ചമ്പക്കുളം മൂലം വള്ളംകളി നാളെ; സാംസ്കാരിക ഘോഷയാത്ര ഇന്ന്
ചമ്പക്കുളം മൂലം വള്ളംകളി നാളെ; സാംസ്കാരിക ഘോഷയാത്ര ഇന്ന്
Tuesday, June 30, 2015 12:15 AM IST
ആലപ്പുഴ: വള്ളംകളി മത്സരങ്ങള്‍ക്കു തുടക്കം കുറിച്ചു ചമ്പക്കുളത്താറ്റില്‍ നാളെ മൂലം ജലോത്സവം. അഞ്ചു ചുണ്ടന്‍വള്ളങ്ങളുള്‍പ്പടെ 19 കളിവള്ളങ്ങളാണ് ഇത്തവണ ജലോത്സവത്തില്‍ തുഴയെറിയുന്നത്. ഇന്ന് ഉച്ചകഴിഞ്ഞു രണ്ടിനു സാംസ്കാരിക ഘോഷയാത്ര. പോരൂക്കര സെന്‍ട്രല്‍ സ്കൂളില്‍നിന്ന് ആരംഭിക്കുന്ന ഘോഷയാത്ര ആലപ്പുഴ സബ് കളക്ടര്‍ ഡി. ബാലമുരളി ഫ്ളാഗ് ഓഫ് ചെയ്യും.

നിശ്ചലദൃശ്യങ്ങള്‍, അമ്മന്‍കുടം, ശിങ്കാരിമേളം, കുടുംബശ്രീ പ്രവര്‍ത്തകര്‍, കുട്ടനാട്ടിലെ വിവിധ സ്കൂളുകളില്‍നിന്നുള്ള 800 കുട്ടികള്‍ എന്നിവര്‍ അണിനിരക്കുന്ന ഘോഷയാത്ര ചമ്പക്കുളം ബസ്സ്റാന്‍ഡില്‍ സമാപിക്കും. നാളെ രാവിലെ 11.30ന് മഠത്തില്‍ ക്ഷേത്രത്തിലും മാപ്പിളശേരി തറവാട്ടിലും കല്ലൂര്‍കാട് ഫൊറോന പള്ളിയിലും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അധികാരികള്‍ നടത്തുന്ന ആചാരാനുഷ്ഠാനങ്ങളോടെയാണ് ജലോത്സവത്തിനു തുടക്കം കുറിക്കുക. ഉച്ചകഴിഞ്ഞ് 1.30ന് കളക്ടര്‍ എന്‍. പദ്മകുമാര്‍ പതാകയുയര്‍ത്തും. ടൂറിസം മന്ത്രി എ.പി. അനില്‍കുമാര്‍ ജലോത്സവം ഉദ്ഘാടനം ചെയ്യും.

തോമസ് ചാണ്ടി എംഎല്‍എ അധ്യക്ഷത വഹിക്കും. എഡിഎം ടി.ആര്‍. ആസാദ്, തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികള്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. ഉച്ചകഴിഞ്ഞു മൂന്നു മുതല്‍ ചുണ്ടന്‍വള്ളങ്ങളുടെ ഹീറ്റ്സോടെയാണ് പ്രാഥമിക മത്സരങ്ങള്‍ ആരംഭിക്കുക. തുടര്‍ന്ന് വെപ്പ്, ഓടി, ചുരുളന്‍ വള്ളങ്ങളുടെ പ്രദര്‍ശന മത്സരം നടക്കും. 3.50നു നടക്കുന്ന സാംസ്കാരിക സമ്മേളനം കൊടിക്കുന്നില്‍ സുരേഷ് എംപി ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് യു. പ്രതിഭാഹരി അധ്യക്ഷത വഹിക്കും. 4.10 മുതല്‍ ചുരുളന്‍, ഓടി ബി ഗ്രേഡ്, വെപ്പ് ബി ഗ്രേഡ്, വെപ്പ് എ ഗ്രേഡ്, ചുണ്ടന്‍ ലൂസേഴ്സ് ഫൈനല്‍ എന്നിവ നടക്കും. 4.48നാണ് രാജപ്രമുഖന്‍ ട്രോഫിക്കുവേണ്ടിയുള്ള ഫൈനല്‍ മത്സരം. വിജയികള്‍ക്കു കായികമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യും.


പത്രസമ്മേളനത്തില്‍ ആലപ്പുഴ സബ് കളക്ടര്‍ ഡി. ബാലമുരളി, ജില്ലാ പഞ്ചായത്തംഗം ജേക്കബ് ഏബ്രഹാം, കുട്ടനാട് തഹസില്‍ദാര്‍ പി. വി. സജീവ്, കെ. മോഹന്‍ലാല്‍, എ.വി. മുരളി, പ്രസാദ് രാമങ്കരി എന്നിവര്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.