സിപിഐയെ യുഡിഎഫിലേക്കു സ്വാഗതം ചെയ്ത് കോണ്‍ഗ്രസ് മുഖപത്രം
Friday, July 3, 2015 12:41 AM IST
കണ്ണൂര്‍: സിപിഐയെ യുഡിഎഫിലേക്കു സ്വാഗതം ചെയ്തു കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണത്തിന്റെ മുഖപ്രസംഗം. അരുവിക്കര ഉപതെരഞ്ഞെടുപ്പ് ഫലം അനേകം ഗുണപാഠങ്ങളോടൊപ്പം ചില മുന്നറിയിപ്പുകളും നല്‍കുന്നുവെന്നും ഇടതുമുന്നണി മുങ്ങുന്ന കപ്പലാണെന്നും ജീവനില്‍ കൊതിയുള്ളവര്‍ രക്ഷപ്പെടൂ എന്നും മുഖപ്രസംഗത്തില്‍ പറയുന്നു. സിപിഐ നേതാക്കളായ സി. അച്യുതമേനോന്‍, പി.കെ. വാസുദേവന്‍നായര്‍, ടി.വി. തോമസ്, എം.എന്‍. ഗോവിന്ദന്‍ നായര്‍ എന്നിവരുടെ ഭരണനേട്ടങ്ങള്‍ പുകഴ്ത്തിയിട്ടുമുണ്ട്.

സിപിഎമ്മിനോളംതന്നെ ചീഞ്ഞുനാറാത്ത പാര്‍ട്ടി എന്ന നിലയില്‍ സിപിഐ കപ്പലില്‍നിന്നു രക്ഷപ്പെടേണ്ടതാണ്. സിപിഎം നേതാക്കളെപ്പോലെ വാക്കുകളില്‍ വിഷം ചീറ്റാത്തവരും ശരീരഭാഷയില്‍ ധാര്‍ഷ്ട്യം പ്രകടിപ്പിക്കാത്തവരുമാണ് സിപിഐക്കാരെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.

1969 മുതല്‍ പത്തു വര്‍ഷക്കാലം കോണ്‍ഗ്രസ് മുന്നണിയില്‍നിന്ന് ഭരണം നടത്തിയ ഗൃഹാതുര ചിന്ത രഹസ്യമായി മനസില്‍ സൂക്ഷിക്കുന്നവരാണ് സിപിഐക്കാര്‍. വലിപ്പചെറുപ്പമില്ലാത്ത, സമത്വത്തോടെയുള്ള ഐക്യമുന്നണി സംസ്കാരം ആവോളം ആസ്വദിച്ച അക്കാലം സിപിഐക്ക് വിസ്മരിക്കാനാവില്ല. മുന്നണിയില്‍ രണ്ടാം കക്ഷിയായിരുന്നിട്ടും രണ്ടു തവണ മുഖ്യമന്ത്രിസ്ഥാനം സി. അച്യുതമേനോനും പി.കെ. വാസുദേവന്‍ നായര്‍ക്കും നല്‍കുന്നതില്‍ കോണ്‍ഗ്രസിന് വൈമുഖ്യമുണ്ടായിരുന്നില്ല. സി. അച്യുതമേനോന്റെ ഭരണനാളുകള്‍ സിപിഐയുടെ പുഷ്കലകാലവും കേരള വികസനത്തിന്റെ സുവര്‍ണകാലവുമായിരുന്നു.


അഭിമാനകരമായ നേട്ടങ്ങളുടെ പൈതൃകം ഉപേക്ഷിച്ചുകൊണ്ടാണ് ഇഎംഎസിന്റെ “ക്ളീന്‍ സ്ലേറ്റ്” സിദ്ധാന്തത്തിനു പിന്നാലെ സിപിഐ പോയത്. കുരങ്ങന്റെ ഹൃദയം കൈക്കലാക്കാന്‍ ശ്രമിച്ച മുതലയെപ്പോലെ സിപിഐയില്‍നിന്നു മുഖ്യമന്ത്രിസ്ഥാനം തട്ടിപ്പറിക്കുകയായിരുന്നു സിപിഎമ്മിന്റെ ലക്ഷ്യം. ഹൃദയം വൃക്ഷക്കൊമ്പിലാണെന്നു പറഞ്ഞു മുതലയെ കബളിപ്പിച്ചു രക്ഷപ്പെട്ട കുരങ്ങന്റെ കൌശലം പാവം സിപിഐക്കാര്‍ക്ക് ഇല്ലാതെപോയി. കോണ്‍ഗ്രസ് മുന്നണിയില്‍ കിരീടം ധരിച്ചു തിളങ്ങിയ ആ ശിരസില്‍ സിപിഎം വച്ചുകൊടുത്തത് അവജ്ഞയുടെയും അവഗണനയുടെയും കുപ്പക്കൊട്ടകളായിരുന്നു.

സിപിഎം ആധിപത്യത്തിന്റെ നുകഭാരം പേറി മൂന്നര പതിറ്റാണ്ടുകളായി ഇടതുമുന്നണിയില്‍ ഭൃത്യവേല ചെയ്യേണ്ടി വന്ന സിപിഐയുടെ വളര്‍ച്ച മുരടിച്ചു. ശുദ്ധമായ ഇടതുപക്ഷ വിചാരങ്ങളും പതിതപക്ഷ വികാരങ്ങളും മതനിരപേക്ഷ ദര്‍ശനങ്ങളും സംരക്ഷിക്കണമെങ്കില്‍ സിപിഎമ്മിന്റെ കളങ്കിത ബന്ധത്തില്‍ നിന്നു സിപിഐ പുറത്തുചാടണം.

പൂര്‍വകാലത്തിന്റെ അഭിമാനസ്മൃതികളുമായി ആര്‍എസ്പി തിരിച്ചുവന്നെങ്കില്‍ എന്തുകൊണ്ട് സിപിഐക്കും ആ മാര്‍ഗം സ്വീകരിച്ചുകൂടെയെന്നും അരുവിക്കരയില്‍ മുഴങ്ങുന്ന മരണമണി ഇടതുമുന്നണിയുടെ സര്‍വനാശത്തിന്റെ മുന്നറിയിപ്പാണെന്ന് തിരിച്ചറിയാനുള്ള വിവേകം സിപിഐക്ക് ഉണ്ടാകട്ടെ എന്നു പ്രത്യാശിക്കുന്നുവെന്നും പറഞ്ഞാണു മുഖപ്രസംഗം അവസാനിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.