ഹെഡ്മാസ്റര്‍ തസ്തിക നിലനിര്‍ത്തണം: കെപിഎസ്എച്ച്എ
Friday, July 3, 2015 1:50 AM IST
തിരുവനന്തപുരം: ഹൈസ്കൂള്‍- ഹയര്‍ സെക്കന്‍ഡറി സ്കൂളുകളെ ഒറ്റ യൂണിറ്റായി കണക്കാക്കി പൂര്‍ണ അധികാരം പ്രിന്‍സിപ്പല്‍മാരെ ഏല്‍പ്പിക്കുവാനും ഹെഡ്മാസ്റര്‍മാരെ വൈസ് പ്രിന്‍സിപ്പല്‍മാരായി തരംതാഴ്ത്താനുമുള്ള സര്‍ക്കാര്‍ നീക്കം അനുവദിക്കില്ലെന്ന് കെപിഎസ്എച്ച്എ.

ഹൈസ്കൂള്‍ അധ്യാപകരുടെ ഏക പ്രമോഷന്‍ തസ്തികയായ ഹെഡ്മാസ്റര്‍ പോസ്റ് കൂടി ഇല്ലാതാക്കുവാനുള്ള നീക്കം എന്തുവിലകൊടുത്തും ചെറുക്കും. ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്ളസ് ടു വിഭാഗവും പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ പരിധിയിലുള്ള സ്കൂള്‍ വിഭാഗവും ഒറ്റ യൂണിറ്റാക്കി പ്രിന്‍സിപ്പലിന്റെ കീഴിലാക്കുന്നത് അപ്രായോഗികവും അസാധ്യവുമാണ്.

സ്കൂള്‍ വിഭാഗത്തെ പ്രിന്‍സിപ്പലിന്റെ കീഴിലാക്കുന്നതിനുമുമ്പ് ഭാവിയില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലുള്ളവര്‍ക്കു കൂടി വ്യവസ്ഥ ചെയ്യുമോയെന്നു മന്ത്രി വ്യക്തമാക്കണമെന്നും ഓഫീസ് വിഭാഗമില്ലാത്ത ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിന്റെ ജോലികള്‍ ഹൈസ്കൂളിലെ നോണ്‍ ടീച്ചിംഗ് വിഭാഗങ്ങളെക്കൊണ്ട് ചെയ്യിക്കുവാനുള്ള കുറുക്കുവഴി മാത്രമാണ് പുതിയ നിര്‍ദേശമെന്നും കെപിഎസ്എച്ച്എ അഭിപ്രായപ്പെട്ടു.


കെപിഎസ്എച്ച്എ ഭവനില്‍ ചേര്‍ന്ന സംസ്ഥാന നിര്‍വാഹക സമിതി യോഗത്തില്‍ പ്രസിഡന്റ് രവീന്ദ്രനാഥ നായക് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി റോയ്മാത്യു വൈസ് പ്രസിഡന്റുമാരായ സന്തോഷ് ജോസഫ്, ബേബി തദേവൂസ്, ആര്‍. ഹരികുമാര്‍, സെക്രട്ടറിമാരായ സി.പി. സുരേഷ്ബാബു, സൈമണ്‍ തോമസ്, ജോസ് മാത്യു, സംസ്ഥാന ട്രഷറര്‍ ഇഗ്നേഷ്യസ് തോമസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.