ഒറ്റക്കെട്ടായ പ്രവര്‍ത്തനത്തിന്റെ വിജയം: മുഖ്യമന്ത്രി
ഒറ്റക്കെട്ടായ പ്രവര്‍ത്തനത്തിന്റെ വിജയം: മുഖ്യമന്ത്രി
Wednesday, July 1, 2015 10:44 PM IST
തിരുവനന്തപുരം: ഒറ്റക്കെട്ടായ പ്രവര്‍ത്തനത്തിന്റെ വിജയമാണ് അരുവിക്കരയിലെ ഉപതെരഞ്ഞെടുപ്പിലുണ്ടായതെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പത്രസമ്മേളനത്തില്‍ പറഞ്ഞു. അരുവിക്കരയില്‍ യുഡിഎഫിന്റെ മുഴുവന്‍ നേതാക്കളും ഒന്നിച്ച് അണിനിരന്നു. യോജിച്ച പ്രവര്‍ത്തനത്തിനു കിട്ടിയ അംഗീകാരമാണിത്.

ഒരിക്കലും ഉണ്ടാകാത്ത തരത്തില്‍ യുഡിഎഫ് ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചു. അതു വിജയത്തിനു പ്രധാനഘടകമായി. എണ്ണയിട്ട യന്ത്രംപോലെ കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് മെഷീനറിയും ശക്തമായി പ്രവര്‍ത്തിച്ചു. ജി. കാര്‍ത്തികേയനോടുള്ള ആദരവും ഈ വിധിയെഴുത്തിലൂടെ ജനങ്ങള്‍ പ്രകടിപ്പിച്ചു. സ്ഥാനാര്‍ഥി എന്ന നിലയില്‍ ശബരീനാഥന്‍ അരുവിക്കരക്കാരുടെ ഹൃദയം കീഴടക്കിയാണു മുന്നേറിയത്. യുവത്വത്തിന്റെ പ്രതീകമായ അദ്ദേഹം എല്ലാ വിഭാഗം ആളുകളുടെയും പിന്തുണ നേടി.

അരുവിക്കര ഉപതെരഞ്ഞെടുപ്പ് വിജയം സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തലും തുടര്‍ ഭരണത്തിന്റെ സൂചനയുമാണ്. തെരഞ്ഞെടുപ്പ് ഫലം കഴിഞ്ഞ നാലു വര്‍ഷത്തെ സര്‍ക്കാരിന്റെ വിലയിരുത്തലായിരിക്കുമെന്ന് തെരഞ്ഞെടുപ്പ് പ്രചാരണവേളയിലെല്ലാം പറഞ്ഞിരുന്നു. വികസനവും കരുതലും അക്ഷരാര്‍ഥത്തില്‍ അതിനോട് നീതിപുലര്‍ത്തിയാണു പ്രവര്‍ത്തിച്ചത്.

ചെറിയ ഭൂരിപക്ഷത്തിനാണ് ഈ സര്‍ക്കാര്‍ ഭരണം തുടങ്ങിയതെങ്കിലും അതു ഭരണത്തെ ഒരുവിധത്തിലും ബാധിക്കാതെതന്നെയാണു മുന്നോട്ടുപോയത്. ജനങ്ങളുടെ പ്രതീക്ഷയ്ക്കും ആഗ്രഹത്തിനുമൊത്ത് നിരവധി പരിപാടികള്‍ ഏറ്റെടുത്തു മുന്നോട്ടുപോയി. ഈ നാലു വര്‍ഷത്തിനിടയില്‍ ഒരു മന്ത്രിയെപ്പോലും തള്ളിപ്പറയേണ്ട സാഹചര്യം മുഖ്യമന്ത്രിക്കുണ്ടായില്ല. മുഖ്യമന്ത്രിയെ തള്ളിപ്പറയേണ്ട അവസ്ഥ മന്ത്രിമാര്‍ക്കും ഉണ്ടായില്ല. എല്ലാം ആലോചിച്ചും ചര്‍ച്ചചെയ്തുമാണ് മുന്നോട്ടുനീങ്ങിയത്.

നിരവധി ആക്ഷേപങ്ങളും ആരോപണങ്ങളും വിവാദങ്ങളുമൊക്കെ പ്രതിപക്ഷം ഉന്നയിച്ചു. അതില്‍ ഒരു ശതമാനം ശരിയുണ്െടങ്കില്‍ അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ലെന്നു വിശ്വസിക്കുന്നയാളാണു താന്‍. ഈ സര്‍ക്കാര്‍ അധികാരത്തില്‍വന്നശേഷമുണ്ടായ എല്ലാ തെരഞ്ഞെടുപ്പിലും വിജയിച്ചു. പിറവം, നെയ്യാറ്റിന്‍കര ഇപ്പോള്‍ അരുവിക്കരയിലും. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ രണ്ടുസീറ്റുപോലും കിട്ടില്ലെന്നാണ് എല്‍ഡിഎഫ് പറഞ്ഞത്. എന്നാല്‍, 20ല്‍ 12 സീറ്റിലും ജയിച്ചു.

