മുഖപ്രസംഗം: ഡിജിറ്റല്‍ കുതിപ്പില്‍ ജനത്തെ മറക്കരുത്
Friday, July 3, 2015 1:28 AM IST
ഇലക്ട്രോണിക്സ്, ടെലികോം, ഐടി രംഗങ്ങളില്‍ രാജ്യത്തിന്റെ സമഗ്രവികസനത്തിന് ഉതകുന്ന പദ്ധതികള്‍ വര്‍ഷങ്ങള്‍ക്കു മുമ്പേ രൂപകല്പന ചെയ്യപ്പെട്ടിരുന്നു. ഇത്തരം സങ്കേതങ്ങളെക്കുറിച്ചു സന്ദേഹങ്ങള്‍ പലതും പ്രചരിക്കപ്പെട്ട കാലത്തും വരുംനാളുകള്‍ക്കാവശ്യമായ വികസനവഴി തുറന്ന ഭരണാധികാരികളുടെയും സാങ്കേതിക പ്രതിഭകളുടെയും സംഭാവനകളുടെ തുടര്‍ച്ചയാണ് ഇന്ന് ഇന്ത്യ നേടിയിട്ടുള്ള വിവരസാങ്കേതികവിദ്യാ വികസനം. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത ഡിജിറ്റല്‍ ഇന്ത്യ വാരാഘോഷം ഈ കുതിപ്പിന് ആക്കം കൂട്ടുമെന്നു പ്രതീക്ഷിക്കാം.

രാജ്യത്തെ വ്യവസായപ്രമുഖര്‍ ഐടി മേഖലയില്‍ നാലര ലക്ഷം കോടി രൂപയുടെ നിക്ഷേപവും അതിലൂടെ 18 ലക്ഷം തൊഴിലവസരങ്ങളുമാണു വാഗ്ദാനം ചെയ്തിരിക്കുന്നത്. 'മേക്ക് ഇന്‍ ഇന്ത്യ'’ പദ്ധതിപ്രകാരം ഇലക്ട്രോണിക് ഉത്പന്നങ്ങളുടെ വിപുലമായ നിര്‍മാണ സംരംഭങ്ങളാണ് ഇതിലൂടെ കടന്നുവരുന്നത്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി രണ്ടര ലക്ഷം കോടി രൂപയുടെ നിക്ഷേപം വാഗ്ദാനം ചെയ്തിരിക്കുന്നു. ടാറ്റാ, മിത്തല്‍, ആദിത്യ ബിര്‍ള ഗ്രൂപ്പുകളും ഈ ഡിജിറ്റല്‍ മുന്നേറ്റത്തില്‍ പങ്കാളികളാകുന്നുണ്ട്. സ്മാര്‍ട് ഫോണ്‍ വില്പനയ്ക്കും സര്‍വീസിനുമായി ഒന്നര ലക്ഷം ചില്ലറവില്പന കേന്ദ്രങ്ങളാണു റിലയന്‍സ് ജിയോ ഇന്‍ഫോകോം കമ്പനി തുടങ്ങാന്‍ പദ്ധതിയിടുന്നത്. കുറഞ്ഞ വിലയ്ക്ക് സ്മാര്‍ട് ഫോണുകളും ഇന്റര്‍നെറ്റ് ഉപകരണങ്ങളും ഇന്ത്യയില്‍തന്നെ നിര്‍മിക്കാനുള്ള സൌകര്യവും ഇവര്‍ ഒരുക്കും. ഡിജിറ്റല്‍ യുഗത്തിന്റെ സാധ്യതകള്‍ കാര്‍ഷികമേഖലയുടെ പുരോഗതിക്കുവേണ്ടി വിനിയോഗിക്കാനും പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നുണ്ട്. കര്‍ഷകര്‍ക്ക് ഇന്റര്‍നെറ്റ് സൌകര്യങ്ങള്‍ ലഭ്യമാക്കുന്നതിലൂടെ കാര്‍ഷികോത്പന്ന വിപണനത്തിനു പുതിയ സരണികള്‍ തുറന്നുകിട്ടും. ഡിജിറ്റല്‍ ഹൈവേകളും പ്രധാനമന്ത്രി വിഭാവനം ചെയ്യുന്നുണ്ട്.

