ചങ്ങനാശേരിയില്‍ കാര്‍മല്‍ മ്യൂസിയവും മാര്‍ ലവീഞ്ഞ് ആര്‍ട്ട്ഗാലറിയും ഇന്നു തുറക്കും
ചങ്ങനാശേരിയില്‍ കാര്‍മല്‍ മ്യൂസിയവും  മാര്‍ ലവീഞ്ഞ് ആര്‍ട്ട്ഗാലറിയും ഇന്നു തുറക്കും
Tuesday, June 30, 2015 12:22 AM IST
ചങ്ങനാശേരി: ചരിത്ര വിസ്മയങ്ങളുടെ നേര്‍ക്കാഴ്ചകളൊരുക്കി കാര്‍മല്‍ മ്യൂസിയവും മാര്‍ ചാള്‍സ് ലവീഞ്ഞ് മെമ്മോറിയല്‍ ആര്‍ട്ട് ഗാലറിയും ഇന്നു തുറക്കും.

സിഎംസി ഹോളിക്യൂന്‍സ് പ്രൊവിന്‍സിലെ ആദ്യമഠവും ചങ്ങനാശേരി വികാരിയാത്തിന്റെ വികാരി അപ്പസ്തോലിക്ക മാര്‍ ചാള്‍സ് ലവീഞ്ഞിന്റെ മെത്രാസന മന്ദിരവും സ്ഥിതി ചെയ്യുന്ന മൌണ്ട് കാര്‍മല്‍ കോണ്‍വന്റിനോടനുബന്ധിച്ചാണു മ്യൂസിയം തുറക്കുന്നത്. 1866ല്‍ സ്ഥാപിതമായ സിഎംസി സന്യാസിനി സമൂഹത്തിന്റെ ശതോത്തര സുവര്‍ണ ജൂബിലി സ്മാരകമായാണ് ചങ്ങനാശേരി സെന്റ് ജോസഫ്സ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളങ്കണത്തില്‍ മ്യൂസിയവും ഗാലറിയും സജ്ജമാക്കിയത്.

മ്യൂസിയത്തിന്റെയും ഗാലറിയുടെയും ആശീര്‍വാദവും ഉദ്ഘാടനവും ഇന്ന് രാവിലെ എട്ടിന് ചങ്ങനാശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം നിര്‍വഹിക്കും.

കര്‍മലീത്ത സഭയുടെ ഉത്ഭവം, വളര്‍ച്ച, പാരമ്പര്യം, ഭാരതത്തിലേയും വിദേശ രാജ്യങ്ങളിലേയും ആതുര, വിദ്യാഭ്യാസ, സാമൂഹിക, വിശ്വാസ പ്രഘോഷണ പ്രവര്‍ത്തനങ്ങള്‍, ചങ്ങനാശേരിയിലെ കര്‍മല ഘടകത്തിന്റെ പ്രവര്‍ത്തനങ്ങള്‍ എന്നിവ സംബന്ധിച്ച ചിത്രീകരണങ്ങള്‍ തുടങ്ങിയവ മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

വിശുദ്ധ ചാവറയച്ചന്റെയും വിശുദ്ധ എവുപ്രാസ്യാമ്മയുടെയും വിശുദ്ധ പദവി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് റോമിലും രാജഗിരി, മാന്നാനം, ഒല്ലൂര്‍, കൈനകരി തുടങ്ങിയ സ്ഥലങ്ങളിലും നടന്ന ആഘോഷങ്ങളുടെ ചിത്രങ്ങള്‍, ഇരുവരുടെയും കര്‍മരംഗങ്ങള്‍, ജീവിത രേഖകള്‍, കൈയെഴുത്തുകള്‍, ആധ്യാത്മിക രചനകളും മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.


മാര്‍ ചാള്‍സ് ലവീഞ്ഞിന്റെ ആസ്ഥാനം ചങ്ങനാശേരിയിലേക്ക് മാറ്റിയപ്പോള്‍ അദ്ദേഹം താമസിച്ച ഈ കോണ്‍വന്റിലെ മൂന്നാം നിലയാണ് ആര്‍ട്ട്ഗാലറി ക്രമീകരിച്ചിരിക്കുന്നത്. മാര്‍ ലവീഞ്ഞ് ഉപയോഗിച്ച മേശ, കസേര എന്നിവ ഇവിടെ ഭദ്രമായി സൂക്ഷിച്ചിട്ടുണ്ട്. മാര്‍ ലവീഞ്ഞിനൊപ്പം കേരളത്തിലെത്തിയ ഫാ.ബൊന്നന്‍ 1894ല്‍ വരച്ച കാവല്‍ മാലാഖ ബാലനെ സംരക്ഷിക്കുന്ന ഓയില്‍ പെയിന്റിംഗും ഗാലറിയിലെ മനോഹര കാഴ്ചയാണ്.

ചങ്ങനാശേരി അതിരൂപതയെ നയിച്ച ബിഷപ് മാര്‍ ചാള്‍സ് ലവീഞ്ഞ്, മാര്‍ മാത്യു മാക്കില്‍, മാര്‍ തോമസ് കുര്യാളശേരി, മാര്‍ ജയിംസ് കാളാശേരി, മാര്‍ മാത്യു കാവുകാട്ട്, മാര്‍ ആന്റണി പടിയറ, മാര്‍ ജോസഫ് പവ്വത്തില്‍ എന്നിവരുടെയും ഇപ്പോഴത്തെ ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടത്തിന്റെയും ചിത്രങ്ങളും ഗാലറിയില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.