സോളാര്‍: ജുഡീഷല്‍ കമ്മീഷനുള്ളതിനാല്‍ പാര്‍ട്ടി അന്വേഷിച്ചില്ലെന്നു സുധീരന്‍
സോളാര്‍: ജുഡീഷല്‍ കമ്മീഷനുള്ളതിനാല്‍ പാര്‍ട്ടി അന്വേഷിച്ചില്ലെന്നു സുധീരന്‍
Tuesday, June 30, 2015 12:17 AM IST
സ്വന്തം ലേഖകന്‍

കൊച്ചി: സോളാര്‍ ഇടപാടില്‍ സര്‍ക്കാര്‍ സമഗ്ര അന്വേഷണത്തിനായി ജുഡീഷല്‍ കമ്മീഷനെ നിയോഗിച്ച സാഹചര്യത്തിലാ ണു കെപിസിസി അധ്യക്ഷനായി ചുമതലയേറ്റശേഷം പാര്‍ട്ടി തലത്തില്‍ മറ്റൊരു അന്വേഷണത്തിനു മുതിരാതിരുന്നതെന്നു വി.എം. സുധീരന്‍ സോളാര്‍ തട്ടിപ്പ് അന്വേഷിക്കുന്ന ജസ്റീസ് ജി. ശിവരാജന്‍ കമ്മീഷനു മൊഴി നല്‍കി.

സോളാറുമായി ബന്ധപ്പെട്ട് ഉയര്‍ന്നിരിക്കുന്നതു ഗൌരവമുള്ള വിഷയമാണെന്നു സുധീരന്‍ പറ ഞ്ഞു.തട്ടിപ്പ് ആരു നടത്തിയാലും അവരുടെ മേല്‍ നടപടി സ്വീകരിക്കണം.

സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് 2013 ജൂണ്‍ 12 മുതല്‍ ജൂലൈ ഒമ്പതുവരെ നിയമസഭയ്ക്കകത്ത് എംഎല്‍എമാര്‍ ഉന്നയിച്ച ആരോപണങ്ങളെക്കുറിച്ച് തനിക്കു നേരിട്ട് അറിവില്ല. ഇതുസംബന്ധിച്ച നിയമസഭാ രേഖകള്‍ കണ്ടിട്ടില്ല. സോളാര്‍ ആരോപണങ്ങള്‍ സംബന്ധിച്ച കാര്യങ്ങള്‍ അറിയാന്‍ എന്നെങ്കിലും നിയമസഭാരേഖകള്‍ പരിശോധിച്ചിട്ടുണ്േടാ എന്ന ചോദ്യത്തിനും ഇല്ലെന്നായിരുന്നു മറുപടി.

കെപിസിസി പ്രസിഡന്റാകുന്നതിനു മുമ്പ് പാര്‍ട്ടി-സര്‍ക്കാര്‍ ഏകോപനത്തിനുള്ള സമിതിയില്‍ അംഗമായിരുന്നു. സോളാര്‍ പ്രശ്നം ആ സമിതി ചര്‍ച്ച ചെയ്തപ്പോള്‍ ഗൌരവമുള്ള കാര്യമാണെന്നും ജുഡീഷല്‍ അന്വേഷണം നടത്തണമെന്നുമുള്ള നിലപാട് സ്വീകരിക്കുകയും ചെയ്തു. സമിതി അക്കാര്യം അംഗീകരിച്ചു. താന്‍ കെപിസിസി അധ്യക്ഷസ്ഥാനത്തേക്കു വരുന്നതിനു മുമ്പുതന്നെ സര്‍ക്കാര്‍ കമ്മീഷനെ നിയോഗിക്കുകയും ഇടപാടുമായി ബന്ധപ്പെട്ട പരാതികള്‍ അന്വേഷിക്കുന്നതിനു പ്രത്യേക സംഘത്തെ രൂപീകരിക്കുകയും ചെ യ്തു. സാധാരണ രീതിയില്‍ സര്‍ക്കാര്‍ സ്വീകരിക്കേണ്ട എല്ലാ നട പടികളും കൈക്കൊണ്ടതായിട്ടാണു കരുതുന്നത്. അതുകൊണ്ടുതന്നെ താന്‍ അധ്യക്ഷ സ്ഥാനത്തേക്കു വന്നതിനുശേഷം പാര്‍ട്ടി തലത്തില്‍ മറ്റൊരു അന്വേഷണത്തിനു മുതിര്‍ന്നില്ല. അങ്ങനെ ചെയ്താല്‍ സമാന്തരമായ അന്വേഷണം നടത്തുന്നതായി വരും. കമ്മീഷന്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കും എന്ന ഉത്തമ വിശ്വാസമാണുള്ളത്. കമ്മീഷന്റെ കണ്െടത്തലിനായി കാത്തിരിക്കുകയാണ്. സംഘടനാ തലത്തില്‍ കൈക്കൊള്ളേണ്ട നടപടികള്‍ സംബന്ധിച്ച് അപ്പോള്‍ ആലോചിക്കുമെന്നും വി.എം. സുധീരന്‍ പറഞ്ഞു.