ഇത്തരം മുന്നേറ്റങ്ങളും പുതിയ സംരംഭങ്ങളും അഭിനന്ദനീയവും രാജ്യപുരോഗതിക്ക് അനിവാര്യവും തന്നെ. എന്നാല്‍, ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ വളര്‍ച്ച പ്രധാനമന്ത്രി വിഭാവനം ചെയ്യുന്നതുപോലെ കര്‍ഷകര്‍ക്കും സമൂഹത്തിലെ ദുര്‍ബലവിഭാഗങ്ങള്‍ക്കും എത്രമാത്രം പ്രയോജനപ്രദമാകും എന്നതാണു പ്രധാനം. അംബാനിയും അഡാനിയുമൊക്കെ നിയന്ത്രിക്കുന്ന ഒരു വ്യവസായ, സാമ്പത്തിക സംവിധാനത്തിലേക്കു രാജ്യത്തെ നയിക്കുന്നതാവരുത് ഇത്തരം പദ്ധതികള്‍. ലക്ഷം കോടികള്‍ മുടക്കുന്ന കോര്‍പറേറ്റുകള്‍ക്ക് അവരുടേതായ ബിസിനസ് താത്പര്യങ്ങള്‍ ഉണ്ടാവുക സ്വാഭാവികം. അതുകൊണ്ട് അവരെ സംശയദൃഷ്ടിയോടെ കാണേണ്ടതുമില്ല. വലിയ മുതല്‍മുടക്കിനും പ്രഫഷണല്‍ മാനേജ്മെന്റിനുമൊക്കെ ഇത്തരം സംരംഭകര്‍ക്കു കൂടുതല്‍ സൌകര്യങ്ങളുണ്ടാവും. എന്നാല്‍, രാജ്യത്തെ സൈബര്‍ മേഖലയുടെ കടിഞ്ഞാണ്‍ സ്വകാര്യ മുതല്‍മുടക്കുകാരുടെ കൈകളിലേക്കു വഴുതിവീഴാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

എല്ലാ സര്‍ക്കാര്‍ വകുപ്പുകളുടെയും പ്രവര്‍ത്തനം ഡിജിറ്റൈസ് ചെയ്യണമെന്ന ആലോചന നല്ലതുതന്നെ. അഴിമതി ഇല്ലാതാക്കാനും സുതാര്യത ഉറപ്പുവരുത്താനും ഇത്തരം സംവിധാനങ്ങള്‍ സഹായകമാകും. സമ്പന്നരും ദരിദ്രരും തമ്മിലുള്ള വിടവു കുറയ്ക്കാനുള്ള ബോധപൂര്‍വമായ ശ്രമങ്ങളും ഇതോടൊപ്പം ഉണ്ടായേ തീരൂ. കോര്‍പറേറ്റ് ഭീമന്മാര്‍ സ്വന്തമായി വിഭാവനം ചെയ്യുന്ന വികസന പദ്ധതികള്‍ക്ക് അപ്പാടെ അച്ചാരം നല്‍കുന്ന നയമാവരുതു ജനകീയ സര്‍ക്കാരിന്. നിക്ഷേപസമാഹരണത്തിനുള്ള വഴി തേടുമ്പോഴും താത്പര്യങ്ങള്‍ ജനകീയമാകാന്‍ ഭരണകൂടം പ്രത്യേക ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്.


