പുഴമണല്‍ ഖനനം: അനുമതിക്കെതിരേ ഹര്‍ജി
Tuesday, June 30, 2015 12:26 AM IST
കൊച്ചി: സുപ്രീംകോടതി ഉത്തരവിനു വിരുദ്ധമായി സംസ്ഥാനത്ത് പുഴമണല്‍ ഖനനത്തിനു അനുമതി നല്‍കിയെന്നാരോപിച്ച് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. എറണാകുളം സ്വദേശിനിയായ എസ്. ഇന്ദുവാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

സംസ്ഥാനത്ത് പമ്പ, കടലുണ്ടി, ചാലിയാര്‍, പെരിയാര്‍, ഇത്തിക്കര എന്നീ പുഴകളില്‍ നിന്നു മണല്‍ വാരുന്നതിനു അനുമതി നല്‍കി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് നല്‍കിയിരിക്കുകയാണെന്നും നടപടി നിയമവിരുദ്ധമാണെന്നും ഹര്‍ജി പറയുന്നു. സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പുഴകളിലെ മണല്‍ഖനനവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ നിര്‍ദേശം നല്‍കിയിരുന്നുവെന്നു ഹര്‍ജി ചൂണ്ടിക്കാട്ടുന്നു. പുഴയിലെ ഏതൊക്കെ ഭാഗങ്ങളില്‍ നിന്നു മണല്‍ വാരാനാവും, എത്ര അളവില്‍ വാരാനാവും തുടങ്ങിയ കാര്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ നിര്‍ദേശങ്ങള്‍ പാലിക്കാതെയാണ് സര്‍ക്കാര്‍ ഉത്തരവെന്നും ഇതു റദ്ദാക്കണമെന്നും ഹര്‍ജി ആവശ്യപ്പെടുന്നു. ഹര്‍ജി കോടതി ഇന്നു പരിഗണിച്ചേക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.