കൈപ്പത്തിയില്ലെങ്കിലും കൈക്കരുത്തോടെ ലില്ലി
കൈപ്പത്തിയില്ലെങ്കിലും കൈക്കരുത്തോടെ ലില്ലി
Friday, July 3, 2015 12:00 AM IST
സ്വന്തം ലേഖകന്‍

തൃശൂര്‍: കൈപ്പത്തിയില്ലെങ്കിലും ലില്ലി ബാബുവിന്റെ “കൈക്കരുത്തിനു മുന്നില്‍ വിധിപോലും തലകുനിക്കും. അറ്റുപോയ കൈപ്പത്തിയും വച്ച് നടീല്‍യന്ത്രം ഓടിക്കുന്ന ലില്ലി ബാബു ഇന്നു കൌതുകക്കാഴ്ചയ്ക്കപ്പുറം ജീവിതത്തിലെ തിരിച്ചടികളില്‍ പതറിനില്‍ക്കുന്നവര്‍ക്കുള്ള പ്രചോദനമാണ്; ഉണര്‍ത്തുപാട്ടാണ്.

വലക്കാവ് കളപ്പുരയ്ക്കല്‍ ബാബുവിന്റെ ഭാര്യ ലില്ലിക്ക് ഇപ്പോള്‍ വയസ് 50. എട്ടാം വയസിലാണു മെഷീനിടയില്‍പ്പെട്ടു കൊച്ചുലില്ലിയുടെ ഇടതുകൈപ്പത്തി ഏതാണ്ട് മുഴുവനായും അറ്റുപോയത്. അപ്രതീക്ഷിതമായ ദുരനുഭവത്തില്‍ ലില്ലി പതറിയില്ല. നഷ്ടപ്പെട്ട കൈപ്പത്തിയെക്കുറിച്ചു വേവലാതിപ്പെടാതെ തനിക്കു നഷ്ടപ്പെടാത്ത സൌഭാഗ്യങ്ങളെ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാമെന്നാണു ലില്ലി പിന്നെ ചിന്തിച്ചത്. മറ്റു കുട്ടികളെപ്പോലെത്തന്നെയാണു താനുമെന്നു മനസിലുറപ്പിച്ച് ലില്ലി ജീവിതത്തെ നേരിട്ടു. ഭാര്യയായി, അമ്മയായി, നല്ലൊരു വീട്ടമ്മയായി. അതിനിടയില്‍ തൊഴിലുറപ്പു പദ്ധതിയില്‍ തൊഴിലാളിയുമായി. രണ്ടു കൈകളുമുള്ള തൊഴിലാളികള്‍ ചെയ്യുന്ന പണികളെല്ലാം ലില്ലിയും ചെയ്യും. മണ്‍വെട്ടികൊണ്ടു വരമ്പു കിളയ്ക്കുന്നതടക്കം എല്ലാപണിയിലും മിടുക്കി.

ഒല്ലൂക്കര ബ്ളോക്ക് നെല്‍കൃഷി പുനരുദ്ധാരണത്തിന്റെ ഭാഗമായി രൂപീകരിച്ച പൊന്‍മണി ലേബര്‍ ബാങ്കിന്റെ നേതൃത്വത്തില്‍ നടത്തിയ പതിന്നാലു ദിവസത്തെ നടീല്‍യന്ത്രം ഉപയോഗ പരിശീലനത്തില്‍ സജീവമായി പങ്കെടുത്തു വിജയിച്ചിരിക്കുകയാണു ലില്ലി. ഒല്ലൂക്കര ബ്ളോക്ക് ഈ ടീമിന്റെ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചപ്പോഴാണു തൊഴിലുറപ്പുതൊഴിലാളിയായ ലില്ലി അപേക്ഷ സമര്‍പ്പിച്ചത്. കൈപ്പത്തിയില്ലെങ്കിലും അതൊരു കുറവോ പോരായ്മയോ ആണെന്നു കരുതാതെ ഊര്‍ജസ്വലതയോടെ ഏതു ജോലിയും ചെയ്യുന്ന ലില്ലിയുടെ അപേക്ഷ പരിഗണിക്കാന്‍ രണ്ടാമ തൊന്നു ചിന്തിക്കേണ്ടിവന്നില്ലെന്ന് ഒല്ലൂക്കര ബ്ളോക്ക് പഞ്ചായത്ത് വനിതാ ക്ഷേമ ഓഫീസര്‍ തങ്കം വര്‍ഗീസ് പറഞ്ഞു. പരിശീലന കാലയളവില്‍ മികച്ച പ്രകടനമാണു ലില്ലി കാഴ്ചവച്ചത്.


28 പേരാണു പരിശീലനത്തില്‍ പങ്കെടുത്തത്. അഞ്ചു നടീല്‍ യന്ത്രങ്ങളുണ്ട് ഒല്ലൂക്കര ബ്ളോക്കിന്. ബ്ളോക്കിനു കീഴില്‍ വരുന്ന പുത്തൂര്‍, പാണഞ്ചേരി, മാടക്കത്തറ, നടത്തറ പഞ്ചായത്തുകളിലായി 400 ഏക്കറോളം കൃഷിഭൂമിയില്‍ യന്ത്രവത്കൃത ഞാറുനടീല്‍ പ്രവൃത്തികള്‍ക്കായി ലില്ലി ബാബുവും സംഘവും അടുത്തുതന്നെ പാടത്തിറങ്ങും. ഞാറുനടീല്‍ യന്ത്രം ഓടിക്കുന്നതില്‍ ലില്ലി മിടുക്കിയാണ്. ഇടതുകൈ വലതു കൈയ്ക്ക് ഒരു സപ്പോര്‍ട്ടായി വച്ച് രണ്ടു കൈകളുമുള്ളവരെപോലെ ലില്ലി പാടത്തും വരമ്പിലുമെല്ലാം സജീവമായി എല്ലാവരെയും പ്രോ

ത്സാഹിപ്പിച്ചുകൊണ്ട് ഓടിനടക്കുന്നു. ഭര്‍ത്താവും രണ്ടുമക്കളുമുള്ള കുടുംബത്തിന്റെ കാര്യങ്ങളും ജോലിയുമെല്ലാം ഒരുമിച്ചു കൊണ്ടുപോയി പ്രതിസന്ധികളില്‍ തളരാതെ ജീവിതത്തില്‍ അതിജീവനത്തിന്റെ കൈയൊപ്പ്’ ചാര്‍ത്തുകയാണു ലില്ലി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.