ഭാവമാറ്റമില്ലാതെ മുഖ്യമന്ത്രി
ഭാവമാറ്റമില്ലാതെ മുഖ്യമന്ത്രി
Wednesday, July 1, 2015 12:00 AM IST
തിരുവനന്തപുരം: സംഗീത കോളജില്‍ അരുവിക്കരയുടെ വോട്ടെണ്ണല്‍ നടക്കുമ്പോള്‍ ഫലമറിയാന്‍ നിയമസഭയിലുണ്ടായിരുന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉത്കണ്ഠാകുലനായിരുന്നു. പിന്നീട് യുഡിഎഫ് സ്ഥാനാര്‍ഥിയുടെ വിജയം ഉറപ്പായശേഷം വിജയത്തിലെ ആഹ്ളാദപ്രകടനമൊന്നും ഉമ്മന്‍ ചാണ്ടിയുടെ മുഖഭാവത്തിലുണ്ടായിരുന്നില്ല.

യുഡിഎഫിലെ രണ്ടാംനിര നിയമസഭാംഗങ്ങളെല്ലാം കെ. എസ്. ശബരീനാഥന്റെ വിജയം അറിഞ്ഞ് ആഹ്ളാദത്തിന്റെ കൊടുമുടി കയറിയപ്പോള്‍, മുഖ്യമന്ത്രിയും മറ്റു കക്ഷിനേതാക്കളും ഒരു ഭാവവ്യത്യാസവുമില്ലാതെ ഒന്നാം നിരയിലിരുന്നു മറുപടി നല്‍കി. തെരഞ്ഞെടുപ്പുഫലം അറിഞ്ഞശേഷം ശ്രദ്ധക്ഷണിക്കലിനും മൂന്നു സബ്മിഷനുകള്‍ക്കും മുഖ്യമന്ത്രി മറുപടി നല്‍കിയെങ്കിലും ഇതിലൊന്നും അരുവിക്കര തെരഞ്ഞെടുപ്പു ഫലം കടന്നുവന്നതേയില്ല.

രാവിലെ എട്ടരയ്ക്കു ചോദ്യോത്തര വേളയില്‍ തന്നെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിയമസഭയിലെത്തി. ഷാഫി പറമ്പിലായിരുന്നു വാട്സ്ആപ് വഴി ലഭിക്കുന്ന ലീഡ് നില മുഖ്യമന്ത്രിയെ അറിയിച്ചുകൊണ്ടിരുന്നത്. ആദ്യം മുതല്‍ ശബരിക്ക് അനുകൂലമായി കുതിച്ച ലീഡ് നിലയുമായി ഷാഫി മിനിറ്റുകള്‍ ഇടവിട്ടു മുഖ്യമന്ത്രിയുടെ അടുത്തേക്ക് ഓടിയെത്തി കൊണ്ടിരുന്നപ്പോള്‍ ഫലം അറിയാന്‍ മന്ത്രിമാരും എംഎല്‍എമാരും മുഖ്യമന്ത്രിയുടെ സീറ്റിനെ വലയം ചെയ്തു നിന്നു.

ശബരിയുടെ ഭൂരിപക്ഷം 10,000 കടന്നപ്പോള്‍ ബെന്നി ബെഹനാന്റെയും പി.സി. വിഷ്ണുനാഥിന്റെയും നേതൃത്വത്തില്‍ ഭരണകക്ഷി അംഗങ്ങള്‍ ഓടിയടുത്തു.

ഈ സമയം പ്രതിപക്ഷത്തെ സിപിഎമ്മിലെയും സിപിഐയിലെയും അംഗങ്ങള്‍ നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയിരുന്നു. ജനതാദള്‍- യുണൈറ്റഡിന്റെയും എന്‍സിപിയുടെയും അംഗങ്ങള്‍ മാത്രമായിരുന്നു പ്രതിപക്ഷ നിരയിലുണ്ടായിരുന്നത്. ജനതാദള്‍ നിയമസഭാ കക്ഷി നേതാവ് മാത്യു ടി. തോമസ് വാക്കൌട്ട് പ്രസംഗം നടത്തുന്നതിനിടയിലായിരുന്നു ഭരണകക്ഷി നേതാക്കളുടെ ആഹ്ളാദ പ്രകടനം. ബിജെപിയുടെ ഔദാര്യത്തിലുള്ള വിജയമാണെന്ന് ഓര്‍ക്കണമെന്നായിരുന്നു മാത്യു ടി. തോമസിന്റെ കമന്റ്.


സീറ്റില്‍നിന്ന് ഭരണകകക്ഷി അംഗങ്ങളെല്ലാം എഴുന്നേറ്റതോടെ സ്പീക്കര്‍ എന്‍. ശക്തന്റെ നിര്‍ദേശമെത്തി. കുറച്ചു നേരമായി എല്ലാവരും എഴുന്നേറ്റു നടക്കുന്നു. ഇനി സീറ്റുകളില്‍ പോയി ഇരിക്കണം. ഇതോടെ അനുസരണയുള്ള കുട്ടികളായി ഭരണപക്ഷ അംഗങ്ങള്‍. നിയമസഭയില്‍ ലഡുവിതരണം ചെയ്യാനുള്ള ശ്രമവും സ്പീക്കര്‍ മുളയിലേ നുള്ളി.

അരുവിക്കരയെക്കുറിച്ചു മുഖ്യമന്ത്രി നിയമസഭയില്‍ പ്രതികരിച്ചില്ലെങ്കിലും പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്റേത് അടക്കമുള്ള ചില ചോദ്യങ്ങള്‍ക്ക് ഉമ്മന്‍ ചാണ്ടി പരുക്കന്‍ ഭാഷയില്‍ മറുപടി പറഞ്ഞു ജയത്തെ ഓര്‍മിപ്പിച്ചു. അടിയന്തര പ്രമേയ അവതരണത്തിനിടയില്‍ തനിക്കെതിരേ അഴിമതി ആരോപണം ഉന്നയിച്ച വി.എസിനെ വെല്ലുവിളിച്ചുകൊണ്ടു മന്ത്രി അനൂപ് ജേക്കബും രംഗത്തെത്തിയിരുന്നു. പിന്നീടു നിയമസഭയിലെ മീഡിയ റൂമിലെത്തിയാണ് അരുവിക്കര തെരഞ്ഞെടുപ്പിലെ യുഡിഎഫ് വിജയത്തെക്കുറിച്ചു മുഖ്യമന്ത്രി പ്രതികരിച്ചത്. പിന്നീടുള്ള ബജറ്റ് ധനാഭ്യര്‍ഥന ചര്‍ച്ചകളില്‍ ആരോപണ- പ്രത്യാരോപണങ്ങളുമായി അരുവിക്കര നിറഞ്ഞുനിന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.