സോളാര്‍ പ്രത്യേക അന്വേഷണസംഘത്തിന്റെ തലവനായിരുന്ന എഡിജിപി എ. ഹേമചന്ദ്രന്‍ സത്യസന്ധനായ ഉദ്യോഗസ്ഥനാണ്. എ.പി. അബ്ദുള്ളക്കുട്ടി എംഎല്‍എ മാനഭംഗപ്പെടുത്തിയെന്ന സരിതയുടെ പരാതിയില്‍ പോലീസ് കേസ് രജിസ്റര്‍ ചെയ്തതിനെക്കുറിച്ച് മാധ്യമങ്ങളില്‍ കൂടി അറിഞ്ഞതേയുള്ളൂ. ഇതുസംബന്ധിച്ചു രേഖാമൂലം പരാതി കിട്ടാത്തതിനാലാണ് പാര്‍ട്ടിതലത്തില്‍ അന്വേഷണം നടത്താത്തത്. ആരോപണം ആര്‍ക്കും ആര്‍ക്കെതിരേയും ഉന്നയിക്കാം. മുഖ്യമന്ത്രിക്ക് സോളാര്‍ കേസിലെ പ്രതികളുമായി അടുത്ത ബന്ധമുണ്െടന്നു കാണിച്ച് സര്‍ക്കാര്‍ ചീഫ്വിപ്പായിരുന്ന പി.സി. ജോര്‍ജ്, എഐസിസി പ്രസിഡന്റ് സോണിയഗാന്ധിക്ക് കത്തയച്ചതിനെക്കുറിച്ച് തനിക്ക് ഒരു വിവരവുമില്ല.


മന്ത്രിമാര്‍ പേഴ്സണല്‍ സ്റാഫിനെ നിയമിക്കുന്നത് സ്വന്തം നിലയില്‍ അവരുടെ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ്. എന്തെങ്കിലും പരാതികള്‍ വന്നാല്‍ അവരെ മാറ്റുകയും ചെയ്തിട്ടുണ്ട്. ടെനി ജോപ്പനെ മുഖ്യമന്ത്രിയുടെ ഓഫീസില്‍വച്ചു കണ്ടിട്ടുണ്ട്. അയാളുടെ പൂര്‍വചരിത്രം അറിയില്ല. ടെനി ജോപ്പനെ ക്രിമിനല്‍ കേസില്‍ അറസ്റ് ചെയ്തതായി അറിയാം. എന്നാല്‍, കേസ് എന്തായെന്ന് അറിയില്ല. സരിത നായര്‍ ടെലിഫോണില്‍ ഉന്നതരുമായി ബന്ധപ്പെട്ടിരുന്ന കാര്യം മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നതു ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും കമ്മീഷനെ വി.എം. സുധീരന്‍ അറിയിച്ചു.

സുധീരനില്‍നിന്നു മൊഴി എടുക്കുന്നതിനു മുമ്പായി സോളാര്‍ വിവാദത്തിന്റെ പശ്ചാത്തലവും കമ്മീഷന്റെ പ്രവര്‍ത്തനരീതികളും പരിശോധിക്കുന്ന കാര്യങ്ങളും ജസ്റീസ് ശിവരാജന്‍ വിശദീകരിച്ചു. താങ്കളെപ്പോലെ ശ്ളാഘനീയമായ പൊതുപ്രവര്‍ത്തന പശ്ചാത്തലമുള്ളയാള്‍ കമ്മീഷന്റെ മുന്നില്‍ ഹാജരാകണമെന്നറിയിച്ചു നല്‍കിയ കത്തിനു നല്‍കിയ മറുപടിയില്‍ വിഷമം ഉണ്ടായതായി ജസ്റീസ് ശിവരാജന്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്ന് ഏതു സാഹചര്യത്തിലാണ് തനിക്ക് സാക്ഷി പട്ടികയില്‍നിന്നു മാറ്റണമെന്നു അഭ്യര്‍ഥിച്ചു കത്തെഴുതേണ്ടി വന്നതെന്നു സുധീരന്‍ വിശദമാക്കി. മാധ്യമങ്ങളില്‍ വാര്‍ത്തയാക്കാന്‍ ചില അഭിഭാഷകര്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ കമ്മീഷന്‍ അനുവദിക്കരുതെന്നും സുധീരന്‍ അഭ്യര്‍ഥിച്ചു.

രാവിലെ 11നു തുടങ്ങിയ മൊഴിയെടുക്കല്‍ ഇന്നലെ പൂര്‍ത്തിയായില്ല. ഒരു മണിവരെ നീണ്ട സിറ്റിംഗ് സുധീരന് അടിയന്തരമായി മടങ്ങേണ്ടതുണ്െടന്ന അഭ്യര്‍ഥനയെത്തുടര്‍ന്നു മറ്റൊരു ദിവസത്തേക്കു മാറ്റി. തീയതി പിന്നീടു തീരുമാനിക്കും.

സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി സജി ചെറിയാന്റെ മൊഴിയും കമ്മീഷന്‍ ഇന്നലെ രേഖപ്പെടുത്തി. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് 35 ലക്ഷം രൂപയും വൈദ്യുതിമന്ത്രി ആര്യാടന്‍ മുഹമ്മദിന് 30 ലക്ഷവും നല്‍കിയതായി സരിത എസ്. നായര്‍ തന്നോടു പറഞ്ഞെന്ന് സജി ചെറിയാന്‍ കമ്മീഷനെ അറിയിച്ചു. മന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍, മറ്റു പ്രമുഖര്‍ എന്നിവര്‍ തന്നെ ദുരുപയോഗം ചെയ്തതാ യും സരിത പറഞ്ഞു. മന്ത്രി എ.പി. അനില്‍കുമാറാണ് അതിലൊരാള്‍. പലരുടെയും കുടുംബജീവിതത്തെ സാരമായി ബാധിക്കുമെന്നതിനാല്‍ മറ്റുള്ളവരുടെ പേരുകള്‍ താന്‍ കമ്മീഷനെ രഹസ്യമായി ബോധിപ്പിക്കാമെന്നും സജി ചെറിയാന്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.