തുടക്കം മുതല്‍ ലീഡ് ശബരീനാഥന്
തുടക്കം മുതല്‍ ലീഡ് ശബരീനാഥന്
Wednesday, July 1, 2015 12:04 AM IST
തിരുവനന്തപുരം: തുടക്കത്തില്‍ നേടിയ ലീഡ് യുഡിഎഫ് സ്ഥാനാര്‍ഥി കെ.എസ്. ശബരീനാഥന്‍ അവസാനം വരെ നിലനിര്‍ത്തി. ആദ്യ ബൂത്തുകളിലെ ഫലം പുറത്തു വന്നപ്പോള്‍ ബിജെപി സ്ഥാനാര്‍ഥി ഒ. രാജഗോപാല്‍ രണ്ടാം സ്ഥാനത്തായിരുന്നെങ്കിലും ആദ്യം വോട്ടെണ്ണിയ തൊളിക്കോട് പഞ്ചായത്തിലെ വോട്ട് എണ്ണിത്തീരുന്നതിനു മുമ്പു തന്നെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം. വിജയകുമാര്‍ രണ്ടാം സ്ഥാനത്തെത്തി. തുടര്‍ന്നങ്ങോട്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയാകുന്നതു വരെ ശബരീനാഥന്‍ ഒന്നാമതും വിജയകുമാര്‍ രണ്ടാമതും രാജഗോപാല്‍ മൂന്നാമതും തുടര്‍ന്നു.

ആദ്യം വോട്ടെണ്ണിയ തൊളിക്കോട് പഞ്ചായത്ത് തന്നെ ഫലം സംബന്ധിച്ച സൂചന നല്‍കി. 1883 വോട്ടിന് ഇവിടെ ശബരീനാഥന്‍ മുന്നിലെത്തി. വിതുര പഞ്ചായത്തില്‍ ഇടതുപക്ഷത്തിനു മുന്‍തൂക്കമുണ്ടാകുമെന്ന് അവര്‍ കരുതിയിരുന്നു. എന്നാല്‍, വിതുര പഞ്ചായത്തിലെ വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ ശബരീനാഥന്റെ ലീഡ് 2683 ആയി ഉയര്‍ന്നു. ഇതോടെ ഇടതുപക്ഷത്തിനു പ്രതീക്ഷ മങ്ങിത്തുടങ്ങി. ബിജെപി അധികം പ്രതീക്ഷ വച്ചുപുലര്‍ത്താതിരുന്ന തൊളിക്കോട് പഞ്ചായത്തില്‍ പോലും അവര്‍ മികച്ച മുന്നേറ്റം നടത്തിയതോടെ ബിജെപി ക്യാമ്പില്‍ ആവേശമായി.

ആര്യനാട് പഞ്ചായത്തിലേക്ക് എത്തിയതോടെ ശബരീനാഥന്‍ മികച്ച മുന്നേറ്റമാണു നടത്തിയത്. ഇവിടെ 1196 വോട്ടിന്റെ മുന്‍തൂക്കമാണ് ശബരീനാഥന്‍ നേടിയത്. മൊത്തം ഭൂരിപക്ഷം ഇതോടെ 3879 ആയി ഉയര്‍ന്നു. ഉഴമലയ്ക്കലും ഇടതുപക്ഷം പ്രതീക്ഷ വച്ചു പുലര്‍ത്തിയിരുന്നു. ഇവിടെയും ശബരീനാഥന്‍ 446 വോട്ടിന്റെ ഭൂരിപക്ഷം നേടിയതോടെ ഇടതു ക്യാമ്പ് മത്സരം കൈവിട്ടതുപോലെയായി. ശബരീനാഥന്റെ ഭൂരിപക്ഷം പതിനായിരത്തിനു മുകളിലേക്കു കുതിക്കുമെന്ന തോന്നലുമുണ്ടായി.


വെള്ളനാട് പഞ്ചായത്തില്‍ ശബരീനാഥന്‍ വമ്പിച്ച മുന്നേറ്റമാണു നടത്തിയത്. ഇവിടെ 2488 വോട്ടിന്റെ ഭൂരിപക്ഷമാണു നേടിയത്. മൊത്തം ഭൂരിപക്ഷം 6813 ആയി ഉയര്‍ന്നു. അരുവിക്കര പഞ്ചായത്തില്‍ വോട്ടെണ്ണല്‍ തുടങ്ങുമ്പോഴേക്കും യുഡിഎഫ് ക്യാമ്പ് ആവേശത്തിലായിരുന്നു. 2011 ല്‍ മാത്രം ഈ മണ്ഡലത്തോടു കൂട്ടിച്ചേര്‍ക്കപ്പെട്ട അരുവിക്കര പഞ്ചായത്ത് യുഡിഎഫിന്റെ ഉറച്ച കോട്ടയായാണ് കരുതപ്പെട്ടിരുന്നത്. എന്നാല്‍, വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ ഇവിടെ എം. വിജയകുമാര്‍ 763 വോട്ടിന്റെ മുന്‍തൂക്കം നേടി. ഇതു യുഡിഎഫ് കേന്ദ്രങ്ങളെ ഞെട്ടിച്ചു. അപ്പോഴേക്കും വിജയം ഏറെക്കുറെ ഉറപ്പായതും വോട്ടെണ്ണാന്‍ അവശേഷിക്കുന്നതില്‍ വോട്ടര്‍മാരുടെ എണ്ണം കൂടുതലുള്ള പൂവച്ചല്‍ പഞ്ചായത്ത് ഒപ്പം നില്‍ക്കുമെന്ന പ്രതീക്ഷയുമാണ് യുഡിഎഫിന് ആശ്വാസമായത്.

പൂവച്ചലിലും ശബരീനാഥന്‍ മോശമായില്ല. 2635 വോട്ടിന്റെ ഭൂരിപക്ഷം ഇവിടെനിന്നു ലഭിച്ചു. ഇതോടെ ശബരീനാഥന്റെ മൊത്തം ഭൂരിപക്ഷം 8685 ആയി ഉയര്‍ന്നു. പിന്നെ അവശേഷിച്ചത് കുറ്റിച്ചല്‍ പഞ്ചായത്തിലെ പതിമൂന്നു ബൂത്തുകള്‍ മാത്രമായിരുന്നു. ഭൂരിപക്ഷം പതിനായിരം കടക്കുമോ എന്നു മാത്രമായിരുന്നു അപ്പോള്‍ അറിയാനുണ്ടായിരുന്നത്. വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ ആ കടമ്പയും കടന്നു, ഭൂരിപക്ഷം 10,128.

സത്യപ്രതിജ്ഞ ഇന്ന് 9.30ന്

തിരുവനന്തപുരം: അരുവിക്കരയില്‍നിന്നു വിജയിച്ച യുഡിഎഫിലെ കെ.എസ്. ശബരീനാഥന്‍ ഇന്നു രാവിലെ 9.30ന് എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്യും. നിയമസഭയില്‍ നടക്കുന്ന ചടങ്ങില്‍ സ്പീക്കര്‍ എന്‍. ശക്തന്‍ സത്യവാചകം ചൊല്ലിക്കൊടുക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.