അരുവിക്കരയും കടന്ന് യുഡിഎഫ്
അരുവിക്കരയും കടന്ന് യുഡിഎഫ്
Wednesday, July 1, 2015 12:01 AM IST
സ്വന്തം ലേഖകന്‍

തിരുവനന്തപുരം: ഇല്ലാ...ഇല്ലാ...മരിച്ചിട്ടില്ല...ജി.കെ മരിച്ചിട്ടില്ല... ജീവിക്കുന്നൂ ശബരിയിലൂടെ ...വിജയശ്രീലാളിതനായി വോട്ടെണ്ണല്‍ കേന്ദ്രമായ സ്വാതിതിരുനാള്‍ സംഗീത കോളജിലെത്തിയ അരുവിക്കരയുടെ പുതിയ നാഥനെ യുഡിഎഫ് പ്രവര്‍ത്തകര്‍ വരവേറ്റത് ഇങ്ങനെ. വിജയമുറപ്പിച്ചു രാവിലെ പത്തേകാലോടെ തന്നെ വോട്ടെണ്ണല്‍ കേന്ദ്രത്തിനു മുന്നിലെത്തിയ കെ.എസ്. ശബരീനാഥനെ മൂവര്‍ണക്കൊടിയുമേന്തി ആര്‍പ്പുവിളിയോടെ പ്രവര്‍ത്തകര്‍ തോളിലേറ്റി.

വിജയത്തിന്റെ മധുരിമയ്ക്കൊ പ്പം പ്രവര്‍ത്തകരുടെ സ്നേഹവായ്പുകള്‍ കൂടി ലഭിച്ചതോടെ ശബരീനാഥന്റെ മുഖത്തു ചിരി പടര്‍ന്നു. ഒരുവേള ഈ ചിരിക്ക് ജി. കാര്‍ത്തികേയന്റെ ചിരിയോട് ഏറെ സാമ്യംഉണ്ടായിരുന്നു. പത്തരയോടെ ഫല പ്രഖ്യാപനവും വന്നതോടെ പ്രവര്‍ത്തകരുടെ ആവേശം അണപൊട്ടി. ശബരിയെയും എടുത്തു പ്രവര്‍ത്തകര്‍ സംഗീത കോളജിനുള്ളിലേക്കു കടന്നു. നിമിഷങ്ങള്‍ക്കുള്ളില്‍ മാധ്യമങ്ങള്‍ ശബരിയെ പൊതിഞ്ഞു.

വിജയാഹ്ളാദത്തിനിടെ ഒരു നിമിഷം കണ്ഠമിടറി....‘ഇത് അച്ഛന്റെ വിജയമാണ്. അരുവിക്കരക്കാര്‍ അച്ഛനെ മറന്നിട്ടില്ലെന്നുള്ളതിനു തെളിവാണ് ഈ വിജയം. അരുവിക്കരയിലെ ജനങ്ങള്‍ക്കൊപ്പമാകും ഇനി ഞാന്‍..’ വിനയാന്വിതനായ ചെറുപ്പക്കാരന്റെ വാക്കുകള്‍ കേട്ടതോടെ മുദ്രാവാക്യവിളിയും ഉയര്‍ന്നു. മുത്തേ.. മുത്തേ മണിമുത്തേ... അരുവിക്കരയുടെ മണിമുത്തേ...

രാവിലെ ഏഴുമണിയോടെ തന്നെ വോട്ടെണ്ണല്‍ കേന്ദ്രമായ സ്വാതിതിരുനാള്‍ സംഗീത കോളജിനു മുന്നില്‍ രാഷ്ട്രീയ പ്രവര്‍ത്തകരും നേതാക്കളും എത്തി. സിപിഎം സംസ്ഥാന കമ്മിറ്റി അംഗം വി. ശിവന്‍കുട്ടി എംഎല്‍എയും ചില പ്രാദേശിക നേതാക്കളും ഏഴരയോടെ വോട്ടെണ്ണല്‍ കേന്ദ്രത്തിലെത്തി. എട്ടേകാലോടെ ശബരീനാഥന് അനുകൂലമായി ആദ്യ ലീഡ് നില പുറത്തുവന്നു. അതോടെ ഇവിടേക്കു യുഡിഎഫ് പ്രവര്‍ത്തകര്‍ ഒഴുകിയെത്തി. ഒന്‍പതു മണിയോടെ കാര്യങ്ങള്‍ യുഡിഎഫിന്റെ വഴിക്കെത്തിയതോടെ സംഗീതകോളജും പരിസര വും പൂര്‍ണമായും യുഡിഎഫ് പ്രവര്‍ത്തകരുടെ കൈയിലായി. മൂവര്‍ണ പതാക പാറിവീശാന്‍ തുടങ്ങി.

