മുറിച്ചുമാറ്റിയ തുമ്പിക്കൈയുമായി കാട്ടാന വീടു തകര്‍ത്തു
മുറിച്ചുമാറ്റിയ തുമ്പിക്കൈയുമായി കാട്ടാന വീടു തകര്‍ത്തു
Thursday, July 30, 2015 12:32 AM IST
കോതമംഗലം: തുമ്പിക്കൈയില്‍ ശസ്ത്രക്രിയ നടത്തി വനപാലകര്‍ രക്ഷിക്കാന്‍ ശ്രമിച്ച കാട്ടാന വീണ്ടും ജനവാസ മേഖലയിലെത്തി വീടുതകര്‍ത്തു.

ചൊവ്വാഴ്ച രാവിലെ മാമലക്കണ്ടം അഞ്ചുകുടി ബഥേല്‍ സ്കൂളിനു സമീപം കണ്െടത്തിയ ആനയെ കോന്നി ആനഗവേഷണ കേന്ദ്രത്തിലെ ഡോ.ജയകുമാറിന്റെ നേതൃത്വത്തിലുള്ള വിദഗ്ധസംഘം മയക്കുവെടിവച്ചു വീഴ്ത്തി അറ്റുവീഴാറായിരുന്ന തുമ്പിക്കൈയുടെ അഗ്രഭാഗം മുറിച്ചു നീക്കിയിരുന്നു. മയക്കം മാറി കാട്ടിലേക്കു കയറിപ്പോയ പിടിയാന രാത്രിയില്‍ വീ ണ്ടും ജനവാസമേഖലയില്‍ എത്തി. എളംബ്ളാശേരി ആദിവാസി കോള നിക്കു സമീപമാണു ചൊവ്വാഴ്ച രാത്രി പത്തോടെ ആനയെത്തിയത്.

ചിന്നം വിളിച്ചു കലിയിളകി നടന്ന ആന എളംബ്ളാശേരി കല്ലാപ്പാറ സിബിയുടെ വീടാണു തകര്‍ത്തത്. ഈ സമയം വീട്ടില്‍ ആരുമില്ലായിരുന്നു. സമീപത്തുള്ളവരും വീട് ഉപേക്ഷിച്ചു ബന്ധുവീടുകളിലും മറ്റും അഭയം തേടിയിരുന്നു.

ആനയുടെ തുമ്പിക്കൈയുടെ അഗ്രഭാഗം മുറിച്ചുനീക്കിയ ഭാഗത്തെ മരവിപ്പ് മാറിയതോടെ ഉണ്ടായ വേദനയാവാം ആനയ്ക്ക് കലിയിളകാന്‍ കാരണമായതെന്നാണു വനപാലകര്‍ പറയുന്നത്. ചികിത്സ നല്‍കി കാട്ടിലേക്ക് അയച്ച ആന ജനവാസ മേഖലയിലേക്കു കടക്കാതിരിക്കാനായി ഇന്നലെ രാത്രിയും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അഞ്ചുകുടി ഭാഗത്ത് ഏറുമാടത്തിലും മറ്റുമായി കാവലിലായിരുന്നു. എന്നാല്‍, കാട്ടാന കുറച്ചുദൂരെ മാറിയുള്ള വഴിച്ചാലിലൂടെ കടന്നുപോയതു കാവലിരുന്ന ഫോറസ്റ് ഉദ്യോഗസ്ഥര്‍ അറിഞ്ഞില്ല. ആന വീടു തകര്‍ത്തതറിഞ്ഞു വനം ഉദ്യോഗസ്ഥര്‍ രാത്രി തന്നെ എളംബ്ളാശേരിയിലെത്തി. നാട്ടുകാരും വനപാലകരും ചേര്‍ന്നു പടക്കം പൊട്ടിച്ചും പാട്ടകൊട്ടിയും ആനയെ രാത്രിതന്നെ കാട്ടിലേക്കു തുരത്തിയോടിച്ചു.


തുമ്പിക്കൈയ്ക്കു മുറിവേറ്റതു മുതല്‍ ജനവാസകേന്ദ്രങ്ങളില്‍ ആന ചുറ്റിത്തിരിയുന്നതു മറ്റു കാട്ടാനകള്‍ ഇതിനെ കൂട്ടത്തില്‍നിന്ന് ഒറ്റപ്പെടുത്തിയതുമൂലമാകാമെന്നു നാട്ടുകാര്‍ പറയുന്നു. കൃഷി നശിപ്പിക്കുന്നതിനോടൊപ്പം വീടുകളും തകര്‍ക്കുന്ന കാട്ടാന എപ്പോള്‍ വേണമെങ്കിലും മനുഷ്യരെ ഉപദ്രവിക്കാനുള്ള സാധ്യതയും ചൂണ്ടിക്കാണിക്കപ്പെടുന്നു. പ്രദേശത്തു കുട്ടികളെ സ്കൂളിലേക്ക് അയയ്ക്കാന്‍ പോലും കഴിയാതെ ഭീതിയിലാണു നാട്ടുകാര്‍. വന്യമൃഗങ്ങള്‍ ജനവാസമേഖലയിലേക്കു കടക്കാതിരിക്കാന്‍ സ്ഥാപിച്ചിരുന്ന വൈദ്യുത കമ്പിവേലിയുടെ കേടുപാടുകള്‍ ഇനിയും തീര്‍ത്തു പുനഃസ്ഥാപിക്കാനായിട്ടില്ല. കാടുകയറിയതുമൂലം പ്രവര്‍ത്തനം നിലച്ച വൈദ്യുതി കമ്പിവേലിയുടെ സമീപത്തെ കാടുവെട്ടിത്തെളിച്ചു നല്‍കാന്‍ വനപാലകര്‍ നാട്ടുകാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. തൊഴിലുറപ്പ് തൊഴിലാളികള്‍ ഇന്നലെ വൈദ്യുതി കമ്പിവേലിയിലെ കാടു വെട്ടിത്തെളിക്കല്‍ ജോലി ആരംഭിച്ചിട്ടുണ്ട്. ബാറ്ററിയും പാനലും ഘടിപ്പിച്ച വൈദ്യുത കമ്പിവേലി ഇന്നു പുനഃസ്ഥാപിക്കുമെന്നും വനപാലകര്‍ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.