നിയമസഭയുടെ ആദരാഞ്ജലി: കലാം, കേരളം കര്‍മഭൂമിയാക്കിയ പ്രതിഭ: മുഖ്യമന്ത്രി
നിയമസഭയുടെ ആദരാഞ്ജലി: കലാം, കേരളം കര്‍മഭൂമിയാക്കിയ പ്രതിഭ: മുഖ്യമന്ത്രി
Wednesday, July 29, 2015 12:18 AM IST
തിരുവനന്തപുരം: മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിനു കേരള നിയമസഭയുടെ ആദരാഞ്ജലി. സ്പീക്കര്‍ എന്‍. ശക്തന്‍ അനുശോചനപ്രമേയം അവതരിപ്പിച്ചശേഷം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും വിവിധ കക്ഷിനേതാക്കളും ഡോ. കലാമിനെ അനുസ്മരിച്ചു. തുടര്‍ന്ന് ഒരു മിനിറ്റ് മൌനം ആചരിച്ചശേഷം മറ്റു നടപടിക്രമങ്ങള്‍ ഒഴിവാക്കി സഭ ഇന്നലെ പിരിഞ്ഞു.

ഇന്നലെ രാവിലെ കക്ഷിനേതാക്കള്‍ യോഗം ചേര്‍ന്നാണു ചോദ്യോത്തരവേള ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ ഒഴിവാക്കുന്നതിനു തീരുമാനിച്ചത്. ഇന്ത്യന്‍ യുവത്വത്തിന് ആകാശത്തോളം ഉയരത്തില്‍ സ്വപ്നം കാണാന്‍ പ്രചോദനമേകിയ മഹാപ്രതിഭയായിരുന്നു ഡോ. കലാമെന്ന് സ്പീക്കര്‍ എന്‍. ശക്തന്‍ അനുസ്മരിച്ചു. പാവപ്പെട്ട ഒരു കുടുംബത്തില്‍ ജനിച്ച് സ്വന്തം പ്രയത്നത്താല്‍ ജോലിയില്‍ പ്രവേശിച്ച ഡോ.കലാം രാഷ്ട്രപതിയായി തിളങ്ങിയതിനൊപ്പം അന്തര്‍ദേശീയ തലത്തില്‍ ആദരവും അംഗീകാരവും നേടിയ പ്രതിഭയായിരുന്നു. ഔദ്യോഗിക സ്ഥാനങ്ങള്‍ വഹിച്ചപ്പോഴും അതില്‍ നിന്ന് ഒഴിഞ്ഞപ്പോഴും വിദ്യാര്‍ഥികളും യുവാക്കളുമായി അദ്ദേഹം സംവാദം തുടര്‍ന്നു.

എല്ലാവരെയും പ്രചോദിപ്പിക്കുന്നതായിരുന്നു കലാമിന്റെ പ്രഭാഷണങ്ങള്‍. മലയാളികള്‍ക്ക് അദ്ദേഹം രാഷ്ട്രപതി മാത്രമായിരുന്നില്ല. രണ്ടു പതിറ്റാണ്ട് തിരുവനന്തപുരത്തു ജീവിച്ച അദ്ദേഹത്തിനു കേരളവുമായി നല്ല ആത്മബന്ധമായിരുന്നു. ലാളിത്യമായിരുന്നു അദ്ദേഹത്തിന്റെ മുഖമുദ്ര. വ്യത്യസ്തനായ രാഷ്ട്രപതിയായിരുന്ന അദ്ദേഹം രാഷ്ട്രപതിയായിരിക്കെ ആദ്യമായി നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തു ചരിത്രം സൃഷ്ടിച്ചു. കേരള നിയമസഭയില്‍ ഡോ. കലാം പ്രഭാഷണം നടത്തിയതിന്റെ പത്താം വാര്‍ഷികദിനത്തിലാണ് അദ്ദേഹത്തിന്റെ വിയോഗത്തില്‍ നിയമസഭ അനുശോചിക്കുന്നതെന്നും സ്പീക്കര്‍ പറഞ്ഞു.

ജന്മംകൊണ്ടു തമിഴ്നാട്ടുകാരനെങ്കിലും കേരളം കര്‍മഭൂമിയാക്കിയ പ്രതിഭയായിരുന്നു ഡോ. കലാമെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. 20 വര്‍ഷം തലസ്ഥാനനഗരിയില്‍ താമസിച്ചു സാധാരണ മലയാളിയെപോലെയാണു ജീവിച്ചത്. അവസാനനാള്‍ വരെ കേരളത്തെ സ്നേഹിച്ചു. കേരള വികസനത്തിന് കലാം നിര്‍ദേശിച്ച പത്തിന പരിപാടി വലിയ സാധ്യതകളാണു തുറന്നുനല്‍കിയത്. നീര ഉത്പാദനം ഇതിലൊന്നു മാത്രം. യുവതലമുറയ്ക്ക് ഏറ്റവുമധികം പ്രാധാന്യം നല്‍കിയ വ്യക്തിത്വമായിരുന്നു. രാഷ്ട്രപതിപദം ഒഴിഞ്ഞശേഷമുള്ള അദ്ദേഹത്തിന്റെ നടപടികള്‍ ഇതിന് ഏറ്റവും വലിയ തെളിവാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