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും യുഡിഎഫ് നേതാക്കള്‍ക്കും അഭിവാദ്യമര്‍പ്പിച്ചുകൊണ്ടുള്ള മുദ്രാവാക്യമുയര്‍ന്നു. തുടക്കത്തില്‍ ലഭിച്ച ലീഡ് നില അവസാനഘട്ടം വരെ നിലനിന്നതോടെ പ്രവര്‍ത്തകര്‍ ശബരീനാഥന്റെ വിജയമുറപ്പിച്ചു. തങ്ങള്‍ക്കൊപ്പം ആഹ്ളാദം പങ്കുവയ്ക്കാന്‍ അരുവിക്കരയുടെ എംഎല്‍എ ശബരീനാഥന്‍ എത്തുമെന്നറിഞ്ഞതോടെ പ്രവര്‍ത്തകര്‍ക്ക് ആവേശം കൂടി. പിന്നീടുള്ള നിമിഷങ്ങള്‍ ശബരീനാഥനുവേണ്ടിയുള്ള കാത്തിരിപ്പായിരുന്നു. ഗാന്ധി സ്മാരക നിധിക്കു മുന്നില്‍ ശബരീനാഥന്റെ വാഹനമെത്തിയതോടെ പ്രവര്‍ത്തകര്‍ അവിടേക്കോടി.


പ്രവര്‍ത്തകര്‍ക്കിടയില്‍നിന്നു ശബരിയെ വോട്ടെണ്ണല്‍ കേന്ദ്രത്തിനുള്ളിലേക്കെത്തിക്കാന്‍ പോലീസ് നന്നേ പ്രയാസപ്പെട്ടു. ആശംസകള്‍ നേര്‍ന്നു കൈ തന്നവര്‍ക്കെല്ലാം തിരിച്ചു കൈകൊടുത്തും മറ്റുള്ളവര്‍ക്കു നേരെ നിറഞ്ഞ പുഞ്ചിരിയോടെ കൈവീശിയും ശബരിയും പ്രത്യാഭിവാദ്യമര്‍പ്പിച്ചു.

കോളജിനുള്ളില്‍ കടന്ന ശബരിയുടെ പിന്നീടുള്ള തിരക്കു ദൃശ്യമാധ്യമങ്ങള്‍ക്കു പ്രത്യേകമായി അഭിമുഖം നല്‍കുക എന്നതായിരുന്നു. ഇതിനായി മാധ്യമങ്ങള്‍ മത്സരിക്കുമ്പോഴും നേരത്തേ പറഞ്ഞ വാക്കുകളില്‍നിന്ന് ഒരക്ഷരം പോലും മാറ്റമുണ്ടായില്ല. അത്ര ദൃഢനിശ്ചയമായിരുന്നു തുടക്കത്തില്‍ തന്നെ അരുവിക്കരയുടെ പുതിയ തേരാളിക്ക്.

കഴിഞ്ഞ ഒരു മാസം യുഡിഎഫിനെതിരെ നിശിതമായ വിമര്‍ശനമുയര്‍ത്തിയ ഒരു ദൃശ്യമാധ്യമ പ്രവര്‍ത്തകന്‍ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ നിന്നു പുറത്തിറങ്ങിയപ്പോള്‍ കൂക്കുവിളിയോടെയാണു യുഡിഎഫ് പ്രവര്‍ത്തകര്‍ വരവേറ്റത്.

ഇതിനിടെ, ഇടതുമുന്നണി സ്ഥാനാര്‍ഥി എം. വിജയകുമാര്‍ പുറത്തുവന്നപ്പോഴും പ്രവര്‍ത്തകര്‍ കൂകി. എന്നാല്‍, അവിടെയുണ്ടായിരുന്ന യുഡിഎഫ് നേതാക്കള്‍ ഇടപെട്ടു പ്രവര്‍ത്തകരെ പിന്തിരിപ്പിച്ചു. പതിനൊന്നുമണിയോടെ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍നിന്നു ശബരീനാഥന്‍ മുഖ്യമന്ത്രിയും മന്ത്രിമാരുമുള്ള നിയമസഭയിലേക്കു പോയി.

വെളുപ്പിന് നാലേമുക്കാലോടെ പഴവങ്ങാടി ക്ഷേത്രത്തിലെത്തി ഗണപതിയെ വണങ്ങി. ആറു മണിയോടെ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസിലെത്തി തെരഞ്ഞെടുപ്പ് ഏജന്റുമാരുമൊത്തു പ്രഭാത ഭക്ഷണം. ഏഴുമണിക്ക്വോട്ടെണ്ണല്‍ കേന്ദ്രമായ തൈക്കാട് സംഗീത കോളജിലേക്ക്. അവിടെ അര മണിക്കൂറോളം ചെലവഴിച്ചശേഷം തിരികെ വീട്ടില്‍പ്പോയി. അമ്മയ്ക്കും ജ്യേഷ്ഠനുമൊപ്പം ടെലിവിഷനു മുന്നില്‍. ജയം ഉറപ്പായതോടെ പത്തു മണിക്കു സംഗീത കോളജിലേക്ക്. പന്ത്രണ്ടുമണിയോടെ തന്നെ വിജയിപ്പിച്ച മണ്ഡലത്തിലെ ജനങ്ങളെ കാണാന്‍ പുതിയ എംഎല്‍എ അരുവിക്കരയിലേക്കു പോയി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.