മത്സ്യലേലവും വില്‍പനയും നിയന്ത്രിക്കാന്‍ നിയമം
മത്സ്യലേലവും വില്‍പനയും നിയന്ത്രിക്കാന്‍ നിയമം
Friday, July 3, 2015 1:43 AM IST
തിരുവനന്തപുരം: മത്സ്യലേലവും വില്‍പനയും നിയന്ത്രിക്കുന്നതിനു നിയമം നിര്‍മിക്കുമെന്നു മന്ത്രി കെ. ബാബു നിയമസഭയെ അറിയിച്ചു. ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കുകയാണു ലക്ഷ്യം. മത്സ്യബന്ധന ത്തൊഴിലാളികള്‍ക്കു കുറഞ്ഞ തുക മാത്രമാണ് ലഭിക്കുന്നത്. എന്നാല്‍, മത്സ്യം വാങ്ങാനെത്തുന്നവര്‍ ഉയര്‍ന്ന തുക നല്‍കേണ്ട ഗതികേടിലുമാണ്. ഇതില്‍ മാറ്റം വരുത്താനാണു നിയമനിര്‍മാണം കൊണ്ടുവരുന്നത്.

ക്ഷേമനിധി ബോര്‍ഡ് മുഖേന മത്സ്യത്തൊഴിലാളികള്‍ക്കു നല്‍കുന്ന ആനുകൂല്യങ്ങള്‍ക്കുള്ള വാര്‍ഷിക വരുമാന പരിധി 15,000 ല്‍ നിന്ന് അര ലക്ഷം രൂപയാക്കി ഉയര്‍ത്തും. മത്സ്യഫെഡ് കമ്പനികളില്‍ നിന്നു മണ്ണെണ്ണ നേരിട്ട് വാങ്ങി മത്സ്യത്തൊഴിലാളികള്‍ക്കു നല്‍കുന്ന പദ്ധതി ഈ മാസം 14 ന് കൊല്ലം മയ്യനാട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. ഒരു യാനത്തിന് 150 ലിറ്റര്‍ മണ്ണെണ്ണയാണ് ഇതുവഴി നല്‍കുക. ഒന്‍പതു തീരദേശ ജില്ലകള്‍ക്കായി 12 ബങ്കുകള്‍ വഴിയാണു മണ്ണെണ്ണ വിതരണം.

4000 മത്സ്യത്തൊഴിലാളി ഭവനങ്ങള്‍ നവീകരിക്കുന്നതിന് 19 കോടി ചെലവിടും. മത്സ്യത്തൊഴിലാളി സ്ത്രീകള്‍ക്ക് 50,000 രൂപയുടെ ചികിത്സാസഹായം നല്‍കും. 110 കോടി ചെലവില്‍ മത്സ്യസമൃദ്ധി രണ്ടാംഘട്ടം ഈ വര്‍ഷം നടപ്പാക്കും. യന്ത്രവത്കൃത യാനങ്ങള്‍ക്ക് ഹോളോഗ്രാഫിക് രജിട്രഷന്‍ പ്ളേറ്റും ദേശീയ കളര്‍ കോഡിംഗും നടപ്പാക്കും.

മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്കു പ്രവേശന പരീക്ഷാ പരിശീലനം നല്‍കുന്നതിന് വിദ്യാതീരം പദ്ധതി തുടങ്ങും. ഫിഷറീസ് സര്‍വകലാശാലയില്‍ പുതിയ കോഴ്സുകള്‍ തുടങ്ങുന്നതിനൊപ്പം ഫിഷറീസ് പോളിടെക്നിക്കും കൊല്ലം, കോഴിക്കോട്, തൃശൂര്‍ എന്നിവിടങ്ങളില്‍ ഫിഷറീസ് കോളജുകളും തുടങ്ങും. തീരദേശ വികസന കോര്‍പറേഷന്‍ ഉണക്കമീന്‍ വിപണിയിലിറക്കും.

മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്റെ കാലാവധി നീട്ടിയതായും അദ്ദേഹം പറഞ്ഞു. 175 ലക്ഷം രൂപ ഇതിനോടകം കടാശ്വാസം വിതരണം ചെയ്തു. തുറമുഖങ്ങള്‍ വഴി അരിയും ധാന്യങ്ങളും എത്തിക്കുന്നതിന് ഫുഡ് കോര്‍പറേഷനുമായി ധാരണയായി.

