ജനവിധി എതിര്; സിപിഎം വിഷമവൃത്തത്തില്‍
Wednesday, July 1, 2015 12:04 AM IST
എം. പ്രേംകുമാര്‍

തിരുവനന്തപുരം: സിപിഎമ്മിന്റെ ഉള്‍പാര്‍ട്ടി രാഷ്ട്രീയത്തില്‍ ഏറെ പ്രതിസന്ധികള്‍ സൃഷ്ടിച്ചേക്കാവുന്ന അരുവിക്കര ഉപതെരഞ്ഞെടുപ്പു ഫലം പുറത്തുവന്നു. ജന വിധി പൂര്‍ണമായും എതിരാണ്. വിഭാഗീയതയുടെ ഈറ്റില്ലമായി മാറിയ പാര്‍ട്ടിയില്‍ അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ പരാജയമേറ്റതോടെ രണ്ടു പ്രധാന നേതാക്കളുടെ നേതൃത്വമാണ് ഇനി ചോദ്യംചെയപ്പെടാന്‍ പോകുന്നത്.

തെരഞ്ഞെടുപ്പു സംഘടനാ പ്രവര്‍ത്തനത്തില്‍ സിപിഎം പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയനും പ്രചാരണത്തില്‍ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനും ശക്തമായ നേതൃത്വം നല്‍കിയിട്ടും പാര്‍ട്ടി സ്ഥാനാര്‍ഥി പരാജയപ്പെട്ടു. പാര്‍ട്ടിയുടെ അടിത്തറ തന്നെ തകര്‍ക്കും വിധം ബിജെപിയുടെ വോട്ട് ഗണ്യമായി വര്‍ധിച്ചു. എല്‍ഡിഎഫിന്റെയും ബിജെപിയുടെയും വോട്ടുകള്‍ തമ്മിലുള്ള അന്തരം യുഡിഎഫ് സ്ഥാനാര്‍ഥിയുടെ ഭൂരിപക്ഷത്തേക്കാള്‍ കുറച്ചുകൂടി എന്നു മാത്രം.

പാര്‍ട്ടി കമ്മിറ്റികള്‍ തയാറാക്കി നല്‍കിയ കണക്കുകള്‍ അരുവിക്കരയിലും പിഴച്ചു. പരമ്പരാഗത വോട്ടുകളടക്കം പാര്‍ട്ടി വോട്ടുകള്‍ വ്യാപകമായി ബിജെപിയിലേക്കൊഴുകിയെന്നാണു ഫലം വ്യക്തമാക്കുന്നത്. തെരഞ്ഞെടുപ്പു തോല്‍വി പരിശോധിക്കാനിരിക്കെ പരാജയത്തിന്റെ പാപഭാരം ആരുടെമേല്‍ കെട്ടിവയ്ക്കാനാകും സിപിഎം ശ്രമിക്കുക എന്നതാകും ഇനി പാര്‍ട്ടിയിലും പൊതുവിലും ചര്‍ച്ചാവിഷയം.

സര്‍ക്കാരിനെതിരേ അഴിമതിയാരോപണം അടക്കമുള്ള ധാരാളം പ്രചാരണങ്ങള്‍ ഉണ്ടായിരുന്നിട്ടും അരുവിക്കരയില്‍ യുഡിഎഫ് വിജയിച്ചതു സിപിഎമ്മിനു രാഷ്ട്രീയമായും സംഘടനാപരമായും വലിയ തിരിച്ചടിയാണ്. മൂന്നു മാസത്തിനു ശേഷം നടക്കാന്‍ പോകുന്ന തദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലും അതിനു പിന്നാലെ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും അരുവിക്കര ഫലം സിപിഎമ്മിനെ സംബന്ധിച്ചു ഭയപ്പെടുത്തുന്ന ഒന്നാണ്. ഈ രണ്ടു തെരഞ്ഞെടുപ്പുകളെയും ആത്മവിശ്വാസത്തോടെ എങ്ങനെ നേരിടുമെന്നതാകും സിപിഎമ്മിനു മുന്നിലെ പ്രധാന ചോദ്യം.

