര്‍ക്ക് റബര്‍ ആശ്വാസ വിലയ്ക്കായി വീണ്ടും ഓഫീസുകള്‍ കയറിയിറങ്ങുന്നതിലുണ്ടായ മടിയും മടുപ്പുമാണ് പദ്ധതിയില്‍ പങ്കാളിത്തം കുറയാന്‍ കാരണമെന്നാണ് ഇന്‍ഫാം ട്രസ്റി ഡോ. എം.സി. ജോര്‍ജിന്റെ വിലയിരുത്തല്‍. മുമ്പു രണ്ടു തവണ നടത്തിയ റബര്‍ സംഭരണങ്ങള്‍ വന്‍പരാജയവും പ്രഹസനവുമായിരുന്നതിനാല്‍ വില സ്ഥിരതാപദ്ധതിയില്‍ കൃഷിക്കാര്‍ക്കു വിശ്വാസ്യത നഷ്ടമായിരിക്കുന്നു. തുച്ഛമായ 300 കോടി രൂപ മാത്രമാണു പദ്ധതിയിലേക്കു നീക്കി വച്ചിരിക്കുന്നത്.

ഇന്നത്തെ നിര ക്കില്‍ ഓരോ കിലോ റബറിനും 27 രൂപ വീതം സര്‍ക്കാര്‍ വിഹിതം നല്‍കിയാലേ കിലോയ്ക്ക് 150 രൂപ ഉറപ്പാക്കാനാകൂ. ഏറിയാല്‍ ഒരു മാസത്തിനുള്ളില്‍ 300 കോടി തീരുമെന്നിരിക്കെ ക്ളേശകരമായ ന ടപടിക്രമങ്ങളിലേക്ക് ഇറങ്ങിത്തിരിക്കാന്‍ കര്‍ഷകര്‍ക്കു താത്പര്യമില്ലാതായിരിക്കുന്നുവെന്നാണ് ഡോ. എം.സി. ജോര്‍ജിന്റെ അഭിപ്രായം.


വിലയുറപ്പു പദ്ധതിയില്‍ ഇത്ര കര്‍ക്കശമായ നടപടി ക്രമങ്ങള്‍ ആവശ്യമില്ലെന്നാണ് ഇന്ത്യന്‍ റബര്‍ ഡീലേഴ്സ് ഫെഡറേഷന്‍ പ്രസിഡന്റ് ജോര്‍ജ് വാലിയുടെ പ ക്ഷം.

നടപടി സുതാര്യമാവുകയും കുറഞ്ഞ സമയത്തിനുള്ളില്‍ സബ്സിഡി ലഭിക്കുകയും ചെയ്താല്‍ ഏറെ കര്‍ഷകര്‍ ഇതിലേക്കു വരും. സാമ്പത്തികമായി തകര്‍ന്ന കര്‍ഷകര്‍ക്കു പദ്ധതി വലിയ ആശ്വാസമാണ്. കംപ്യൂട്ടര്‍ സാങ്കേതിക തകരാര്‍ ഉള്‍പ്പെടെയുള്ള വീഴ്ചകള്‍ പരിഹരിച്ചു പണം നല്‍കാന്‍ നടപടിയായാല്‍ കര്‍ഷകര്‍ക്ക് ഇതില്‍ വിശ്വാസ്യതയുണ്ടാകും.

മഴ ശക്തമായി ടാപ്പിംഗ് നിലച്ച് ഉത്പാദനം ഇല്ലാതായിരിക്കെ രജിസ്ട്രേഷന്‍ കൊണ്ടു നേട്ടമില്ലെന്ന തോന്നലാണു പങ്കാളിത്തം കുറയാന്‍ കാരണമെന്നു റബര്‍ ഡീലേഴ്സ് ഫെഡറേഷന്‍ മുന്‍പ്രസിഡന്റ് പയസ് സ്കറിയ പൊട്ടംകുളം അഭിപ്രായപ്പെട്ടു. വലിയൊരു വിഭാഗം ലാറ്റക്സ് വില്കാന്‍ താത്പര്യപ്പെടുന്നതും ഷീറ്റ് തയാറാക്കാന്‍ തൊഴിലാളികള്‍ വിമുഖത കാണിക്കുന്നതും ഷീറ്റ് ഉത്പാദനം കുറയാന്‍ ഇടയാക്കുന്നതായി പയസ് സ്കറിയ ചൂണ്ടിക്കാട്ടുന്നു.