അരുവിക്കര ഉപതെരഞ്ഞെടുപ്പു വിജയം സംബന്ധിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം നിര്‍ഭാഗ്യകരവും വേദനാജനകവുമാണ്. പണവും മദ്യവുമൊഴുക്കിയാണോ യുഡിഎഫ് തെരഞ്ഞെടുപ്പുകളില്‍ ജയിച്ചത്? എല്ലാം ജനം കാണുകയല്ലേ. മദ്യത്തിനെതിരായ വിധിയെഴുത്തുകൂടിയാണ് അരുവിക്കരയില്‍ ജനങ്ങള്‍ നല്‍കിയത്. കോടിയേരിയുടെ പ്രതികരണം അരുവിക്കരയിലെ ജനങ്ങളെ അപമാനിക്കുന്നതിന് തുല്യമാണ്. അങ്ങനെ രാഷ്ട്രീയക്കാരുടെ പണവും മദ്യവും വാങ്ങി ഉപയോഗിക്കുന്നവരാണോ കേരളത്തിലെ ജനങ്ങളെന്നും മുഖ്യമന്ത്രി ചോദിച്ചു.

ഈ ജനവിധി തങ്ങളുടെ ഉത്തരവാദിത്വം വര്‍ധിപ്പിക്കുന്നു. കൂടുതല്‍ വിനയത്തോടെ ജനങ്ങളുടെ അഭിലാഷങ്ങള്‍ പൂര്‍ത്തീകരിക്കും. ഈ വിജയം അഹങ്കരിക്കാനുള്ളതല്ല. വലിയ ഉത്തരവാദിത്വമാണു ജനങ്ങള്‍ ഈ വിജയത്തിലൂടെ ഏല്‍പിച്ചിരിക്കുന്നത്. അതു പൂര്‍ത്തിയാക്കി മുന്നോട്ടുപോയാല്‍ ചരിത്രം തിരുത്തിക്കുറിച്ചു കേരളത്തില്‍ ഒരു ഭരണത്തുടര്‍ച്ച ഉണ്ടാകുമെന്ന സൂചനയാണ് ഇതിലൂടെ ലഭിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പോസീറ്റീവ് പൊളിറ്റിക്സിലാണ് ജനങ്ങള്‍ വിശ്വസിക്കുന്നത്. ബിജെപി നേടിയ വോട്ട് രാജഗോപാല്‍ എന്ന സ്ഥാനാര്‍ഥി മത്സരിച്ചതിലൂടെ ലഭിച്ചതാണ്. പി.സി. ജോര്‍ജിനെ നോട്ട ഇപ്പോള്‍ പുറത്താക്കിയിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.


അക്രമരാഷ്ട്രീയത്തിനെതിരായ താക്കീത്: സുധീരന്‍


തിരുവനന്തപുരം: സിപിഎമ്മിന്റെ നിഷേധ രാഷ്ട്രീയത്തിനും അക്രമ രാഷ്ട്രീയത്തിനുമെതിരായ ശക്തമായ താക്കീതാണ് അരുവിക്കരയിലെ ഉപതെരഞ്ഞെടുപ്പു ഫലമെന്ന് കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍.
പശ്ചിമബംഗാളിലെ ഗതി തന്നെയാണ് സിപിഎമ്മിന് കേരളത്തിലും ഉണ്ടാകാന്‍ പോകുന്നത്. താത്കാലിക നേട്ടത്തിനു വേണ്ടി ഇടതുപക്ഷം സ്വീകരിക്കുന്ന വര്‍ഗീയ പ്രീണനനയങ്ങള്‍ അവര്‍ക്ക് തന്നെ തിരിച്ചടിയാകുന്നതാണ് അരുവിക്കരയില്‍ കണ്ടത്. സിപിഎമ്മിന്റെ അണികളും അവരുടെ വോട്ടുകളും വ്യാപകമായി ബിജെപിയിലേക്കു പോയത് ഇതിനുള്ള തെളിവാണെന്നും സുധീരന്‍ പറഞ്ഞു.

അരുവിക്കരയില്‍ കെ.എസ്. ശബരീനാഥന്റെ വിജയം ജനങ്ങള്‍ സംസ്ഥാന സര്‍ക്കാരിനു നല്‍കിയ പിന്തുണയും യുഡിഎഫിന്റെ ഒറ്റക്കെട്ടായ പ്രവര്‍ത്തനത്തിനുള്ള അംഗീകാരവും ജി. കാര്‍ത്തികേയനോടുള്ള ഹൃദയ വികാരത്തിന്റെ പ്രതിഫലനവുമാണ്. ഈ വിജയം യുഡിഎഫിന്റെയും സര്‍ക്കാരിന്റെയും മുന്നോട്ടുള്ള പ്രവര്‍ത്തനത്തിന് കരുത്തുപകരും.

സര്‍ക്കാരിനെതിരെയുള്ള തെറ്റായ എല്ലാ പ്രചരണങ്ങളെയും ജനങ്ങള്‍ തള്ളിക്കളഞ്ഞുവെന്നതിനു തെളിവാണ് ഈ വിജയം. യുഡിഎഫ് സ്ഥാനാര്‍ഥി വമ്പിച്ച ഭൂരിപക്ഷത്തില്‍ വിജയിപ്പിച്ച അരുവിക്കരയിലെ പ്രബുദ്ധരായ വോട്ടര്‍മാരോട് ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.

