അരുവിക്കര ഫലം യുഡിഎഫ് ഭരണത്തിന്റെ വിലയിരുത്തലാകും: ഉമ്മന്‍ ചാണ്ടി
അരുവിക്കര ഫലം യുഡിഎഫ് ഭരണത്തിന്റെ വിലയിരുത്തലാകും: ഉമ്മന്‍ ചാണ്ടി
Tuesday, June 30, 2015 12:11 AM IST
തിരുവനന്തപുരം: അരുവിക്കര നിയമസഭാ ഉപതെരഞ്ഞെടുപ്പു ഫലം യുഡിഎഫ് സര്‍ക്കാരിന്റെ കഴിഞ്ഞ നാലു വര്‍ഷത്തെ ഭരണത്തിന്റെ വിലയിരുത്തലാകുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ബജറ്റ് ധനാഭ്യര്‍ഥന ചര്‍ച്ചയ്ക്കുള്ള മറുപടി പ്രസംഗത്തിലാണ് മുഖ്യമന്ത്രിയുടെ അഭിപ്രായ പ്രകടനം. നാലുവര്‍ഷം ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസം കൈക്കൊണ്ടാണു സര്‍ക്കാര്‍ പ്രവര്‍ത്തിച്ചത്. സര്‍ക്കാരിന്റെ സാന്നിധ്യം ജനങ്ങള്‍ എവിടെ എല്ലാം ആഗ്രഹിച്ചോ അവിടെല്ലാം എത്താന്‍ സര്‍ക്കാരിനു സാധിച്ചു.

ആറ് സംസ്ഥാനങ്ങളെ ബാധിക്കുന്ന കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്‍മേല്‍ കൃത്യമായ പഠനം നടത്തി കേന്ദ്രത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതു കേരളം മാത്രമാണ്. ഇറാക്ക്, ലിബിയ, യമന്‍ എന്നിവിടങ്ങളില്‍ മലയാളികള്‍ക്കു ദുരിതം നേരിട്ടപ്പോള്‍ അവിടെയെത്തി അവര്‍ക്ക് സഹായം നല്കാന്‍ സാധിച്ചു. രണ്ടു മലയാളി മത്സ്യത്തൊഴിലാളികളെ ഇറ്റാലിയന്‍ നാവികര്‍ വെടിവെച്ചുകൊന്ന സംഭവത്തില്‍ നാവികര്‍ക്കെതിരേ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരിനായി. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരില്‍ ശക്തമായ സമ്മര്‍ദം ചെലുത്താനും സംസ്ഥാന സര്‍ക്കാരിനു സാധിച്ചു. സംസ്ഥാനത്തെ ജനങ്ങള്‍ ആഗ്രഹിക്കുന്നതുപോലെ പ്രവര്‍ത്തിക്കാന്‍ സാധിച്ചുവെന്നതാണ് ഏറെ ശ്രദ്ധേയമായ കാര്യം.

25 വര്‍ഷങ്ങള്‍ക്കുശേഷമാണ് ഇത്രയധികം വന്‍കിട പദ്ധതികള്‍ സംസ്ഥാനത്തു നടപ്പാക്കുന്നത്. കൊച്ചി മെട്രോ റെയില്‍, കണ്ണൂര്‍ വിമാനത്താവളം, സ്മാര്‍ട് സിറ്റി ഇവയുടെ നിര്‍മാണം അന്തിമഘട്ടത്തിലാണ്. എത്ര പ്രതിബന്ധങ്ങള്‍ തരണം ചെയ്താണെങ്കിലും വിഴിഞ്ഞം പദ്ധതി യുഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കും. യുഡിഎഫ് സര്‍ക്കാരിന്റെ കാരുണ്യ പദ്ധതി ലോകത്തിനു തന്നെ മാതൃകയാണ്. ധനാഭ്യര്‍ഥനയില്‍മേലുള്ള ചര്‍ച്ചയില്‍ പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ സര്‍ക്കാര്‍ സഹിഷ്ണുതയോടെയാണു കേട്ടിരുന്നത്. എന്നാല്‍, സര്‍ക്കാരിന്റെ മറുപടി കേള്‍ക്കാന്‍ പോലുമുള്ള സഹിഷ്ണുത പ്രതിപക്ഷത്തിനില്ല.