ലാറ്റക്സ് കിലോ 130 രൂപയിലേക്കു താഴ്ന്നുകൊണ്ടിരിക്കെ ലാറ്റക്സ് വില്‍ക്കുന്നവരെയും സഹായപദ്ധതിയുടെ പ്രായോജകരാക്കിയാല്‍ കൂടുതല്‍ കര്‍ഷകര്‍ പദ്ധതിയോടു സഹകരിക്കുമെന്ന് ചിറക്കടവ് മോഡല്‍ ആര്‍പിഎസ് പ്രസിഡന്റ് മൈക്കിള്‍ ജോസഫ് പുതുപ്പറമ്പില്‍ പറഞ്ഞു.

കംപ്യൂട്ടറിന്റെ വേഗം കൂട്ടാന്‍ തിങ്കളാഴ്ച പുതിയ സെര്‍വര്‍

കോട്ടയം: റബര്‍ സ്ഥിരതാ പദ്ധതി രജിസ്ട്രേഷന്‍ വേഗത്തിലാക്കാന്‍ കൂടുതല്‍ ശേഷിയുള്ള കംപ്യൂട്ടര്‍ സെര്‍വര്‍ തിങ്കളാഴ്ച സ്ഥാപിക്കുമെന്നു റബര്‍ ബോര്‍ഡ് സാങ്കേതിക വിഭാഗം അറിയിച്ചു. നാഷണല്‍ റിപ്രോഗാഫിക് സെന്ററാണ് രജിസ്ട്രേഷനുള്ള കംപ്യൂട്ടര്‍ ഡേറ്റാ പ്രോഗ്രാം തയാറാക്കിയത്. അപേക്ഷയും സ്കാന്‍ ചെയ്ത രേഖകളും അപ് ലോഡ് ചെയ്യുന്നതിലെ സാങ്കേതിക തടസവും താമസവും പരിഹരിക്കാനാണ് ശേഷി കൂടിയ സെര്‍വര്‍ സ്ഥാപിക്കുന്നത്.

നിലവില്‍ 1700 ആര്‍പിഎസുകളും 36,000 കര്‍ഷകരും റബര്‍ സ്ഥിരതാ പദ്ധതിയില്‍ രജിസ്റര്‍ ചെയ്തിട്ടുണ്ട്. ആര്‍പിഎസുകളുടെ രജിസ്ട്രേഷനുള്ള സമയപരിധി ഈ മാസം 15ല്‍നിന്നു 20 ലേക്കു നീട്ടിയിരുന്നു. അതിനാല്‍ കര്‍ഷകരുടെ അപേക്ഷകള്‍ രജിസ്റര്‍ ചെയ്യുന്നതില്‍ താമസം നേരിട്ടു. നിലവില്‍ ഒന്നര ലക്ഷത്തിലേറെ അപേക്ഷകള്‍ രജിസ്ട്രേഷനും അപ് ലോഡിംഗിനുമായി ആര്‍പിഎസുകളിലെത്തിയിട്ടുണ്െടന്നു റബര്‍ ബോര്‍ഡ് അവകാശപ്പെട്ടു. കംപ്യൂട്ടര്‍ പ്രോഗ്രാമിനു ശേഷി കൂടുന്നതോടെ അപ് ലോഡിംഗ് വേഗത്തിലാക്കി പണം ലഭിക്കാന്‍ നടപടിയാകും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.