അരുവിക്കരയില്‍ കോണ്‍ഗ്രസിലോ യുഡിഎഫിലോ ഭിന്നിപ്പിന്റെ സ്വരമില്ലാതെ അടുക്കും ചിട്ടയുമായി എല്ലാവരും ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചു. ഇതാണു വമ്പിച്ച ഭൂരിപക്ഷത്തിനുള്ള കാരണമായത്.

യുഡിഎഫിനെതിരെ ഉയര്‍ന്ന എല്ലാ വെല്ലുവിളികളെയും അതിജീവിച്ച് നേടിയ ഈ വിജയം അരുവിക്കര മണ്ഡലത്തിലെ വിജയം മാത്രമല്ല. തുടര്‍ന്ന് വരുന്ന തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെയും നിയമസഭാ തെരഞ്ഞെടുപ്പിന്റെയും ഫലസൂചനയാണ്.

ജി. കാര്‍ത്തികേയന്റെ ദീപ്ത സ്മരണകളോടുള്ള ജനങ്ങളുടെ ഹൃദയവികാരം പ്രതിഫലിക്കുന്ന വിധിയാണിത്. ശബരീനാഥന് മണ്ഡലത്തില്‍ വലിയ സ്വീകാര്യതയാണ് ലഭിച്ചതെന്ന് സുധീരന്‍ ചൂണ്ടിക്കാണിച്ചു.


അരുവിക്കര ഉപതെരഞ്ഞെടുപ്പ് വോട്ട് നില

ആകെ വോട്ട് 1,85,216
പോള്‍ ചെയ്തത് 1,42,499
കെ.എസ്. ശബരീനാഥന്‍(യുഡിഎഫ്) 56448
എം. വിജയകുമാര്‍(എല്‍ഡിഎഫ്) 46320
ഒ. രാജഗോപാല്‍(ബിജെപി) 34145
നോട്ട 1430
കെ. ദാസ് (എസിഡിഎഫ്) 1197
പൂന്തുറ സിറാജ് (പിഡിപി) 703

പി.കെ. സുകുമാരന്‍ (സ്വത.) 481, സുനില്‍ എം. കാരാണി(സ്വത.) 422, ഫാ. തോമസ് കൈതപ്പറമ്പില്‍ (എകെടിപി) 383, ഇരിഞ്ചയം സുരേഷ്(സ്വത.) 354, ടി.ആര്‍. ശ്രീജിത്ത്(എബിഎച്ച്എം) 171, എം.എസ്. ശബരീനാഥ് (സ്വത.) 354, എന്‍. ശശിധരന്‍ പിള്ള(ഇഎസ്കെപി) 93, ബി. വിജയകുമാര്‍(സ്വത.) 69, കെ.എം. ശിവപ്രസാദ് മാസ്റര്‍(ഐജിപി) 62, വിജയകുമാരന്‍ നായര്‍(സ്വത.) 40, കെ.ജി. മോഹനന്‍(സ്വത.)35.


ഒടുവില്‍ മത്സരം കാര്‍ത്തികേയന്റെ ഭൂരിപക്ഷവുമായി

തിരുവനന്തപുരം: വോട്ടെണ്ണല്‍ അവസാനഘട്ടത്തിലേക്കു കടന്നപ്പോള്‍ ജി. കാര്‍ത്തികേയനുമായിട്ടായി ശബരീനാഥന്റെ മത്സരം. കാര്‍ത്തികേയന്‍ 2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ നേടിയ 10,674 വോട്ടിന്റെ ഭൂരിപക്ഷം ശബരീനാഥന്‍ മറികടക്കുമോ എന്നറിയാനായി കൌതുകം.

അവസാന പഞ്ചായത്തായ കുറ്റിച്ചലിലെ വോട്ടെണ്ണല്‍ തുടങ്ങുമ്പോള്‍ ശബരീനാഥന്റെ ഭൂരിപക്ഷം 8600 ആയിരുന്നു. കുറ്റിച്ചലില്‍ 1528 വോട്ട് ഭൂരിപക്ഷം നേടി മിന്നുന്ന പ്രകടനം കാഴ്ചവച്ച ശബരീനാഥന്റെ ഭൂരിപക്ഷം 10,128 ആയി. അപ്പോഴും അച്ഛന്റെ ഭൂരിപക്ഷത്തിന് 546 വോട്ടിനു പിറകില്‍. അച്ഛനേക്കാള്‍ വളര്‍ന്നില്ലെങ്കിലും ഏതാണ്ട് ഒപ്പമെത്തി.


ഇതു മധുരപ്രതികാരം

കന്നി വിജയം കെ.എസ്. ശബരീനാഥന് ഒരുതരത്തില്‍ പറഞ്ഞാല്‍ മധുരപ്രതികാരം കൂടിയാണ്. ഒരിക്കല്‍ അച്ഛന്‍ ജി. കാര്‍ത്തികേയനെ പരാജയപ്പെടുത്തിയ എം. വിജയകുമാറിനോടുള്ള കടംവീട്ടല്‍.

