സഭാനവീകരണത്തിനു കൂട്ടായ പരിശ്രമം വേണം: മാര്‍ ആലഞ്ചേരി
സഭാനവീകരണത്തിനു കൂട്ടായ പരിശ്രമം വേണം: മാര്‍ ആലഞ്ചേരി
Friday, July 3, 2015 1:51 AM IST
സ്വന്തം ലേഖകന്‍

കൊച്ചി: സഭാനവീകരണത്തിനായി വൈദികരും സമര്‍പ്പിതരും അല്മായരും ഒത്തൊരുമിച്ചു പരിശ്രമിക്കണമെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. മാര്‍ത്തോമാശ്ളീഹായുടെ രക്തസാക്ഷിത്വം അനുസ്മരിക്കുന്ന ദുക്റാന തിരുനാളില്‍ വിശ്വാസത്തിനുവേണ്ടി ജീവന്‍ ബലികഴിച്ച എല്ലാ ക്രൈസ്തവരെയും നാം സ്മരിക്കേണ്ടതുണ്െടന്നും സീറോ മലബാര്‍ സഭാദിനത്തോടനുബന്ധിച്ച് പുറപ്പെടുവിച്ച ഇടയലേഖനത്തില്‍ മാര്‍ ആലഞ്ചേരി ഓര്‍മിപ്പിച്ചു.

സമര്‍പ്പിതവര്‍ഷാചരണവും കുടുംബത്തെക്കുറിച്ചുള്ള സിനഡുകളും സഭയുടെ പൊതുവായ നവീകരണത്തെ ലക്ഷ്യംവച്ചുള്ളതാണ്. കത്തോലിക്കാ കോണ്‍ഗ്രസ്, യൂത്ത് മൂവ്മെന്റ്, മാതൃവേദി മുതലായ അല്മായ പ്രസ്ഥാനങ്ങളുടെ നവോഥാനത്തിലൂടെ സഭാനവീകരണം കാര്യക്ഷമമായി നടക്കുമെന്നാണു പ്രതീക്ഷ.

വിശ്വാസത്തിനുവേണ്ടി ജീവന്‍ ബലികഴിച്ച എല്ലാ ക്രൈസ്തവരെയും പ്രത്യേകമായി ഇറാക്ക്, സിറിയ എന്നീ രാജ്യങ്ങളില്‍ അടുത്തകാലത്തു കൊലചെയ്യപ്പെട്ടവരെയും ഭാരതത്തിലെ രക്തസാക്ഷി വാഴ്ത്തപ്പെട്ട ദേവസഹായം പിള്ള, സിസ്റര്‍ റാണി മരിയ തുടങ്ങിയവരെപ്പോലെയുള്ളവരെയും അനുസ്മരിച്ച് വിശ്വാസത്തില്‍ നാം കൂടുതല്‍ ആഴപ്പെടണം.

വിവിധ മതവിശ്വാസികള്‍ വസിക്കുന്ന നാടാണു ഭാരതം. എല്ലാ മതങ്ങളിലെയും നന്മകളെ അംഗീകരിക്കാനും ആദരിക്കാനും അങ്ങനെ പരസ്പര ബഹുമാനത്തോടെ ജീവിക്കാനും നമുക്കു സാധിക്കണം. മാര്‍ഗവും സത്യവും ജീവനുമായ മിശിഹായെ പ്രഘോഷിക്കുന്ന സഭ ഇതര മതങ്ങളില്‍ കാണുന്ന സത്യവും വിശുദ്ധവുമായ ഒന്നും തിരസ്കരിക്കുന്നില്ല.

ക്രിസ്തുമാര്‍ഗം സ്വീകരിച്ചവര്‍ ക്രിസ്തുപാതയില്‍ നടക്കണം. നമുക്കു മാര്‍ഗഭ്രംശം സംഭവിക്കുമ്പോള്‍ നമ്മുടെ വിശ്വാസ്യതയ്ക്കു നഷ്ടം സംഭവിക്കുന്നു. മദ്യപാനം, ധൂര്‍ത്ത്, ആഡംബരഭ്രമം മുതലായ തിന്മകള്‍ ക്രൈസ്തവരുടെ ഇടയില്‍ നിലനില്ക്കുന്നുവെന്ന വിമര്‍ശനം കേള്‍ക്കാറുണ്ട്. വിമര്‍ശനങ്ങളെ അസഹിഷ്ണുതയോടെ കണ്ടിട്ടു കാര്യമില്ല.


ക്രിസ്തുവില്‍ വിശ്വസിച്ച് ജീവിതം നയിക്കുന്നവരില്‍ നിന്ന് അവിടുത്തെ ജീവിതശൈലിക്കു യോജിച്ച ഒരു ജീവിതം മറ്റുള്ളവര്‍ പ്രതീക്ഷിക്കുന്നു. ക്രൈസ്തവരും ക്രൈസ്തവസഭകളും വിമര്‍ശിക്കപ്പെടുന്നതിന്റെ കാരണവും പലപ്പോഴും അതുതന്നെയാണ്.

ശത്രുവിനെയും സ്നേഹിക്കണമെന്നു പഠിപ്പിക്കുകയും ആ സ്നേഹം സ്വന്തം ജീവിതം വഴി സാക്ഷ്യപ്പെടുത്തുകയും ചെയ്ത ക്രിസ്തുവിന്റെ ജീവിതപാത എത്രയോ ഉന്നതമാണ്. അത്രയ്ക്ക് ഉന്നതമായ ഒരു ജീവിതശൈലി ക്രൈസ്തവര്‍ക്ക് ഉണ്ടാകണം.

ക്രൈസ്തവരുടെയിടയിലെ തിന്മകളുടെ പേരില്‍ ക്രൈസ്തവര്‍ വ്യക്തികളായും സമൂഹങ്ങളായും ചെയ്യുന്ന അനേകം നന്മകള്‍ വിസ്മരിക്കപ്പെടുന്ന സ്ഥിതിവിശേഷം ഇന്നുണ്ട്.

ഭാരതത്തിലെ വിദ്യാഭ്യാസരംഗത്തും ആതുരശുശ്രൂഷാരംഗത്തും ക്രൈസ്തവര്‍ നല്‍കിയ സംഭാവനകള്‍ ആര്‍ക്കും നിഷേധിക്കാനാവില്ല. കാരുണ്യപ്രവര്‍ത്തനങ്ങളിലും ക്രൈസ്തവസഭകള്‍ മുമ്പിലാണ്. ക്രൈസ്തവരുടെ മാതൃകയില്‍നിന്നു പ്രചോദനം ഉള്‍ക്കൊണ്ടാണു മറ്റനേകം സമൂഹങ്ങളും പ്രസ്ഥാനങ്ങളും വ്യക്തികളും ഈ രംഗത്തു വലിയ സംഭാവനകള്‍ നല്‍കി പ്രവര്‍ത്തിക്കുന്നത്. ഭിന്നശേഷിയുള്ളവര്‍ക്കുവേണ്ടിയുള്ള ക്ഷേമപ്രവര്‍ത്തനങ്ങളിലും ക്രൈസ്തവര്‍ വ്യാപൃതരാണ്. ഇത്തരം നന്മപ്രവൃത്തികളോടൊപ്പം തിന്മകളെ ദൂരീകരിച്ചുകൊണ്ട് ജീവിതസാക്ഷ്യത്തെ ക്രിസ്തുസദൃശമാക്കാന്‍ പരിശ്രമിക്കണമെന്നും മാര്‍ ജോര്‍ജ് ആലഞ്ചേരി ആഹ്വാനം ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.