ഇത്രയുമധികം ആരോപണങ്ങള്‍ നേരിടേണ്ടിവന്നിട്ടും തെരഞ്ഞെടുപ്പില്‍ യുഡിഎഫിനു വിജയിക്കാനായതു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ രാഷ്ട്രീയ വിജയമായാണു വിലയിരുത്തപ്പെടുന്നത്. ഭരണവിരുദ്ധ വികാരം സംസ്ഥാനത്തില്ലെന്ന അദ്ദേഹത്തിന്റെ നിലപാടിനുള്ള അംഗീകാരം കൂടിയായി വേണം ഈ വിജയത്തെ കാണാന്‍. ഇനിയുള്ള രണ്ടു തെരഞ്ഞെടുപ്പുകളെയും അദ്ദേഹത്തിനു മുന്നില്‍ നിന്നുതന്നെ നയിക്കാം. എന്നാല്‍, സിപിഎമ്മില്‍ സ്ഥിതി അതല്ല. തെരഞ്ഞെടുപ്പു സമയത്തുപോലും വി.എസ്. അച്യുതാനന്ദനും പിണറായി വിജയനും തമ്മില്‍ ഒരുമിച്ചു മുന്നോട്ടുപോകാനോ ഒരുമിച്ചു വേദി പങ്കിടാനോ ശ്രമിച്ചില്ല.


തെരഞ്ഞെടുപ്പു കണ്‍വന്‍ഷനില്‍ വി.എസിനെ ക്ഷണിക്കാതെ പാര്‍ട്ടി നേതൃത്വം തുടക്കത്തില്‍ തന്നെ ഉടക്കിട്ടു. ഒരാഴ്ച പിന്നിട്ടശേഷമാണു വി.എസ് പ്രചാരണ രംഗത്തെത്തിയത്. പൊതുയോഗങ്ങളിലും റോഡ്ഷോയിലും വി.എസ് ആളെക്കൂട്ടി പ്രചാരണം നയിക്കുമ്പോഴും പിണറായി വിജയന്‍ ഒരൊറ്റ പൊതുയോഗത്തില്‍ പോലും പ്രത്യക്ഷപ്പെട്ടില്ല. വി.എസുമായി വേദി പങ്കിടാനില്ലെന്ന പരോക്ഷമായ സൂചനയാണ് അദ്ദേഹം നല്‍കിയത്. അരുവിക്കരയില്‍ സംഘടനാ പ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കിയ പിണറായി വിജയന്‍, ഒടുവില്‍ അയ്യായിരം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ എല്‍ഡിഎഫ് വിജയിക്കുമെന്ന കണക്കാണു നല്‍കിയത്. പിണറായിയിയുടെ കണക്കുകൂട്ടല്‍ തെറ്റി.

അച്യുതാനന്ദന്റെ തെരഞ്ഞെടുപ്പു യോഗങ്ങളില്‍ കണ്ട ജനക്കൂട്ടത്തിലായിരുന്നു എല്‍ഡിഎഫിന്റെ വിശ്വാസം. എന്നാല്‍, അതു വെറും ജനക്കൂട്ടം മാത്രമായിരുന്നുവെന്നാണു തെരഞ്ഞെടുപ്പുഫലം തെളിയിക്കുന്നത്. പിണറായിയെ പൊതുയോഗങ്ങളില്‍ കാണുന്നില്ലല്ലോ എന്ന ചോദ്യത്തിന്, പൊതുയോഗങ്ങളില്‍ പ്രസംഗിച്ചു ആളെക്കൂട്ടുന്നതു മാത്രമല്ല തെരഞ്ഞെടുപ്പു പ്രവര്‍ത്തനമെന്നായിരുന്നു സിപിഎം ഔദ്യോഗികപക്ഷ നേതാക്കളുടെ മറുപടി. ഇതു വി.എസിനുള്ള മറുപടികൂടിയായിരുന്നു. വി.എസിനൊപ്പമുള്ള ആള്‍ക്കൂട്ടം പാര്‍ട്ടിക്കു പ്രയോജനപ്പെടില്ലെന്ന സൂചനയാണു തെരഞ്ഞെടുപ്പു ഫലം നല്‍കുന്നതെന്ന പ്രചാരണമാകും ഔദ്യോഗികപക്ഷം അദ്ദേഹത്തിനെതിരേ ആയുധമാക്കുക. ഇതിന്റെ പേരില്‍ പാര്‍ട്ടി സംസ്ഥാന നേതൃത്വവും വി.എസും തമ്മില്‍ വീണ്ടും പ്രശ്നങ്ങള്‍ ഉണ്ടാകാനാണിട. അരുവിക്കര തെരഞ്ഞെടുപ്പു തോല്‍വി സിപിഎം കേന്ദ്ര നേതൃത്വത്തെയും ഞെട്ടിച്ചിട്ടുണ്ട്. ബിജെപിക്കു വോട്ടു കൂടിയതു ഗൌരവമായി പരിശോധിക്കപ്പെടുമെന്നു പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി തന്നെ വ്യക്തമാക്കിയ സാഹചര്യത്തില്‍ സംസ്ഥാന നേതൃത്വത്തിന്റെ പ്രവര്‍ത്തനവും വിലയിരുത്തപ്പെടും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.