1987ല്‍ തിരുവനന്തപുരം നോര്‍ത്തില്‍ സിറ്റിംഗ് എംഎല്‍എ ജി. കാര്‍ത്തികേയനെ 15,165 വോട്ടിനു പരാജയപ്പെടുത്തിക്കൊണ്ടായിരുന്നു എം. വിജയകുമാറിന്റെ തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിലെ അരങ്ങേറ്റം. അടുത്ത തെരഞ്ഞെടുപ്പില്‍ കാര്‍ത്തികേയന്‍ ആര്യനാട്ടേക്കു ചുവടുമാറി. പിന്നീട് തെരഞ്ഞെടുപ്പു തോല്‍വി ഏറ്റു വാങ്ങേണ്ടി വന്നിട്ടുമില്ല. വിജയകുമാറുമായി പിന്നീടൊരിക്കലും മുഖാമുഖം വന്നിട്ടുമില്ല.

അച്ഛനെ തോല്‍പിച്ച എം. വിജയകുമാറിനെ 28 വര്‍ഷത്തിനുശേഷം മലര്‍ത്തിയടിച്ചുകൊണ്ടു ശബരീനാഥന്‍ കടം തീര്‍ത്തു.


അഴിമതി വിരുദ്ധ മുന്നണിക്ക് 1197 വോട്ട്


വമ്പന്‍ അവകാശവാദങ്ങളുമായി മത്സരത്തിനിറങ്ങിയ അഴിമതി വിരുദ്ധ ജനാധിപത്യ മുന്നണിക്ക് അരങ്ങേറ്റത്തില്‍ തിരിച്ചടി. അവരുടെ സ്ഥാനാര്‍ഥി കെ. ദാസിന് ആകെ കിട്ടിയത് 1197 വോട്ട്. ആര്‍ക്കും വോട്ട് ചെയ്യാന്‍ താല്‍പര്യമില്ലാത്തവരുടെ നിഷേധവോട്ട് ആയ നോട്ടയ്ക്ക് 1430 വോട്ട് ലഭിച്ചു. അങ്ങനെ യുഡിഎഫിനെ പരാജയപ്പെടുത്താനായി കച്ചകെട്ടിയിറങ്ങിയ പി.സി. ജോര്‍ജിന് കാര്യമായൊന്നും ചെയ്യാനാകാതെ മടങ്ങേണ്ടിവന്നു.

നാടാര്‍ സംഘടനയായ വിഎസ്ഡിപി, ദളിത് സംഘടനയായ ഡിഎച്ച്ആര്‍എം, എസ്ഡിപിഐ തുടങ്ങിയവയുടെയൊക്കെ പിന്തുണയോടെയായിരുന്നു അഴിമതി വിരുദ്ധ ജനാധിപത്യ മുന്നണി മത്സരിച്ചത്. നാടാര്‍ സമുദായത്തിനു മണ്ഡലത്തില്‍ നിര്‍ണായക സ്വാധീനമുണ്െടങ്കിലും അവരുടെ വോട്ട് ആകര്‍ഷിക്കാന്‍ ദാസിനു സാധിച്ചില്ല. അരുവിക്കര തെരഞ്ഞെടുപ്പ് ഫലം പി.സി. ജോര്‍ജിന്റെ രാഷ്ട്രീയ നീക്കങ്ങള്‍ക്കു കനത്ത തിരിച്ചടി നല്‍കിയിരിക്കുകയാണ്.

അരുവിക്കരയില്‍ കെ. ദാസ് കുറഞ്ഞതു പതിനായിരം വോട്ട് നേടുമെന്നാണു പി.സി. ജോര്‍ജ് അവകാശപ്പെട്ടിരുന്നത്. ഇത് ഇരുപതിനായിരംവരെ ആകാമെന്നും പറഞ്ഞിരുന്നു. യുഡിഎഫിന്റെ വോട്ട് ബാങ്ക് ആയി അറിയപ്പെടുന്ന നാടാര്‍ വോട്ടില്‍ വിള്ളല്‍ വീഴ്ത്തി യുഡിഎഫിനെ പരാജയപ്പെടുത്താമെന്നായിരുന്നു ജോര്‍ജ് കണക്കുകൂട്ടിയത്. എന്നാല്‍, ഫലം പുറത്തുവന്നപ്പോള്‍ ശബരീനാഥന്‍ മികച്ച വിജയം നേടുകയും ജോര്‍ജിന്റെ സ്ഥാനാര്‍ഥിയുടെ പ്രകടനം അതിദയനീയമാകുകയും ചെയ്തു.


