കെ.പി.പി. നമ്പ്യാര്‍ക്കു കണ്ണൂര്‍ വിടചൊല്ലി
കെ.പി.പി. നമ്പ്യാര്‍ക്കു കണ്ണൂര്‍ വിടചൊല്ലി
Friday, July 3, 2015 1:33 AM IST
കല്യാശേരി (കണ്ണൂര്‍): ശാസ്ത്രസാങ്കേതിക മേഖലയില്‍ ഭാരതം ദര്‍ശിച്ച അസാമാന്യപ്രതിഭകളില്‍ ഒരാളായ പത്മഭൂഷന്‍ കെ.പി.പി. നമ്പ്യാര്‍ക്കു (86) ജന്മനാട് ആദരവോടെ വിടചൊല്ലി. കെല്‍ട്രോണിന്റെ സ്ഥാപക ചെയര്‍മാന്‍കൂടിയായ കെ.പി.പി. നമ്പ്യാര്‍ക്കു മാങ്ങാട്ടുപറമ്പ് ദേശീയപാതയോരത്തുള്ള കെല്‍ട്രോണ്‍ കോമ്പൌണ്ടില്‍ ഇനി അന്ത്യവിശ്രമം. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. ഇന്നലെ ഉച്ചയ്ക്ക് 12ഓടെ ഇളയമകന്‍ കിരണും മൂത്തമകന്റെ മക്കളായ അനില്‍, ഡാനിയേല്‍ എന്നിവരും ചേര്‍ന്ന് ചിതയ്ക്കു തീകൊളുത്തി. വന്‍ജനാവലി സംസ്കാര ചടങ്ങുകള്‍ക്കു സാക്ഷികളായി.

ബംഗളൂരു മല്യ ആശുപത്രിയില്‍ ചൊവ്വാഴ്ച രാത്രി അന്തരിച്ച നമ്പ്യാരുടെ മൃതദേഹം ബുധനാഴ്ച രാത്രി കല്യാശേരിയിലെ രാമപുരം വീട്ടിലെത്തിച്ചതു മുതല്‍ അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ ജനപ്രവാഹമായിരുന്നു. കര്‍ണാടക, തമിഴ്നാട് സംസ്ഥാനങ്ങളില്‍നിന്നും കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുമായി പ്രമുഖരടക്കം ആയിരങ്ങള്‍ ആ മഹാപ്രതിഭയ്ക്ക് ആദരാഞ്ജലി അര്‍പ്പിക്കാനെത്തി. വീട്ടില്‍നിന്നു വിലാപയാത്രയായാണു മൃതദേഹം മാങ്ങാട്ടുപറമ്പില്‍ എത്തിച്ചത്. സംസ്കാരത്തിനുശേഷം സര്‍വകക്ഷി അനുശോചന യോഗവും നടന്നു. നമ്പ്യാരുടെ വേര്‍പാടില്‍ അനുശോചിച്ചു കല്യാശേരി, ധര്‍മശാല, ഒഴക്രോം, അഞ്ചാംപീടിക, മാങ്ങാട് എന്നിവിടങ്ങളില്‍ ഇന്നലെ ഉച്ചയ്ക്ക് ഒന്നുവരെ കടകളടച്ചു ഹര്‍ത്താലാചരിച്ചു.

കെ.പി.പി. നമ്പ്യാരുടെ മൃതദേഹം കല്യാശേരിയില്‍ കെ.പി.ആര്‍. ഗോപാലന്റെ സ്മൃതി മണ്ഡപത്തിനു സമീപം സംസ്കരിക്കാനായിരുന്നു ആദ്യ തീരുമാനം. പിന്നീട് കെല്‍ട്രോണിന്റെ കോമ്പൌണ്ടില്‍ സംസ്കരിക്കണമെന്ന നിര്‍ദേശമുയര്‍ന്നു. എന്നാല്‍ ഇക്കാര്യത്തില്‍ കീഴ്വഴക്കങ്ങളില്ലാത്തതിനാല്‍ സര്‍ക്കാര്‍ തീരുമാനം വൈകി. തുടര്‍ന്നു മാങ്ങാട്ടെ സംഘചേതന ഓഫീസിനു സമീപത്തെ സിപിഎമ്മിന്റെ സ്ഥലത്തു സംസ്കരിക്കാനായി തീരുമാനം. എന്നാല്‍ ഒടുവില്‍ കെല്‍ട്രോണ്‍ കോമ്പൌണ്ടില്‍ത്തന്നെ സംസ്കരിക്കാമെന്നു സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, വ്യവസായമന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, മന്ത്രി കെ.സി. ജോസഫ് എന്നിവര്‍ക്കുവേണ്ടി മൃതദേഹത്തില്‍ റീത്തുകള്‍ സമര്‍പ്പിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, കേന്ദ്ര കമ്മിറ്റിയംഗങ്ങളായ ഇ.പി. ജയരാജന്‍ എംഎല്‍എ, കെ.കെ. ശൈലജ, മുന്‍ മന്ത്രി കെ. സുധാകരന്‍, പി. ജയരാജന്‍, എം.വി. ജയരാജന്‍, ടി.വി. രാജേഷ് എംഎല്‍എ, പി. രാമകൃഷ്ണന്‍, കെ. സുരേന്ദ്രന്‍, കെ.സി. കടമ്പൂരാന്‍, റഷീദ് കവ്വായി, എം.പി. മുരളി, വി.കെ. അബ്ദുള്‍ഖാദര്‍ മൌലവി, വി.പി. വമ്പന്‍, പി. സന്തോഷ് കുമാര്‍, കെ. രഞ്ജിത്ത്, മാണിക്കര ഗോവിന്ദന്‍, കെ. അബ്ദുള്‍ഖാദര്‍, ഇല്ലിക്കല്‍ ആഗസ്തി, വി.വി. കുഞ്ഞികൃഷ്ണന്‍, കെ.കെ. ജയപ്രകാശ്, ജില്ലാ കളക്ടര്‍ പി. ബാലകിരണ്‍, കെല്‍ട്രോണ്‍ ചെയര്‍മാന്‍ സി.സി. ഗോപാലപിള്ള, കണ്ണൂര്‍ തഹസില്‍ദാര്‍ സി.എന്‍. ഗോപിനാഥന്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ കെ.കെ. അനില്‍ കുമാര്‍, തളിപ്പറമ്പ് തഹസില്‍ദാര്‍ പി.വി. ഗോപാലകൃഷ്ണന്‍, കെ. ഗോവിന്ദന്‍, പി. കണ്ണന്‍, ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍, ഇ.കെ. നായനാരുടെ ഭാര്യ ശാരദ ടീച്ചര്‍, കോടിയേരിയുടെ ഭാര്യ വിനോദിനി, നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്സ് പ്രസിഡന്റ് സുശീല്‍ ആറോണ്‍, വൈസ് പ്രസിഡന്റ് സി. ജയചന്ദ്രന്‍, വേള്‍ഡ് മലയാളി കൌണ്‍സില്‍ നോര്‍ത്ത് കേരള പ്രോവിന്‍സ് പ്രസിഡന്റ് ഡോ. ഇ.ഡി. ജോസഫ്, സെക്രട്ടറി ഡി.പി. ജോസ് തുടങ്ങിയവര്‍ അന്ത്യോപചാരമര്‍പ്പിച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.