വൈദികവിദ്യാര്‍ഥി വെള്ളക്കെട്ടില്‍ മുങ്ങിമരിച്ചു
Tuesday, June 30, 2015 12:21 AM IST
കോട്ടയം: പാടത്തെ വെള്ളക്കെട്ടില്‍ സുഹൃത്തുകള്‍ക്കൊപ്പം കുളിക്കാനിറങ്ങിയ വൈദികവിദ്യാര്‍ഥി മുങ്ങിമരിച്ചു. കോട്ടയം അതിരൂപതയുടെ എസ്എച്ച് മൌണ്ട് വല്ലം ബ്രോസന്‍ ബനഡിക്ടന്‍ മൈനര്‍ സെമിനാരിയിലെ (കാര്‍ലോസ് ദയറ) വിദ്യാര്‍ഥി കണ്ണൂര്‍ ചമതച്ചാല്‍ മൂരിക്കുന്നേല്‍ ജോണിന്റെ മകന്‍ ഗ്രേയ്സണ്‍ (17) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം ആറിനു കോട്ടയം കരിയംപാടത്തായിരുന്നു അപകടം.

മറ്റു വൈദികവിദ്യാര്‍ഥികള്‍ക്കൊപ്പം പാടത്തെ വെള്ളക്കെട്ടില്‍ നീന്തുന്നതിനിടയില്‍ കൈകുഴഞ്ഞു മുങ്ങിത്താഴുകയായിരുന്നു. മറ്റുള്ള വിദ്യാര്‍ഥികള്‍ ചേര്‍ന്നു രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. വിദ്യാര്‍ഥികളുടെ നിലവിളി കേട്ടു സമീപവാസികളും സെമിനാരി അധികൃതരും എത്തിയെങ്കിലും ഗ്രേയ്സണെ കണ്െടത്താനായില്ല. കോട്ടയം ഫയര്‍ഫോഴ്സ് എത്തി നടത്തിയ തെരച്ചില്‍ മൃതദേഹം കണ്െടത്തുകയായിരുന്നു. തരിശായി കിടന്ന പാടത്ത് കാലവര്‍ഷം ശക്തമായത്തിനാല്‍ പത്ത് അടിയിലേറെ ഉയരത്തില്‍ വെള്ളമുണ്ടായിരുന്നു. ഇതിനടിയില്‍ പുല്ലു നിറഞ്ഞു നില്‍ക്കുകയായിരുന്നു. നീന്തല്‍ വശമുണ്ടായിരുന്ന ഗ്രേയ്സണ്‍ നീന്തിവരുന്നതിനിടെ കൈകുഴഞ്ഞ് പുല്‍ക്കെട്ടില്‍ അകപ്പെടുകയായിരുന്നുവെന്നു സംശയിക്കുന്നതായി ഫയര്‍ഫോഴ്സ് പറഞ്ഞു. കഴിഞ്ഞ ഒരു വര്‍ഷമായി കടുത്തുരുത്തിയിലെ സെന്റ് മേരീസ് മോണാസ്ട്രിയില്‍ കഴിഞ്ഞിരുന്ന ഗ്രേയ്സണ്‍ മേയ് മാസത്തിലാണു പ്ളസ്വണ്‍ പഠനത്തിനായി കോട്ടയത്തെ സെമിനാരിയില്‍ എത്തിയത്. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍. ഗാന്ധിനഗര്‍ പോലീസ് മേല്‍നടപടി സ്വീകരിച്ചു.


പോസ്റ്മോര്‍ട്ടത്തിനുശേഷം മൃതദേഹം ഇന്നു സെമിനാരിയില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. പിന്നീട് കണ്ണൂരിലുള്ള വസതിയിലേക്ക് കൊണ്ടുപോകും. മാതാവ് വല്‍സ. സഹോദരങ്ങള്‍: നെല്‍സണ്‍ (ബഹറിന്‍), നൊബിള്‍ (വൈദികവിദ്യാര്‍ഥി).
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.