അച്ഛന്റെയും സര്‍ക്കാരിന്റെയും വിജയം: കെ.എസ്. ശബരീനാഥന്‍


അരുവിക്കരയിലെ തെരഞ്ഞെടുപ്പു ഫലം അച്ഛന്റെയും സര്‍ക്കാരിന്റെയും വിജയമാണെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി കെ.എസ്. ശബരീനാഥന്‍. സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തിനും ജി. കാര്‍ത്തികേയന്റെ വികസന നിലപാടുകള്‍ക്കും കിട്ടിയ അംഗീകാരമാണ്. ജനങ്ങള്‍ക്കു നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കുന്നതിനാകും മുന്‍ഗണന നല്‍കുക. അരുവിക്കരയിലെ ജനങ്ങള്‍ക്ക് അച്ഛനോടുള്ള ആത്മബന്ധമാണു തെരഞ്ഞെടുപ്പുഫലം സൂചിപ്പിക്കുന്നത്. അച്ഛന്‍ നടപ്പിലാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകും. മണ്ഡലത്തിലെ അടിസ്ഥാന വികസനത്തിനൊപ്പം ആദിവാസി മേഖലകളിലെ പുരോഗതിക്കും എംഎല്‍എ എന്ന നിലയില്‍ ഊന്നല്‍ നല്‍കുമെന്നും ശബരീനാഥന്‍ പറഞ്ഞു.



ആറാംവട്ടവും കാര്‍ത്തികേയനെ വിജയിപ്പിച്ചു: എം.ടി. സുലേഖ


കെ.എസ്. ശബരീനാഥന് അവസരം നല്‍കിയതിലൂടെ അരുവിക്കര ആറാം തവണയും ജി. കാര്‍ത്തികേയനെ വിജയിപ്പിച്ചുവെന്നു കാര്‍ത്തികേയന്റെ ഭാര്യ ഡോ. എം.ടി. സുലേഖ. കാര്‍ത്തികേയന്റെ ആത്മാവിനെ വേദനിപ്പിച്ച ആരോപണങ്ങള്‍ക്കു ജനങ്ങള്‍ നല്‍കിയ മറുപടിയാണ് ഈ വിജയം. ആരോപണത്തെ ജനങ്ങള്‍ ആരോപണമായി മാത്രം കാണുകയും കണ്ണില്‍ കണ്ട സത്യത്തെ അംഗീകരിക്കുകയും ചെയ്തു. വികസന കാര്യങ്ങളില്‍ എന്തു ചെയ്യണമെന്നു ശബരീനാഥന് അറിയാമെന്നും സുലേഖ പറഞ്ഞു.


അപ്രതീക്ഷിതമെന്ന് എം. വിജയകുമാര്‍

ഇടതുമുന്നണിയുടെ തോല്‍വി അപ്രതീക്ഷിതമായിരുന്നുവെന്നു സ്ഥാനാര്‍ഥി എം. വിജയകുമാര്‍. തോല്‍വിയില്‍നിന്ന് ഒരുപാടു പഠിക്കാനുണ്ട്. ഇതുസംബന്ധിച്ചു പാര്‍ട്ടി ആഴത്തില്‍ പഠിക്കും. ഇതിനെ രാഷ്ട്രീയ പരാജയമായി കാണാന്‍ കഴിയില്ല. പാര്‍ട്ടി വോട്ടുകള്‍ ബിജെപിക്കു ലഭിച്ചുവോയെന്ന ചോദ്യത്തിന് അതെല്ലാം പരിശോധിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.


വിജയം പണവും മദ്യവും ഉപയോഗിച്ച്: സിപിഎം


തിരുവനന്തപുരം: അധികാരവും പണവും മദ്യവും ഉപയോഗിച്ചു പ്രലോഭനങ്ങളിലൂടെ നേടിയ വിജയമാണു അരുവിക്കരയില്‍ യുഡിഎഫിന്റേതെന്നു സിപിഎം. ഭരണം ഉപയോഗിച്ചു ജാതി-മത ശക്തികളെ യുഡിഎഫ് കൂടെനിര്‍ത്തിയെന്നും തെരഞ്ഞെടുപ്പു ഫലം പാര്‍ട്ടി പരിശോധിക്കുമെന്നും സിപിഎം പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കി.


അഴിമതിപ്പണം വാരിയെറിഞ്ഞു നേടിയ വിജയം: വി.എസ്


തിരുവനന്തപുരം: അഴിമതിയിലൂടെ വാരിക്കൂട്ടിയ കോടികള്‍ വ്യാപകമായി വാരി എറിഞ്ഞും അധികാര ദുര്‍വിനിയോഗം നടത്തിയുമാണ് അരുവിക്കരയില്‍ യുഡിഎഫ് സീറ്റ് നിലനിര്‍ത്തിയതെന്നു പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ പ്രസ്താവനയില്‍ പറഞ്ഞു.

ഇതിനൊപ്പം സഹതാപതരംഗവും വിജയത്തിനായി വലിയ തോതില്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. യുഡിഎഫിന്റെ മത-വര്‍ഗീയ പ്രീണന നയം ഭൂരിപക്ഷ സമുദായങ്ങളെ ബിജെപിയിലേക്ക് അടുപ്പിക്കുന്നതിനു സഹായകമായി. അതുകൊണ്ടാണു ബിജെപിക്കു വളരെ കൂടുതല്‍ വോട്ടു നേടാന്‍ കഴിഞ്ഞത്. ഇതു കേരളത്തിന്റെ മതനിരപേക്ഷത നേരിടുന്ന വലിയ വെല്ലുവിളിയുമാണ്.

