ബിജെപിക്കു വന്‍നേട്ടം; മുന്നണികള്‍ക്കു ക്ഷീണം
ബിജെപിക്കു വന്‍നേട്ടം; മുന്നണികള്‍ക്കു ക്ഷീണം
Wednesday, July 1, 2015 11:59 PM IST
തിരുവനന്തപുരം: അരുവിക്കരയില്‍ യുഡിഎഫ് മികച്ച വിജയം നേടിയപ്പോള്‍ ബിജെപിയും എടുത്തുപറയത്തക്ക നേട്ടമുണ്ടാക്കി. നാലു വര്‍ഷത്തിനിടയില്‍ അവരുടെ വോട്ടുകള്‍ നാലര മടങ്ങോളം വര്‍ധിച്ചു.

മണ്ഡലത്തിലെ വോട്ടര്‍മാരുടെ എണ്ണത്തില്‍ 26,063 ന്റെ വര്‍ധനയുണ്ടായപ്പോഴും യുഡിഎഫിന് കഴിഞ്ഞ തവണത്തേക്കാള്‍ 349 വോട്ട് കുറഞ്ഞു. എല്‍ഡിഎഫിന് 197 വോട്ടിന്റെ വര്‍ധനയുണ്ടായി. ത്രികോണ മത്സരംവന്നതോടെ ഇരുമുന്നണികളുടെയും അടിത്തറയില്‍ കാര്യമായ മാറ്റമുണ്ടായെന്നു വ്യക്തം.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ ജി. കാര്‍ത്തികേയന്‍ മൊത്തം പോള്‍ ചെയ്ത വോട്ടിന്റെ 48.78 ശതമാനം നേടിയാണ് 10,674 വോട്ടിന്റെ ഭൂരിപക്ഷത്തോടെ വിജയിച്ചത്. ഇത്തവണ കെ.എസ്. ശബരീനാഥന്റെ വോട്ട് ശതമാനം 39.61 ആയി കുറഞ്ഞു. കഴിഞ്ഞ തവണ എല്‍ഡിഎഫ് 39.61 ശതമാനം വോട്ട് നേടിയ സ്ഥാനത്ത് ഇക്കുറി സിപിഎം സ്വന്തം സ്ഥാനാര്‍ഥിയെ ഇറക്കിയിട്ടും ലഭിച്ചത് 32.50 ശതമാനം വോട്ട് മാത്രം. എന്നാല്‍, ബിജെപി സ്ഥാനാര്‍ഥി ഒ. രാജഗോപാലിന് 23.96 ശതമാനം വോട്ട് ലഭിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് 6.61 ശതമാനം മാത്രം വോട്ട് ലഭിച്ച സ്ഥാനത്താണിത്.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മുന്നണികളുടെ വോട്ട് ഘടനയില്‍ കാര്യമായ മാറ്റം വന്നിരുന്നു. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന എ. സമ്പത്തിന് 43.02 ശതമാനവും യുഡിഎഫിലെ ബിന്ദു കൃഷ്ണയ്ക്ക് 39.58 ശതമാനവും വോട്ടായിരുന്നു അന്നു ലഭിച്ചത്. ബിജെപി അന്ന് വോട്ട് ഇരട്ടിയോളമാക്കിയിരുന്നു. അവരുടെ വോട്ട് ശതമാനം 12.32 ശതമാനമായി വര്‍ധിച്ചു. ഒരുവര്‍ഷത്തിനുശേഷം ഉപതെരഞ്ഞെടുപ്പില്‍ അവര്‍ വീണ്ടും വോട്ട് വിഹിതം ഏറെക്കുറെ ഇരട്ടിയാക്കി.


ബിജെപിയുടെ വളര്‍ച്ച ഇരുമുന്നണിയുടെയും വോട്ടുപെട്ടിയെ ബാധിച്ചു. എന്നാല്‍, കൂടുതല്‍ പരിക്കേറ്റത് ഇടതുമുന്നണിക്കാണ്. അവരുടെ പരമ്പരാഗത ശക്തികേന്ദ്രങ്ങളില്‍പോലും യുഡിഎഫിനും പിന്നിലേക്കു പോകേണ്ടി വന്നത് ബിജെപിയുടെ മുന്നേറ്റം മൂലമാണ്. നാടാര്‍, മുസ്ലിം വോട്ടുകളുള്‍പ്പെടെ ന്യൂനപക്ഷ വോട്ടുകള്‍ യുഡിഎഫിലേക്കു കേന്ദ്രീകരിച്ചതും ശബരീനാഥന്റെ മികച്ച ഭൂരിപക്ഷത്തോടെയുള്ള വിജയത്തിനു വഴിതെളിച്ചു.

ഒ. രാജഗോപാല്‍ ബിജെപി സ്ഥാനാര്‍ഥിയായതും അവരുടെ മികച്ച മുന്നേറ്റത്തിനു സഹായകമായിട്ടുണ്ട്. ബിജെപിയുടെ ശക്തി കാര്യമായി വര്‍ധിച്ചു എന്നു പറയുമ്പോഴും രാജഗോപാല്‍ ഘടകം അതില്‍ എത്രമാത്രമുണ്െടന്നു കൃത്യമായി പറയാനാവില്ല. ബിജെപി സ്ഥാനാര്‍ഥി മറ്റൊരാളായിരുന്നെങ്കില്‍ ഇത്രയേറെ വോട്ടു നേടില്ലായിരുന്നു എന്നു പറയാം.

അരുവിക്കര ബിജെപിയുടെ ശക്തികേന്ദ്രമല്ലായിരുന്നു. അവിടെ ഇങ്ങനെയൊരു മുന്നേറ്റം നടത്താന്‍ സാധിച്ചത് ബിജെപിയുടെ ആത്മവിശ്വാസം വളര്‍ത്തിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.