കൊല്ലം തുറമുഖത്ത് 21 കോടി ചെലവില്‍ പാസഞ്ചര്‍ ടെര്‍മിനല്‍ തുറക്കും. തൂത്തുക്കുടിയില്‍ നിന്ന് കശുവണ്ടി ഈ തുറമുഖം വഴി സംസ്ഥാനത്ത് എത്തിക്കും. അഴീക്കല്‍ തുറമുഖത്ത് ക്രെയിന്‍, ടഗ്ഗ് തുടങ്ങിയവ സജ്ജീകരിക്കും. ബേപ്പൂരില്‍ നിന്ന് കണ്െടയ്നര്‍ തീരദേശ കപ്പല്‍ പദ്ധതി തുടങ്ങും. പൊന്നാനി തുറമുഖത്തിന് ഓഗസ്റില്‍ മുഖ്യമന്ത്രി തറക്കല്ലിടും. സാന്‍ഡ് പ്യൂരിഫിക്കേഷന്‍ പ്ളാന്റും പൊന്നാനിയില്‍ തുറക്കും.

ആലപ്പുഴ തുറമുഖത്ത് ഡ്രൈ ഡോക്ക് സൌകര്യം ഒരുക്കും. 36 കോടി ചെലവില്‍ നീണ്ടകരയില്‍ മാരിടൈം ഇന്‍സ്റിറ്റ്യൂട്ട് ആരംഭിക്കും. വലിയതുറ കടല്‍പ്പാലം നവീകരിക്കും. വിഴിഞ്ഞത്ത് പഴയ വാര്‍ഫിന്റെ നീളം 10 കോടി രൂപ ചെലവില്‍ വര്‍ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

റബര്‍ ഉത്പന്നങ്ങളുടെ ലാഭവിഹിതം രണ്ടു മാസത്തിനുള്ളില്‍ ലഭ്യമാക്കും

റബര്‍ ഉത്പന്നങ്ങളുടെ ലാഭവിഹിതം റബര്‍ കര്‍ഷകര്‍ക്കു ലഭ്യമാക്കുന്നതിനുള്ള ശിപാര്‍ശ രണ്ടു മാസത്തിനുള്ളില്‍ നടപ്പാക്കുമെന്ന് മന്ത്രി കെ.പി. മോഹനന്‍ നിയമസഭയെ അറിയിച്ചു. റബര്‍ സംഭരണം കുറ്റമറ്റ രീതിയില്‍ നടപ്പാക്കുന്നതിനായി 15 അംഗ സമിതി രൂപീകരിച്ചിട്ടുണ്ട്. സംഭരണം വ്യാപാരികള്‍ സ്റോക്ക് ഒഴിവാക്കുന്നതിനുള്ള മാര്‍ഗമായി ഉപയോഗപ്പെടുത്താന്‍ ഇടയുള്ളതിനാല്‍ ഇതു തടയാനാവശ്യമായ നാവശ്യമായ നടപടികള്‍ സ്വീകരിക്കും. ഡിസംബര്‍ വരെ 1227.32 ടണ്‍ റബര്‍ സംഭരിച്ചിട്ടുണ്ട്. നിലവിലെ സംഭരണ പദ്ധതി കിലോയ്ക്ക് 171 രൂപയാകുന്നതുവരെ തുടരും. സംഭരണ ഏജന്‍സികള്‍ക്കു കൃഷി വകുപ്പിന്റെ വിഹിതമായ 16 കോടി രൂപ കൈമാറി. ടാപ്പിംഗ് തൊഴിലാളികള്‍ക്ക് സൌജന്യ റേഷന്‍ നല്‍കുന്ന കാര്യം പ്ളാന്റേഷന്‍ പ്രതിനിധികളുമായും തൊഴിലാളി യൂണിയന്‍ നേതാക്കളുമായും ചര്‍ച്ച ചെയ്തു തീരുമാനിക്കും.


റബര്‍ കൃഷിക്കുവേണ്ടി കടമെടുത്തവര്‍ക്ക് ആശ്വാസസഹായം നല്‍കുന്ന കാര്യം പരിഗണിക്കും. റബര്‍ബോര്‍ഡിനെ ശക്തിപ്പെടുത്തുന്നതിനായി പുനഃസംഘടന ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. ഇതിനായി മുഖ്യമന്ത്രി ഉള്‍പ്പെട്ട സംഘം പ്രധാനമന്ത്രിയെ നേരില്‍ക്കണ്െടന്നും മന്ത്രി മാത്യു ടി. തോമസ്, തോമസ് ഉണ്ണിയാടന്‍ എന്നിവരെ മന്ത്രി അറിയിച്ചു.

ചക്കയില്‍ നിന്നു മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന സംരംഭകര്‍ക്കു ചെലവിന്റെ 25 ശതമാനം വരെ ധനഹായമായി നല്‍കുന്നുണ്ട്. യന്ത്രോപകരണങ്ങളുടേയും ചെലവിനെ അടിസ്ഥാനപ്പെടുത്തിയാണ് കൃഷി വകുപ്പ് സ്മാള്‍ ഫാര്‍മേഴ്സ് അഗ്രി ബിസിനസ് കണ്‍സോര്‍ഷ്യം മുഖേന ഇതു നല്‍കിവരുന്നത്. പ്രതിവര്‍ഷ ശരാശരി ചക്ക ഉത്പാദനത്തെ സംബന്ധിച്ച വിവര ശേഖരണം നടത്തുന്നുണ്ട്. കൃഷി വകുപ്പിന്റെ സ്റാറ്റിസ്റിക്സ് വിഭാഗം ശേഖരിച്ച കണക്കുകള്‍ പ്രകാരം കഴിഞ്ഞ സാമ്പത്തിക വര്‍ഷം 249 ദശലക്ഷം ചക്ക ഉത്പാദിപ്പിക്കപ്പെട്ടിട്ടുണ്െടന്നും മന്ത്രി അറിയിച്ചു.