ഇതെല്ലാം മനസിലാക്കി കൂടുതല്‍ ജാഗ്രതയോടെ മുന്നോട്ടുനീങ്ങാന്‍ എല്‍ഡിഎഫ് പ്രതിജ്ഞാബദ്ധമാണെന്നും വി.എസ് പറഞ്ഞു.


സിപിഎം മാപ്പുപറയണം: കെ.എം. മാണി

തിരുവനന്തപുരം: അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ തോറ്റിട്ടും ജനങ്ങളെ അവഹേളിക്കുന്ന സിപിഎം മാപ്പു പറയണമെന്നു ധനമന്ത്രി കെ.എം. മാണി. ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി കെ.എസ്. ശബരീനാഥനെ വിജയിപ്പിച്ച അരുവിക്കരയിലെ ജനങ്ങളോടു നന്ദിയുണ്െടന്ന് അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു.

മദ്യവും പണവും ഒഴുക്കിയാണ് യുഡിഎഫ് വിജയിച്ചതെന്നുള്ള സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വാക്കുകള്‍ ഒരു പാര്‍ട്ടി നേതാവിനു യോജിച്ചതല്ല. തോറ്റു കഴിഞ്ഞാലുടന്‍ വോട്ടര്‍മാരെ അധിക്ഷേപിക്കുന്ന ഇടതുമുന്നണിയുടെ സമീപനം തികച്ചും ദൌര്‍ഭാഗ്യകരമാണ്. നോട്ട് കിട്ടിയപ്പോള്‍ സമ്മതിദായകരുടെ കണ്ണ് മഞ്ഞളിച്ചു എന്നു പറയുന്നതും ജനങ്ങളെ അപമാനിക്കുന്നതിനു തുല്യമാണ്. എല്‍ഡിഎഫിന്റെ നിഷേധ രാഷ്ട്രീയത്തിനെതിരേയുള്ള വിധിയെഴുത്താണ് അരുവിക്കരയില്‍ നടന്നതെന്നും മാണി പറഞ്ഞു.

അരുവിക്കരയില്‍ വി.എസ് ഇഫക്ട് ഉണ്ടാകുമെന്ന സിപിഎമ്മിന്റെ വീരവാദത്തിനു ജനങ്ങള്‍ മറുപടി നല്‍കി. അഴിമതിക്കാരെ സ്വന്തം പാര്‍ട്ടിയിലും വീട്ടിലും സംരക്ഷിച്ചിട്ടു മറ്റുള്ളവര്‍ക്കെതിരേ വ്യാജ അഴിമതിയാരോപണം നടത്തിയവര്‍ക്കുള്ള മറുപടിയാണിത്. തന്നെ വ്യക്തിപരമായി തേജോവധം ചെയ്തു. വ്യക്തിഹത്യ നടത്തി എത്രയോ അപവാദ പ്രചാരണങ്ങളാണ് നടത്തിയത്. അപസര്‍പ്പക കഥകളെ വെല്ലുന്ന വിധമാണ് അപവാദ പ്രചാരണം നടത്തിയത്. ഇതെല്ലാം ജനങ്ങള്‍ തള്ളിക്കളഞ്ഞതില്‍ സന്തോഷമുണ്ട്.

യുഡിഎഫില്‍ കള്ളമാരുണ്െടന്ന് ആക്ഷേപിച്ചു. പക്ഷേ, മാര്‍ക്സിസ്റ് പാര്‍ട്ടിയുടെ എല്‍ഡിഎഫ് കപ്പലിലാണു കള്ളന്മാരെന്ന് ഇപ്പോള്‍ തെളിഞ്ഞു.

പാണ്ഡവ- കൌരവയുദ്ധമാണ് അരുവിക്കരയില്‍ നടന്നത്. എല്‍ഡിഎഫിന്റെ തന്ത്രങ്ങളൊന്നും അവിടെ ഏശിയില്ല. നിഷ്പക്ഷ മാധ്യമ പ്രവര്‍ത്തനത്തിന്റെ മുഖംമൂടിയണിഞ്ഞ് ചില മാധ്യമങ്ങള്‍ പടച്ചുവിട്ട പെയ്ഡ് ന്യൂസ് പോലെ തോന്നുന്ന തന്ത്രങ്ങളും വിലപ്പോയില്ല. ഇടതുപക്ഷം ശരിക്കും പാഠം പഠിച്ചിരിക്കുന്നു.

പി.സി. ജോര്‍ജിന്റെ കാര്യത്തില്‍ ശിക്ഷാനടപടി യഥാസമയത്ത് ഉണ്ടാവുമെന്ന് ഒരു ചോദ്യത്തിനു മറുപടിയായി മാണി പറഞ്ഞു.

