ബാറുകള്‍ പൂട്ടിയതോടെ മദ്യഉപയോഗത്തില്‍ 18 ശതമാനം കുറവ്
ബാറുകള്‍ പൂട്ടിയതോടെ മദ്യഉപയോഗത്തില്‍ 18 ശതമാനം കുറവ്
Friday, July 3, 2015 1:40 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ ബാറുകള്‍ പൂട്ടിയശേഷം വിദേശ മദ്യ ഉപയോഗത്തില്‍ 18 ശതമാനത്തിന്റെ കുറവുണ്ടായെന്നു എക്സൈസ് മന്ത്രി കെ. ബാബു. ഈ വര്‍ഷം ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയാണു മദ്യ ഉപയോഗത്തില്‍ കുറവുണ്ടായതെന്നു എക്സൈസ് വകുപ്പുമായി ബന്ധപ്പെട്ട ബജറ്റ് ചര്‍ച്ചയ്ക്കു മറുപടിയായി മന്ത്രി അറിയിച്ചു.

മുന്‍കാലങ്ങളെ അപേക്ഷിച്ചു പ്രതിദിന മദ്യവില്‍പനയില്‍ 1.20 ലക്ഷം ലിറ്ററിന്റെ കുറവുണ്ടായി. എന്നാല്‍, വിദേശ മദ്യത്തിന്റെ നികുതി വര്‍ധിപ്പിച്ചതിനാല്‍ വരുമാനത്തില്‍ കുറവുണ്ടായിട്ടില്ല. 2014-15 സാമ്പത്തികവര്‍ഷം വിദേശമദ്യ വില്‍പനയില്‍ എട്ടു ശതമാനത്തിന്റെ കുറവുണ്ടായി.

സംസ്ഥാനത്തെ ആറ്, ഏഴ്, പത്ത്, പ്ളസ് വണ്‍, പ്ളസ് ടു ക്ളാസുകളിലെ പാഠ്യപദ്ധതിയില്‍ അടുത്ത വര്‍ഷം മുതല്‍ ലഹരിവിരുദ്ധ പാഠങ്ങള്‍ ഉള്‍പ്പെടുത്തും. നേരത്തെ ഏഴ്, ഒന്‍പത് ക്ളാസുകളില്‍ ഉള്‍പ്പെടുത്തിയിരുന്നു. മദ്യത്തിന്റെ ഉപഭോഗം കുറഞ്ഞപ്പോഴും മയക്കുമരുന്നു കേസുകളുടെ എണ്ണത്തില്‍ 291 ശതമാനത്തിന്റെ വര്‍ധനയുണ്ടായതായും കണ്െടത്തിയിട്ടുണ്ട്.


മദ്യം ഉപയോഗിച്ചു വാഹനം ഓടിച്ചാല്‍ ബ്രീത്ത് അനലൈസര്‍ ഉപയോഗിച്ചുള്ള പരിശോധനയില്‍ പോലീസ് പിടിയിലാകും. എന്നാല്‍, മയക്കു മരുന്ന് ഉപയോഗിച്ചു ഡ്രൈവിംഗ് നടത്തുന്നവരെ കണ്െടത്താന്‍ ബുദ്ധിമുട്ടാണ്. ഇതിനാല്‍ മയക്കുമരുന്ന് ഉപയോഗിച്ചുള്ള ഡ്രൈവിംഗ് വര്‍ധിക്കുന്നതായും പഠനത്തില്‍ കണ്െടത്തിയതായും മന്ത്രി അറിയിച്ചു.

എക്സൈസ് വകുപ്പിലെ എല്ലാ സേവനങ്ങളും ഓണ്‍ലൈന്‍ സംവിധാനം വഴിയാക്കും. ചെക്ക് പോസ്റുകള്‍ കേന്ദ്രീകരിച്ചു ബോര്‍ഡര്‍ പട്രോളിംഗ് ശക്തമാക്കുമെന്നും മന്ത്രി അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.