സമര്‍പ്പിതജീവിതത്തിലെ വെല്ലുവിളികള്‍ അതിജീവിക്കണം: മാര്‍ ആലഞ്ചേരി
സമര്‍പ്പിതജീവിതത്തിലെ വെല്ലുവിളികള്‍  അതിജീവിക്കണം: മാര്‍ ആലഞ്ചേരി
Wednesday, July 1, 2015 10:46 PM IST
കൊച്ചി: സമര്‍പ്പിത ജീവിതത്തിലുണ്ടാകുന്ന വെല്ലുവിളികളെ തരണം ചെയ്യാന്‍ ആത്മശക്തി ആവശ്യമാണെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി.

സമര്‍പ്പിത വര്‍ഷാചരണത്തോടനുബന്ധിച്ച് സീറോ മലബാര്‍ സഭയുടെ സന്യസ്തര്‍ക്കായുള്ള കമ്മീഷന്റെ നേതൃത്വത്തില്‍ നടത്തിയ നവസന്യാസിനികളുടെ ഏകദിന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വന്തം ജീവിതത്തിലൂടെ വിശുദ്ധി ലോകത്തിനു സാക്ഷ്യപ്പെടുത്തണം. സമര്‍പ്പിത ജീവിതശൈലി സഭയ്ക്കുവേണ്ടിയുള്ളതാണ്. സന്യാസ ജീവിതത്തിലെ പ്രാര്‍ഥനയും പ്രവര്‍ത്തനങ്ങളും വഴി വളര്‍ച്ചയുടെ തപസ്യ നേടിയെടുക്കണമെന്നും കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി ആഹ്വാനം ചെയ്തു.

സന്യസ്തര്‍ക്കായുള്ള കമ്മീഷന്റെ ചെയര്‍മാന്‍ ബിഷപ് മാര്‍ ജോസ് പൊരുന്നേടം അധ്യക്ഷത വഹിച്ചു. സന്യസ്തര്‍ തങ്ങളുടെ ജീവിതമാതൃകയിലൂടെ യേശുവിനു സാക്ഷ്യം വഹിക്കുന്നവരാകണമെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.


മേജര്‍ ആര്‍ക്കി എപ്പിസ്ക്കോപ്പല്‍ ട്രൈബ്യൂണല്‍ പ്രസിഡന്റ് റവ. ഡോ. ജോസ് ചിറമേല്‍ ക്ളാസ് നയിച്ചു. വ്യത്യസ്തമായ ഒരു ജീവിതം സാധ്യമാണ് എന്നതിന്റെ അടയാളമാണു സന്യാസമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സമര്‍പ്പണത്തിന്റെ സന്തോഷം അനുഭവിച്ച് വിശ്വാസത്തില്‍ വളരാനും അതിന്റെ സംരക്ഷകരാകാനും സന്യസ്തര്‍ കടപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഫാ. ജോസഫ് പുലവേലില്‍, കമ്മീഷന്‍ സെക്രട്ടറി സിസ്റര്‍ വിമല്‍ ജോസ് എന്നിവര്‍ പ്രസംഗിച്ചു. സഭ ആസ്ഥാനമായ കാക്കനാട് മൌണ്ട് സെന്റ് തോമസില്‍ നടന്ന സംഗമത്തില്‍ ഈ വര്‍ഷം പ്രഥമ വ്രതവാഗ്ദാനം നടത്തിയ 150 നവസന്യാസിനികള്‍ പങ്കെ ടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.