വി.എസ് സ്ഥാനം ഒഴിയണം: ജോണി നെല്ലൂര്‍

തൊടുപുഴ: അരുവിക്കര തെരഞ്ഞെടുപ്പു പരാജയത്തോടുകൂടി വി.എസ്. അച്യുതാനന്ദന്‍ പരാജയം സമ്മതിച്ചു പ്രതിപക്ഷ സ്ഥാനം ഒഴിയണമെന്നു കേരള കോണ്‍ഗ്രസ്-ജേക്കബ് ചെയര്‍മാന്‍ ജോണി നെല്ലൂര്‍ ആവശ്യപ്പെട്ടു. ഈ തെരഞ്ഞെടുപ്പിലൂടെ എല്‍ഡിഎഫിന്റെ പ്രസക്തി നഷ്ടപ്പെട്ടിരിക്കുന്നു. ഇടതുമുന്നണിയെ സഹായിക്കാന്‍ ഓടിപ്പോയ പി.സി. ജോര്‍ജും ബാലകൃഷണപിള്ളയും പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കണമെന്നും നെല്ലൂര്‍ ആവശ്യപ്പെട്ടു.


പഞ്ചായത്ത് തെരഞ്ഞെടുപ്പിന് ഒരുങ്ങാന്‍ സമയമായി: ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: അരുവിക്കരയിലെ ഉജ്വല ജയത്തില്‍ മതിമറന്നു നില്‍ക്കാതെ അടുത്തുവരുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പരമാവധി നേട്ടമുണ്ടാക്കാന്‍ യത്നിക്കണമെന്ന് യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അഭ്യര്‍ഥിച്ചു.

മൂന്നു മാസമേ തയാറെടുപ്പിനു ലഭിക്കൂ. ഇതിനകം ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ യുഡിഎഫിന്റെ എല്ലാ എംഎല്‍എമാരും ശ്രമിക്കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. യുഡിഎഫില്‍ സംജാതമായ ഐക്യത്തിന്റെയും ശാന്തിയുടെയും കൂടി സദ്ഫലമാണ് അരുവിക്കരയില്‍ ദൃശ്യമായതെന്ന് ആമുഖ പ്രസംഗത്തില്‍ സര്‍ക്കാര്‍ ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന്‍ പറഞ്ഞു.


വിജയം വിരല്‍ചൂണ്ടുന്നതു ഭരണത്തുടര്‍ച്ചയിലേക്ക്: ചെന്നിത്തല


തിരുവനന്തപുരം: അരുവിക്കര ഉപതെരഞ്ഞെടുപ്പിലെ വിജയം യുഡിഎഫിന്റെ ഭരണത്തുടര്‍ച്ചയിലേക്കാണു വിരല്‍ചൂണ്ടുന്നതെന്ന് ആഭ്യന്ത്രമന്ത്രി രമേശ് ചെന്നിത്തല. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടേയും കോണ്‍ഗ്രസ് പ്രവര്‍ത്തകരുടേയും യുഡിഎഫിന്റെയും കൂട്ടായ പ്രയത്നത്തിലൂടെയാണ് ഈ തിളക്കമാര്‍ന്ന വിജയം കൈവരിക്കാനായതെ ന്ന് അദ്ദേഹം പറഞ്ഞു. സിപിഎമ്മിന്റെ വോട്ടുകള്‍ ബിജെപി ക്കു ചോര്‍ന്നതു ഗൌരവകര മാണെന്നു ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.


അംഗീകാരം ഉമ്മന്‍ ചാണ്ടിക്ക്: കുഞ്ഞാലിക്കുട്ടി


തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മാനുഷിക മുഖത്തിനു ലഭിച്ച അംഗീകാരമാണ് അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്കു ലഭിച്ച വിജയമെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. പുരോഗമന അജന്‍ഡയാണ് യുഡിഎഫ് മുന്നോട്ടുവച്ചതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.


സര്‍ക്കാരിന് അംഗീകാരമെന്നു മന്ത്രിമാര്‍

തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിന്റെ ജനകീയത, വികസനം, മതേതരത്വം എന്നിവയ്ക്ക് ലഭിച്ച അംഗീകാരമാണ് അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് ലഭിച്ച വലിയ വിജയമെന്ന് മന്ത്രി അനൂപ് ജേക്കബ് പ്രതികരിച്ചു. ആര്‍എസ്പിയുടെ രാഷ്ട്രീയ നിലപാടിനുള്ള അംഗീകാരം കൂടിയാണ് അരുവിക്കരയിലെ ഉപതെരഞ്ഞെടുപ്പു ഫലമെന്ന് മന്ത്രി ഷിബു ബേബി ജോണ്‍ പറഞ്ഞു.


പിഴവുകള്‍ പരിശോധിക്കും: കാനം

തിരുവനന്തപുരം: ഭരണസ്വാധീനം ദുര്‍വിനിയോഗം ചെയ്തും, സര്‍ക്കാര്‍ സംവിധാനം ഉപയോഗിച്ചു നേടിയതാണ് അരുവിക്കരയിലെ യുഡിഎഫ് വിജയമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. പരാജയം ഇടതുമുന്നണി ഗൌരവപൂര്‍വം പരിശോധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.