പേരുപോലെ തന്നെ അത്യന്തം സവിശേഷതയാര്‍ന്ന വ്യക്തിത്വമായിരുന്നു ഡോ. കലാമിന്റേതെന്നു പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ അനുസ്മരിച്ചു. വികസനത്തെയും വിജ്ഞാനത്തെയും സമന്വയിപ്പിച്ച ദര്‍ശനമായിരുന്നു അദ്ദേഹത്തിന്റേത്. ഒരര്‍ഥത്തില്‍ സ്വപ്നങ്ങളുടെ ചിറകുകളിലേറി സഞ്ചരിക്കാന്‍ അദ്ദേഹം നമ്മെ പഠിപ്പിക്കുകയായിരുന്നു. പ്രോട്ടോക്കോളിന്റെ കര്‍ശനമായ ചിട്ടവട്ടങ്ങള്‍ക്കപ്പുറം സാധാരണ ജനങ്ങളുടെ ഹൃദയവും മനസും തൊട്ടറിയാന്‍ അദ്ദേഹത്തിനു കഴിഞ്ഞെന്നും വിഎസ് പറഞ്ഞു.


ശാസ്ത്രത്തെയും ധാര്‍മികമൂല്യങ്ങളെയും സമന്വയിപ്പിച്ചു യുവജനങ്ങള്‍ക്ക് സമര്‍പ്പിച്ച മഹദ്വ്യക്തിത്വമാണ് ഡോ. എ.പി.ജെ. അബ്ദുള്‍കലാമിന്റേതെന്നു ധനമന്ത്രി കെ.എം. മാണി അനുസ്മരിച്ചു. ലോകത്തില്‍ ഭാരതത്തിന്റെ യശസ് വാനോളം ഉയര്‍ത്തിയ ശാസ്ത്രജ്ഞനും പണ്ഡിതനുമായിരുന്നു അദ്ദേഹം. വലിയ ചിന്തകളുമായി സദസിനെ കീഴ്പ്പെടുത്തുന്നതില്‍ കലാമിന്റെ കഴിവ് അനുകരണീയമാണെന്നും ധനമന്ത്രി കെ.എം. മാണി പറഞ്ഞു.

ഡിജിറ്റല്‍ കേരളയ്ക്ക് ഊര്‍ജം നല്‍കിയത് ഡോ. കലാമാണെന്നു വ്യവസായമന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി അനുസ്മരിച്ചു. ഇന്ത്യയെ ലോകശാസ്ത്രത്തിന്റെ നെറുകയിലെത്തിച്ച പ്രതിഭയായിരുന്നു ഡോ. കലാമെന്നു സിപിഐ നിയസഭാ കക്ഷിനേതാവ് സി. ദിവാകരന്‍ പറഞ്ഞു. മന്ത്രിമാരായ അനൂപ് ജേക്കബ്, കെ.പി. മോഹനന്‍, മുന്‍മന്ത്രി കെ. ബി. ഗണേഷ്കുമാര്‍, എ.കെ. ശശീന്ദ്രന്‍ എന്നിവരും ഡോ. കലാമിന് ആദരാഞ്ജലി അര്‍പ്പിച്ചു പ്രസംഗിച്ചു.

സംസ്കാരച്ചടങ്ങില്‍ പങ്കെടുക്കാന്‍ പ്രത്യേക വിമാനത്തില്‍ കേരളസംഘം

തിരുവനന്തപുരം: മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിന്റെ സംസ്കാരചടങ്ങുകളില്‍ പങ്കെടുക്കാനായി കേരളത്തില്‍നിന്നുള്ള സംഘം പ്രത്യേക വിമാനത്തില്‍ നാളെ രാവിലെ 6.30നു തിരിക്കും.

ഗവര്‍ണര്‍ പി. സദാശിവം, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍, മന്ത്രിമാര്‍ തുടങ്ങിയ പ്രമുഖര്‍ ചടങ്ങുകളില്‍ പങ്കെടുക്കും.

എ.പി.ജെ. അബ്ദുള്‍കലാമിന്റെ ഭൌതികശരീരം തിരുവനന്തപുരത്തു കൊണ്ടുവരണമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഡല്‍ഹിയില്‍നിന്നു മധുര വഴി രാമേശ്വരത്തേക്കു നേരിട്ടു കൊണ്ടുപോകാന്‍ തീരുമാനിക്കുകയായിരുന്നു.

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അടുത്ത മാസം രണ്ടു വരെയുള്ള പൊതുപരിപാടികള്‍ റദ്ദാക്കിയിട്ടുണ്ട്. ദേശീയതലത്തില്‍ ഏഴു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ച സാഹചര്യത്തിലാണിത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.