വി.എസ്. അച്യുതാനന്ദന്റെ പരാമര്‍ശങ്ങള്‍ക്കു മറുപടി പറയാന്‍ താത്പര്യമില്ല. എ.കെ. ആന്റണിയെപ്പോലും ആക്ഷേപിക്കുകയാണു പ്രതിപക്ഷ നേതാവ്. ബാര്‍ കോഴ കേസില്‍ കെ.എം. മാണിക്കെതിരേ ആരെങ്കിലും മൊഴികൊടുത്തിട്ടുണ്െടങ്കില്‍ അതു പ്രതിപക്ഷം അന്വേഷകസംഘത്തിനു മുന്നില്‍ ഹാജരാക്കണമായിരുന്നു. യുഡിഎഫിനെതിരേ ഇടതുപക്ഷം നടത്തിയ രാഷ്ട്രീയ പ്രചാരണങ്ങള്‍ക്കെല്ലാം തിരിച്ചടി നേരിട്ടു. ആരോപണം ഉന്നയിച്ചാല്‍ അത് അഴിമതി ആവില്ല. അഴിമതി ആകണമെങ്കില്‍ അതിന് അടിസ്ഥാനം ഉണ്ടാകണം. ബാര്‍ കോഴ കേസില്‍ ഇപ്പോള്‍ പ്രതിപക്ഷത്തിന്റെ പ്രതികരണം രാഷ്ട്രീയ നിരാശയുടെ ഫലമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ബാര്‍ ഇടപാടില്‍ കൈക്കൂലി വാങ്ങിയ കെ.എം. മാണി ധനാഭ്യര്‍ഥന നടത്തുന്നതില്‍ ലജ്ജ തോന്നുന്നതായി ചര്‍ച്ചയില്‍ പങ്കെടുത്ത പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞു. മുഖ്യമന്ത്രിയും മന്ത്രിമാരും കള്ളത്തരങ്ങള്‍ മറച്ചുവയ്ക്കാനുള്ള ശ്രമമാണു നടത്തുന്നത്. അഴിമതി, വെട്ടിപ്പ്, തട്ടിപ്പ് ഇവയെല്ലാമാണു സര്‍ക്കാരിന്റെ മുഖമുദ്ര. സരിതാ നായരുടെ പുസ്തകത്തിലെ പറ്റുപടിക്കാരുടെ ലിസ്റില്‍ നാലാം സ്ഥാനക്കാരനാണു വിഷ്ണുനാഥ് എംഎല്‍എ. യുഡിഎഫിന്റെ നുണപ്രചാരണ സെല്ലിന്റെ കമാന്‍ഡറാണു വിഷ്ണുനാഥ്.

മന്ത്രിമാര്‍ സ്വന്തം പള്ളയും കീശയും വീര്‍പ്പിക്കാനുള്ള ശ്രമമാണു നടത്തുന്നത്. സര്‍ക്കാരിന്റെ കരുതലും വികസനവും മുഖ്യമന്ത്രി, ധനകാര്യമന്ത്രി, എക്സൈസ് മന്ത്രി എന്നിവര്‍ക്കാണുള്ളതെന്നും പ്രതിപക്ഷനേതാവ് ആരോപിച്ചു. പ്രതിപക്ഷ നേതാവിന്റെ പ്രസംഗത്തിനുശേഷം മുഖ്യമന്ത്രിയുടെ മറുപടി ബഹിഷ്കരിച്ചുകൊണ്ടു പ്രതിപക്ഷം സഭവിട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.