സ്കൂള്‍ കലോത്സവ സിഡികള്‍ വില്‍ക്കുന്നതിനെതിരെ ഹര്‍ജി
Wednesday, July 29, 2015 12:33 AM IST
കൊച്ചി: സ്കൂള്‍ കലോത്സവങ്ങളില്‍ മത്സരിക്കുന്ന കുട്ടികളുടെ കലാപ്രകടനങ്ങള്‍ അനുമതിയില്ലാതെ റിക്കാര്‍ഡ് ചെയ്തു സ്വകാര്യ സ്ഥാപനങ്ങള്‍ വില്‍ക്കുന്നതിനെതിരെ പ്രമുഖ നര്‍ത്തകിയും നൃത്താധ്യാപികയുമായ അനുപമ മോഹന്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. കുട്ടികളുടെ അനുമതിയില്ലാതെ ഇത്തരത്തില്‍ വീഡിയോ ദൃശ്യങ്ങള്‍ റിക്കാര്‍ഡ് ചെയ്തു വില്‍ക്കുന്നതു പകര്‍പ്പവകാശ നിയമത്തിനു വിരുദ്ധമാണെന്ന് ഹര്‍ജിയില്‍ പറയുന്നു.

ഉപജില്ലാതലം മുതലുള്ള യുവജനോത്സവങ്ങളില്‍ അപ്പീല്‍ ആവശ്യത്തിനെന്ന പേരില്‍ നൃത്തം ഉള്‍പ്പെടെയുള്ള മത്സരയിനങ്ങള്‍ ഉയര്‍ന്ന ഗുണനിലവാരത്തോടെ റിക്കാര്‍ഡ് ചെയ്യുന്നുണ്ട്. യുവജനോത്സവങ്ങളിലെ സൌണ്ട് ഓപ്പറേറ്റര്‍മാര്‍ക്കാണ് ഇതിന്റെ ചുമതല. യുവജനോത്സവങ്ങള്‍ക്കുശേഷം ഇവ മാര്‍ക്കറ്റില്‍ സിഡികളായി വില്‍പ്പന നടത്തുകയാണ്.


കുട്ടികളുടെ അനുമതിയില്ലാതെ ഇത്തരത്തില്‍ സിഡികള്‍ വിപണിയിലിറക്കുന്നത് പകര്‍പ്പവകാശ നിയമത്തിന് വിരുദ്ധമായതിനാല്‍ കോപ്പിറൈറ്റ് ബോര്‍ഡ് നടപടിയെടുക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. സംസ്ഥാന സര്‍ക്കാരും പൊതുവിദ്യാഭ്യാസ വകുപ്പും ഹര്‍ജിയില്‍ എതിര്‍കക്ഷികളാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.