ഇറക്കുമതി ചെയ്ത പച്ചക്കറികളില്‍ കീടനാശിനിയുടെ അവശിഷ്ടം

ഇറക്കുമതി ചെയ്ത പച്ചക്കറികളില്‍ കീടനാശിനികളുടെ അവശിഷ്ടമുള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്െടന്ന് മന്ത്രി കെ.പി മോഹനന്‍. പുതിനയില, കറിവേപ്പില, പച്ചമുളക്, പയര്‍ എന്നീ നാലിനങ്ങളില്‍പെട്ട ഏഴു സാമ്പിളുകളില്‍ അപകടകരമായ അളവില്‍ വിഷാംശം അടങ്ങിയിട്ടുള്ളതായാണു കണ്െടത്തിയത്. പ്രതിദിനം 3000 ത്തോളം ടണ്‍ പച്ചക്കറി ഇതര സംസ്ഥാനങ്ങളില്‍ നിന്നു കേരളത്തിലേക്ക് എത്തിച്ചേരുന്നതായി കണക്കാക്കുന്നു. ഇതില്‍ 20 ടണ്ണോളം പച്ചക്കറികള്‍ ഹോര്‍ട്ടിക്കോര്‍പ്പ് സംഭരിച്ച് വിപണനം ചെയ്യുന്നുണ്െടന്നും പി. തിലോത്തമന്‍, മുല്ലക്കര രത്നാകരന്‍, ഇ.കെ. വിജയന്‍, ചിറ്റയം ഗോപകുമാര്‍, എന്നിവരെ മന്ത്രി അറിയിച്ചു.

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 58 കര്‍ഷകര്‍ ആത്മഹത്യ ചെയ്തിട്ടുണ്െടന്നും ആത്മഹത്യ ചെയ്ത 37 കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നു 34,50,000 രൂപ നല്‍കിയിട്ടുണ്ട്. കര്‍ഷക ആത്മഹത്യ തടയുന്നതിനും കര്‍ഷകരുടെ ജീവിതനിലവാരം ഉയര്‍ത്തുന്നതിനുമായി നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. കൂടാതെ 2011-12 ല്‍ വയനാട് ജില്ലയില്‍ കര്‍ഷക ആത്മഹത്യകള്‍ വര്‍ധിക്കുന്നതായുള്ള റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ വിവിധ പരിഹാര നടപടികള്‍ സ്വീകരിച്ചിരുന്നുവെന്നും ഇ.കെ. വിജയന്‍, സി. ദിവാകരന്‍, കെ. അജിത്, ജി.എസ് ജയലാല്‍ എന്നിവരെ മന്ത്രി അറിയിച്ചു.

തെരുവുനായ ശല്യം: പദ്ധതികള്‍ ഫലപ്രദമല്ലെന്നു മന്ത്രി മുനീര്‍

തെരുവുനായ്ക്കളെ നിയന്ത്രിക്കുന്നതിനു വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചു നടപ്പാക്കുന്ന പദ്ധതികള്‍ പൂര്‍ണമായും ഫലപ്രദമായിട്ടില്ലെന്നു മന്ത്രി എം.കെ. മുനീര്‍ നിയമസഭയെ അറിയിച്ചു.

തെരുവുനായ്ക്കളെ കൊല്ലാന്‍ സമ്മതിക്കാത്ത മൃഗസ്നേഹികള്‍ അവയുടെ സംരക്ഷണം ഏറ്റെടുക്കാന്‍ മുന്നോട്ടുവരണം. തെരുവുനായ ശല്യം നിയന്ത്രിക്കുന്നതിനായി തദ്ദേശസ്ഥാപനങ്ങള്‍ക്കു തനതു ഫണ്ട് ഉപയോഗപ്പെടുത്താം. ഇതിനായി പ്രത്യേക ഫണ്ട് മാറ്റിവയ്ക്കേണ്ട കാര്യമില്ല. അടുത്ത വര്‍ഷം മുതല്‍ തദ്ദേശ സ്ഥാപനങ്ങളില്‍ ഇ-ടെന്‍ഡര്‍ നിര്‍ബന്ധമാക്കുമെന്നും കെ.ടി. ജലീലിനെ മന്ത്രി അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.