കിട്ടാക്കടം റിലയന്‍സിനു വിറ്റ എസ്ബിടിയുടെ നടപടിക്കെതിരേ നിയമസഭ പ്രമേയം പാസാക്കി
Thursday, July 30, 2015 1:18 AM IST
തിരുവനന്തപുരം: സ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ നല്‍കിയിട്ടുള്ള വിദ്യാഭ്യാസ വായ്പയുടെ കിട്ടാക്കടം റിലയന്‍സിനു വിറ്റ നടപടിക്കെതിരെ നിയമസഭ ഏകകണ്ഠമായി പ്രമേയം പാസാക്കി. തീരുമാനം പിന്‍വലിക്കാന്‍ എസ്ബിടിക്ക് നിര്‍ദേശം നല്‍കണമെന്നു കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുന്ന പ്രമേയമാണു പാസാക്കിയത്.

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് ഇതുസംബന്ധിച്ച പ്രമേയം അവതരിപ്പിച്ചത്. പറഞ്ഞു കേട്ടതിനേക്കാള്‍ ഗൌരവമായ വിഷയമാണിതെന്നു പ്രമേയം അവതരിപ്പിക്കുന്നതിനു മുമ്പായി മുഖ്യമന്ത്രി പറഞ്ഞു. മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്‍ തന്നെ വന്നു കണ്ടിരുന്നു. അവര്‍ സിറ്റിംഗ് നിര്‍ത്തിവച്ചു വന്നു കാണുകയായിരുന്നു. മത്സ്യത്തൊഴിലാളികളുടെ കിട്ടാക്കടം സ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അസറ്റ് റീകണ്‍സ്ട്രക്ഷന്‍ കമ്പനി ലിമിറ്റഡിനു വിറ്റതായാണ് അവര്‍ അറിയിച്ചത്. വളരെ ഗുരുതരമായ സ്ഥിതിവിശേഷമാണ് ഇതുവഴി ഉണ്ടാകാന്‍ പോകുന്നതെന്നു മുഖ്യമന്ത്രി പറഞ്ഞു.


പൊതുമേഖലാ ബാങ്ക് ആയ എസ്ബിടി വിദ്യാഭ്യാസ വായ്പയുടെ കിട്ടാക്കടം റിലയന്‍സിനു വിറ്റതായ വിവരം പുറത്തു വന്നിരിക്കുകയാണെന്നു പ്രമേയത്തില്‍ പറയുന്നു. വിപ്ളവകരമായ നടപടിയിലൂടെ ബാങ്ക് ദേശസാത്കരണം നടപ്പിലാക്കിയപ്പോഴത്തെ ഉദ്ദേശ്യലക്ഷ്യങ്ങളെ പരാജയപ്പെടുത്തുന്ന നടപടിയാണിത്. കേരളത്തിലെ ജനങ്ങള്‍ ഇതിനെ ഭീതിയോടും ആശങ്കയോടുമാണു കാണുന്നത്. ഈ തീരുമാനം പിന്‍വലിക്കാന്‍ എസ്ബിടിക്കു നിര്‍ദേശം നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിനോട് സഭ ആവശ്യപ്പെടുന്നു: പ്രമേയം പറയുന്നു.

പി.സി. വിഷ്ണുനാഥ് ആണ് കഴിഞ്ഞ ദിവസം സബ്മിഷനിലൂടെ ഈ വിഷയം സഭയുടെ ശ്രദ്ധയില്‍ പെടുത്തിയത്. നടപടി തിരുത്തണമെന്നു കേന്ദ്ര സര്‍ക്കാരിനോട് പ്രമേയത്തിലൂടെ ആവശ്യപ്പെടാമെന്ന് അന്നു മുഖ്യമന്ത്രി ഉറപ്പു നല്‍കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.