ശബരീനാഥന്‍ നിയമസഭയില്‍ എത്തുന്നതു സാമൂഹികപ്രവര്‍ത്തനങ്ങളുടെ കരുത്തുമായി
ശബരീനാഥന്‍ നിയമസഭയില്‍ എത്തുന്നതു സാമൂഹികപ്രവര്‍ത്തനങ്ങളുടെ കരുത്തുമായി
Wednesday, July 1, 2015 12:06 AM IST
തിരുവനന്തപുരം: അരുവിക്കരയുടെ മനസില്‍ അതിവേഗം കയറിപ്പറ്റി ദിവസങ്ങള്‍ക്കുള്ളില്‍ പ്രിയങ്കരനായതുപോലായിരുന്നു ജി. കാര്‍ത്തികേയന്റെ പുത്രന്‍ കെ. എസ്. ശബരീനാഥന്റെ ഭൂരിപക്ഷത്തിലേക്കുള്ള കുതിപ്പ്. ആദ്യ റൌണ്ടില്‍ ആയിരത്തില്‍ തുടങ്ങിയ കുതിപ്പ് അവസാനിപ്പിച്ചത് പതിനായിരത്തില്‍ ഉറപ്പിച്ച്. അരുവിക്കരയിലെ ജനങ്ങള്‍ നല്കിയ ഭൂരിപക്ഷത്തിന്റെ ഉത്തരവാദിത്വം പൂര്‍ണമായും ഉള്‍ക്കൊണ്ടുള്ള പ്രവര്‍ത്തനമാകും താന്‍ കാഴ്ചവയ്ക്കുകയെന്നു ശബരീനാഥനും വ്യക്തമാക്കിക്കഴിഞ്ഞു.

ആദിവാസി മേഖലയുടെ ഉന്നമനത്തിനായി പ്രവര്‍ത്തിച്ചുവന്ന അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ട അരുവിക്കര നിയോജകമണ്ഡലത്തിലെ വിവിധ സ്ഥലങ്ങളില്‍ ആദിവാസി ഊരുകള്‍ ഉള്‍പ്പെടുന്നു. ഈ മേഖലയുടെ വികസനസാധ്യതകള്‍ ഏറെയാണ്.

രാജ്യത്തു സാമൂഹിക സേവന രംഗത്ത് മികവാര്‍ന്ന പ്രവര്‍ത്തനം നടത്തുന്ന ടാറ്റാ ട്രസ്റിലെ സീനിയര്‍ മാനേജര്‍ പദവി രാജിവച്ചാണ് മുപ്പത്തൊന്നുകാരനായ ശബരീനാഥന്‍ തെരഞ്ഞെടുപ്പിനിറങ്ങിയത്. സാമ്പത്തികമായും സാമൂഹികമായും പിന്നോക്കമായുള്ള ജനവിഭാഗത്തെ മുഖ്യധാരയില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്നതാണ് ടാറ്റാ ട്രസ്റ്.

രാജ്യത്തെ ഏറ്റവും പിന്നോക്കമായുള്ള സംസ്ഥാനങ്ങളില്‍ സര്‍ക്കാര്‍, സര്‍ക്കാരിതര, സംഘടനകളുടെ നേതൃത്വത്തില്‍ ആരോഗ്യം, വിദ്യാഭ്യാസം, തൊഴില്‍ തുടങ്ങിയ മേഖലകളില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ട്രസ്റിനെ പ്രതിനിധീകരിച്ചു പങ്കെടുത്തുവന്നതും ശബരീനാഥനാണ്. മഹാരാഷ്ട്ര, മധ്യപ്രദേശ് സംസ്ഥാനങ്ങളിലെ ആദിവാസി മേഖലയിലാണു പ്രധാനമായും പ്രവര്‍ത്തിച്ചുവന്നത്.


മുള അധിഷ്ഠിതമായ വ്യവസായ മേഖല, ഗ്രാമീണരായ സ്ത്രീകളെയും കുട്ടികളെയും ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന പോഷകാഹാര മേഖല തുടങ്ങിയ രംഗങ്ങളില്‍ സര്‍ക്കാര്‍ അനുവര്‍ത്തിക്കേണ്ട നയം രൂപവത്കരിക്കാന്‍ ചുമത ലയുള്ള പ്രോജക്ടുകളിലും ശബരീനാഥന്‍ പ്രവര്‍ത്തിച്ചുവന്നിരുന്നു. വിജയവാഡയ്ക്കു സമീപമുള്ള ഗ്രാമങ്ങളില്‍ നടക്കുന്ന മൈക്രോ പ്ളാനിംഗ് സംരംഭങ്ങളില്‍ ടാറ്റാ ട്രസ്റിനെ പ്രതിനിധീകരിച്ച് പ്രവര്‍ത്തിക്കുന്നതും ശബരീനാഥനാണ്.

തിരുവനന്തപുരം ലയോള സ്കൂളിലായിരുന്നു യുകെജി മുതല്‍ പ്ളസ്ടുവരെയുള്ള പഠനം. ഉയര്‍ന്ന മാര്‍ക്കോടെ പത്താം ക്ളാസും പന്ത്രണ്ടാം ക്ളാസും പാസായി. തുടര്‍ന്നു തിരുവനന്തപുരം കോളജ് ഓഫ് എന്‍ജിനിയറിംഗില്‍ ബിടെകിനു ചേര്‍ന്നു. 2005ല്‍ ബിടെക് പാസായ ഇദ്ദേഹം ക്യാറ്റ് പരീക്ഷയില്‍ 98.3 ശതമാനം മാര്‍ക്കോടെ പാസായി. മാനേജ്മെന്റ് ഡെവലപ്മെന്റ് ഇന്‍സ്റിറ്റ്യൂട്ടില്‍നിന്ന് എംബിഎ പാസായി. 2008ലാണ് ടാറ്റാ സണ്‍സില്‍ മാനേജരായി ജോലിയില്‍ പ്രവേശിച്ചത്. തുടര്‍ന്നു ടാറ്റാ ട്രസ്റിലേക്ക് മാറി.

അമ്മ ഡോ. എം.ടി. സുലേഖ കേരള സര്‍വകലാശാല രജിസ്ട്രാറായി വിരമിച്ചു. ഏക സഹോദരന്‍ കെ.എസ്. അനന്ത പദ്മ നാഭന്‍.

നിയമസഭയിലെ ബേബി

തിരുവനന്തപുരം: നിയമസഭയിലെ ബേബിയായി കെ.എസ്. ശബരീനാഥന്‍. മുപ്പത്തൊന്നുകാരനായ ശബരീനാഥന്‍ വരുന്നതോടെ ഇതുവരെ ജൂണിയേഴ്സായിരുന്ന എംഎല്‍എമാരായ ഹൈബി ഈഡനും, ഷാഫി പറമ്പിലും ഇനി സഭയിലെ 'സീനിയേഴ്സ്' ആകും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.