ഇലക്ട്രോണിക്സ് വ്യവസായരംഗത്തു കേരളം എഴുപതുകളില്‍ നടത്തിയ ശക്തമായ മുന്നേറ്റം നിലനിര്‍ത്താനും വളര്‍ത്താനും കഴിഞ്ഞിട്ടില്ലെന്ന വസ്തുത ഈയവസരത്തില്‍ നാം ഓര്‍ക്കേണ്ടതുണ്ട്. ഇന്‍ഫോപാര്‍ക്കും സ്മാര്‍ട്സിറ്റിയുമൊക്കെ വരുന്നതിനുമുമ്പുതന്നെ ഇലക്ട്രോണിക്സ്, ഐടി മേഖലകളില്‍ വലിയ കുതിച്ചുചാട്ടത്തിനു നാം സജ്ജരായിരുന്നു. കഴിഞ്ഞദിവസം അന്തരിച്ച കെല്‍ട്രോണ്‍ സ്ഥാപക ചെയര്‍മാന്‍ കെ.പി.പി. നമ്പ്യാര്‍ ഇലക്ട്രോണിക്സ് വ്യവസായരംഗത്ത് കേരളത്തിന്റെ മാത്രമല്ല ഇന്ത്യയുടെതന്നെ മാര്‍ഗദര്‍ശിയായി കരുതപ്പെടുന്നു. കെല്‍ട്രോണ്‍ പോലുള്ള സംരംഭങ്ങളിലൂടെ അദ്ദേഹം ബീജാവാപം ചെയ്ത നവീന സാങ്കേതിക സംരംഭങ്ങള്‍ക്കു കാര്യമായ പിന്തുണ ലഭിച്ചിട്ടുണ്േടായെന്നു സംശയമുണ്ട്. ഇലക്ട്രോണിക്സില്‍ കേരളം നേടിയ പ്രഥമസ്ഥാനം പിന്നീടു നിലനിര്‍ത്താനായില്ല. മറ്റു പല സംസ്ഥാനങ്ങളും ഇക്കാര്യത്തില്‍ ബഹുദൂരം മുന്നോട്ടുപോയി. ഏറെ വൈകിയാണ് നാം തിരിച്ചുവരവിന്റെ പാതയിലേക്കു കടന്നത്. ഇന്നിപ്പോള്‍ ഇ-ഗവേണന്‍സില്‍ കേരളം ഒന്നാമതെത്തിയിരിക്കുന്നു. സ്റാര്‍ട്ടപ് വില്ലേജുകളും സ്മാര്‍ട് സിറ്റിയുമൊക്കെ പുതിയ പ്രതീക്ഷകള്‍ നല്‍കുമ്പോള്‍ നമ്പ്യാരെപ്പോലുള്ളവരുടെ സംഭാവനകള്‍ വിസ്മരിക്കാനാവില്ല.

അറുപതുകളില്‍ ജവഹര്‍ലാല്‍ നെഹ്റു ആവിഷ്കരിച്ച “'സയന്റിസ്റ് പൂള്‍ സ്കീം' ദേശീയതലത്തില്‍ സാങ്കേതികക്കുതിപ്പിനു തുടക്കംകുറിക്കലായിരുന്നു. ഐഐടികളും അതിലൂടെ വളര്‍ന്നുവന്ന സാങ്കേതികപ്രതിഭകളും രാജ്യത്തിനു മാത്രമല്ല, ലോകത്തിനുതന്നെ വലിയ മുതല്‍ക്കൂട്ടായി. ഒരു പക്ഷേ ആദ്യകാലങ്ങളില്‍ അതിന്റെ പ്രയോജനം എടുക്കാനുള്ള ശേഷി രാജ്യത്തിനില്ലാതെ പോയിട്ടുണ്ടാവാം. രാജീവ് ഗാന്ധിയുടെ കാലത്താണു സാം പിട്രോഡയുടെ നേതൃത്വത്തില്‍ ടെലികോം രംഗത്ത് വലിയൊരു കുതിപ്പിനു വഴിയൊരുങ്ങിയത്.

വമ്പന്‍ ഡിജിറ്റല്‍ വികസനപദ്ധതികളുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവരുമ്പോള്‍ പ്രത്യാശയോടെ അതിനെ വരവേല്‍ക്കാം. സാധാരണക്കാരായ കോടിക്കണക്കിനു ജനങ്ങളെ വിസ്മരിച്ചുകൊണ്െടാരു വികസനം നമുക്കു സാധ്യമല്ല. മാറിയ ലോകക്രമവും സാമ്പത്തിക സാഹചര്യങ്ങളും ഉള്‍ക്കൊണ്ടുള്ള വികസനമാണ് ആവശ്യം. അവഗണിക്കാനാവാത്ത ഐടി ശക്തിയായി മാറുന്നതിനുള്ള കരുത്ത് രാജ്യത്തിനുണ്െടന്ന വസ്തുതയും വിസ്മരിക്കേണ്ടതില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.