സര്‍ക്കാരിന്റെ നേട്ടം: വീരേന്ദ്രകുമാര്‍

കോഴിക്കോട്:അരുവിക്കര ഉപതെ രഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി കെ.എസ്.ശബരിനാഥന്‍ നേടിയ വന്‍ വിജയം യുഡി എഫ് സര്‍ക്കാരിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ക്കുള്ള ജനങ്ങളുടെ അംഗീകാരമാണെന്ന് ജനതാദള്‍-യു സംസ്ഥാന പ്രസിഡന്റ് എം.പി.വീരേന്ദ്രകുമാര്‍. ജനതാദള്‍ മുന്നണി മാറാനുള്ള സാധ്യത ഉണ്േടായെന്ന ചോദ്യത്തോട്, ജനതാദള്‍- യു ഇപ്പോള്‍ യുഡിഎഫിന്റെ ഭാഗമാണെന്നുവീരേന്ദ്രകുമാര്‍ പ്രതികരിച്ചു. സംഘപരിവാര്‍ ഉയര്‍ത്തുന്ന പ്രശ്നം മുന്നണികള്‍ക്കും കക്ഷികള്‍ക്കുമപ്പുറം ചര്‍ച്ച ചെയ്യപ്പെടണമെന്ന മുന്‍നിലപാടില്‍ മാറ്റമില്ല: അദ്ദേഹം പറഞ്ഞു.


ജയിച്ചതു പണാധിപത്യം: പി.സി. ജോര്‍ജ്


തിരുവനന്തപുരം: അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ചതു പണാധിപത്യമാണെന്നു പി.സി. ജോര്‍ജ് എംഎല്‍എ. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ കരങ്ങള്‍ താഴേത്തട്ടിലേക്ക് എത്തിയതാണു വിജയത്തിനു കാരണമെന്നു കരുതുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.


ഇടതു വോട്ട് ചോര്‍ന്നെന്നു പിണറായി

കൊച്ചി: അരുവിക്കരയില്‍ എല്‍ഡിഎഫിന്റെ വോട്ടില്‍ ചോര്‍ച്ചയുണ്ടായിട്ടുണ്െടന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. പക്ഷെ, ആ വോട്ടുകള്‍ ബിജെപിക്കല്ല ലഭിച്ചിരിക്കുന്നതെന്നും യുഡിഎഫ് കുതന്ത്രങ്ങളിലൂടെ പണമൊഴുക്കി എല്‍ഡിഎഫിന്റെ വോട്ടു നേടുകയായിരുന്നുവെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. ബിജെപിക്കും വോട്ടു കൂടിയിട്ടുണ്ട്. പക്ഷേ കൂടിയത് എല്‍ഡിഎഫിന്റെ വോട്ട് നേടിയിട്ടല്ല.

പണത്തിനു മീതെ പരുന്തും പറക്കില്ലെന്ന പഴഞ്ചൊല്ല് അരുവിക്കരയില്‍ അന്വര്‍ഥമായി. ഉമ്മന്‍ചാണ്ടിയുടെ കുതന്ത്രങ്ങളാണ് അരുവിക്കരയില്‍ വിജയിച്ചത്. അത് ജനവിധിയാണെന്ന് ആരും തെറ്റിദ്ധരിക്കേണ്ട. പാവപ്പെട്ടവര്‍ നമ്മുടെ നാട്ടില്‍ ധാരാളമുണ്ട്. അവരെ താല്‍ക്കാലികമായി മോഹിപ്പിക്കാനും പ്രലോഭിപ്പിക്കാനും കഴിയും. അതിനുള്ള എല്ലാ വഴികളും യുഡിഎഫ് സമര്‍ഥമായി സ്വീകരിച്ചു. പ്രബല വര്‍ഗീയ ശക്തികളെ സ്വാധീനിക്കാനും യുഡിഎഫിന് കഴിഞ്ഞെന്നും പിണറായി വിജയന്‍ പറഞ്ഞു.

മാറ്റത്തിന്റെ ചൂണ്ടുപലക: പി.സി. തോമസ്


തിരുവനന്തപുരം: 25000 വോട്ടുകള്‍ പുതുതായി ചേര്‍ക്കപ്പെട്ടിട്ടും നാലു വര്‍ഷം മുമ്പ് ഇടതു-വലതു മുന്നണികള്‍ പിടിച്ച വോട്ടിന്റെ എണ്ണത്തില്‍ വ്യത്യാസം വരാത്തതും ബിജെപി സ്ഥാനാര്‍ഥി ഒ. രാജഗോപാല്‍ അഞ്ചിരട്ടി വോട്ടു പിടിച്ചതും കേരളത്തില്‍ വരാന്‍ പോകുന്ന രാഷ്ട്രീയ മാറ്റത്തിന്റെ ചൂണ്ടുപലകയാണെന്ന് കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി.സി. തോമസ്.

ഇരുമുന്നണികളോടും മടുപ്പു തോന്നിയ വോട്ടര്‍മാര്‍ ഒരു രാഷ്ട്രീയ മാറ്റത്തിനു ബിജെപിയെ തെരഞ്ഞെടുത്തിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.